സി പി എമ്മിനെ നയിക്കുന്നത് സംഘപരിവാര്‍ യുക്തി; സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി കെ കെ രമ

കോഴിക്കോട്: കെ റെയില്‍ പദ്ധതിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും പിന്തുണയുമായി കെ കെ രമ എംഎല്‍എ. കെ-റെയിൽ പദ്ധതിയെ എതിർക്കുന്നവരെ വ്യക്തിപരമായി തെരഞ്ഞു പിടിച്ച്, അപവാദങ്ങൾ പ്രചരിപ്പിച്ച് ഒറ്റപ്പെടുത്തി ആക്രമിക്കുകയും ആത്മവിശ്വാസം തകർക്കുകയും ചെയ്യുകയാണ് സിപിഎം സൈബർ സംഘങ്ങൾ ചെയ്യുന്നതെന്ന് കെ കെ രമ പറഞ്ഞു. 'ജനാധിപത്യപരമായ ചോദ്യത്തിനു മുന്നിൽ മറുപടിയില്ലാതെ നിൽക്കുന്നതിന്റെ ജാള്യം മറച്ചുവെക്കാനാണ് ഈ കടന്നാക്രമണങ്ങളെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാം. കമ്പ്യൂട്ടർവൽക്കരണത്തെ എതിർത്ത കമ്മ്യൂണിസ്റ്റുകാർ കമ്പ്യൂട്ടർ ഉപയോഗിക്കാമോ ? തുടങ്ങിയ വാദങ്ങളുമായി വലതുപക്ഷം നാളിതുവരെ കമ്മ്യൂണിസ്റ്റുകാരെ അപഹസിക്കാൻ ഉപയോഗിച്ച അതേ മാർഗ്ഗവും രീതിയുമാണ് കാരശ്ശേരി മാഷ് ട്രെയിനിൽ കയറാമോ എന്ന തങ്ങളുടെ  പോസ്റ്ററൊട്ടിപ്പിലും ഉള്ളതെന്ന് ഇവരോർക്കുന്നില്ല'- കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു. 

കെ കെ രമയുടെ കുറിപ്പ്

ഒരു പാർട്ടി സംവിധാനമാകെ നാളിതു വരെ കണ്ടിട്ടില്ലാത്തത്രയും അക്രമോത്സുകതമായ സൈബർ അവഹേളനത്തിന് നേതൃത്വം നൽകുന്ന കാഴ്ചയ്ക്കാണ് കുറച്ച് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്.  കെ-റെയിൽ പദ്ധതിയെ എതിർക്കുന്നവരെ വ്യക്തിപരമായി തെരഞ്ഞു പിടിച്ച്, അപവാദങ്ങൾ പ്രചരിപ്പിച്ച് ഒറ്റപ്പെടുത്തി ആക്രമിക്കുകയും ആത്മവിശ്വാസം തകർക്കുകയും ചെയ്യുകയാണ് സിപിഎം സൈബർ സംഘങ്ങൾ. കവി റഫീഖ്  അഹമ്മദും, എം.എൻ.കാരശ്ശേരിയും, സി.ആർ നീലകണ്ഠനുമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇത്തരം ആക്രമണങ്ങൾക്ക് വിധേയരായത്. ഡോ.ആസാദ് അടക്കമുള്ള പലരും നേരത്തേ പല വിഷയങ്ങളിലും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 

സങ്കല്പിക്കാനാവാത്ത പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്തി, കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതത്വം തകർത്ത്, കേരളത്തിന് താങ്ങാനാവാത്തത്രയും കടം വരുത്തി വച്ച്, വലിയ രൂപത്തിൽ ഇരകളെ സൃഷ്ടിച്ചു കൊണ്ട് നടപ്പാക്കാൻ പോവുന്ന പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം എതിർപ്പുമായി രംഗത്തുണ്ട്. ഇതിനു പിന്നിലെ താല്പര്യങ്ങളെന്ത്? എന്ന ജനാധിപത്യപരമായ ചോദ്യത്തിനു മുന്നിൽ മറുപടിയില്ലാതെ നിൽക്കുന്നതിന്റെ ജാള്യം മറച്ചുവെക്കാനാണ് ഈ കടന്നാക്രമണങ്ങളെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാം. 

പരിസ്ഥിതിയെപ്പറ്റി പറയുന്നവർ വാഹനങ്ങളിലും വിമാനത്തിലും കയറിക്കൂടെന്നും വിദേശ യാത്ര നടത്തിക്കൂടെന്നും വീടുണ്ടാക്കിക്കൂടെന്നുമൊക്കെയുള്ള ബാലിശമായ വാദം സൃഷ്ടിക്കുകയും അതിനെ ഒരു സിദ്ധാന്തമാക്കി വച്ച് പദ്ധതിയെ എതിർക്കുന്നവരെ ഞങ്ങൾ ഓഡിറ്റ് ചെയ്തു കളയും എന്നാണ് സിപിഎം സൈബർ സംഘങ്ങൾ പറയുന്നത്. 

പരിസ്ഥിതിപഠനം ഒരു ആധുനിക ശാസ്ത്രശാഖയാണെന്നും, സുസ്ഥിരവും പുനരുല്പാദന സ്വഭാവമുള്ളതും പരമാവധി പ്രകൃത്യാഘാതം കുറച്ചുള്ളതുമായ പദ്ധതികളിലൂടെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചു കൊണ്ടുളള സാമൂഹ്യ പുരോഗതി ഉറപ്പുവരുത്തുക എന്നതാണ് അതിന്റെ താല്പര്യമെന്നും ഇവർക്കറിയില്ലേ? അങ്ങനെ വരുമ്പോൾ പ്രാകൃത യുഗത്തിലേക്കുള്ള തിരിച്ചു പോക്കല്ല, ഏറ്റവും അത്യാധുനിക യുഗത്തിലേക്കുളള കുതിപ്പാണ് പരിസ്ഥിതി പഠനം ഉറപ്പു വരുത്തുന്നത്. മാർക്സിസവും പരിസ്ഥിതിവാദവും പരസ്പര വിരുദ്ധമായ ആശയഗതികളുമല്ല. 

കേരളത്തേക്കാൾ ജനസാന്ദ്രത കുറഞ്ഞ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന പദ്ധതികൾ പലതിനോടും അതാതിടത്തെ സിപിഎം ഘടകങ്ങൾ വിയോജിപ്പും എതിർപ്പും പ്രഖ്യാപിച്ചതിൽ പരിസ്ഥിതി പ്രശ്നങ്ങളും മാനദണ്ഡമായിട്ടുണ്ട്. സീതാറാം യെച്ചൂരി തന്നെ അത്തരം നിലപാടുകൾ പലഘട്ടങ്ങളിൽ മുന്നോട്ട് വച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു മുതലാളിത്ത കാലത്ത് ജീവിക്കുന്ന വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിച്ചുനോട്ടയുക്തിയിൽ അതിക്രമിച്ചു കയറുന്ന ഓഡിറ്റിംഗ് അല്ല , മോഹന വാഗ്ദാനങ്ങളുമായി വരുന്ന പദ്ധതികളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സാമൂഹ്യപുരോഗതിയിൽ അവയുടെ ഗുണങ്ങളും മുൻനിർത്തിയുള്ള ഓഡിറ്റിംഗാണ് കാലം ആവശ്യപ്പെടുന്നത്. 

സ്വകാര്യ സ്വത്തുടമസ്ഥത തകർത്ത് സോഷ്യലിസം നടപ്പാക്കൽ പ്രഖ്യാപിത നയമായ കമ്മ്യൂണിസ്റ്റുകാർക്ക് സ്വകാര്യ സ്വത്ത് പാടുണ്ടോ? ബൂർഷ്വാ വ്യവസ്ഥിതിയെ എതിർക്കുന്ന കമ്മ്യൂണിസ്റ്റുകാർ ആ വ്യവസ്ഥിതിയിലെ നിയമങ്ങളും ചട്ടങ്ങളും അംഗീകരിക്കാമോ?  കമ്പ്യൂട്ടർവൽക്കരണത്തെ എതിർത്ത കമ്മ്യൂണിസ്റ്റുകാർ കമ്പ്യൂട്ടർ ഉപയോഗിക്കാമോ?  തുടങ്ങിയ വാദങ്ങളുമായി വലതുപക്ഷം നാളിതു വരെ കമ്മ്യൂണിസ്റ്റുകാരെ അപഹസിക്കാൻ ഉപയോഗിച്ച അതേ മാർഗ്ഗവും രീതിയുമാണ് കാരശ്ശേരി മാഷ് ട്രെയിനിൽ കയറാമോ എന്ന തങ്ങളുടെ  പോസ്റ്ററൊട്ടിപ്പിലും ഉള്ളതെന്ന് ഇവരോർക്കുന്നില്ല. പലതരം എതിർപ്പുകളെ നേരിട്ട് മതേതര- ജനാധിപത്യ  കേരളത്തിനായി  പൊരുതുന്ന മനുഷ്യരെ ഒറ്റതിരിഞ്ഞ് ആക്രമിച്ച്  കെ-റെയിലിനെതിരെയുള്ള ജനകീയ സമരത്തെ പരാജയപ്പെടുത്താമെന്നത് അധികാരത്തിന്റെ അഹന്തയിൽ നിന്നുള്ള അതിരു കടന്ന ആത്മവിശ്വാസമല്ലാതെ മറ്റൊന്നുമല്ല. അത് വൃഥാവിലാണെന്ന് കാലം തെളിയിക്കും. 

പൗരത്വ സമരകാലത്ത് സമരക്കാരുടെ പട്ടിക തയ്യാറാക്കിയ സംഘപരിവാര യുക്തി തന്നെയാണ് കേരളത്തിലെ സിപിഎമ്മിനെയും നയിക്കുന്നത്. ഇപ്പോൾ സൈബറിടത്തിലും നാളെ തെരുവിലും ആക്രമിച്ചില്ലാതാക്കേണ്ടവരുടെ ഹിറ്റ്ലിസ്റ്റാണ് തയ്യാറാവുന്നത്. ജനാധിപത്യ സമൂഹം ജാഗ്രതയോടെ ഈ സംഘടിത ക്രിമിനൽ അക്രമണങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More