ഒരമ്മയുടെ നിലവിളിയും കൊലയാളികളെ തടയുന്നില്ല; സന്ദീപ് കുമാറിന്റെ കൊലപാതകം അപലപനീയം- ഡോ. ആസാദ്

തിരുവല്ലയിലെ സഖാവ് പി ബി സന്ദീപ് കുമാറിന്‍റെ കൊലപാതകം ദുഖകരവും അപലപനീയവുമാണ്. കൊലപാതകം ഏതു പാര്‍ട്ടിയുടെ ഗുണ്ടകള്‍ നടത്തിയാലും ഒരുപോലെയേ കാണാനാവൂ. ഒരുപോലെയേ അപലപിക്കാനാവൂ. ഡോ. ആസാദ് എഴുതുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം 

ഒരു സി പി എം പ്രാദേശിക നേതാവ് കൊല്ലപ്പെട്ടിരിക്കുന്നു. തിരുവല്ലയിലെ സഖാവ് പി ബി സന്ദീപ് കുമാര്‍. ദുഖകരമാണ് ഈ രക്തസാക്ഷിത്വം. അപലപനീയമാണ് ഈ കൊലപാതകം.

കേരളത്തില്‍ കൊലപാതക രാഷ്ട്രീയം അവസാനിച്ചില്ല. ഒരു ഭരണത്തിനും അതു നിര്‍ത്താനാവുന്നില്ല. ഒരമ്മയുടെ നിലവിളിയും കൊലയാളികളെ തടയുന്നില്ല. 'കൊലപാതകങ്ങള്‍ ഞങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങളല്ല ചെയ്യുന്നത്. മറ്റാരു ചെയ്യുമ്പോഴും മഹാപാതകം' എന്നു കരുതുകയും പറയുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുണ്ട്. കൊലയാളികളെ ആദരിക്കുന്നവരുണ്ട്.  ശിക്ഷിക്കപ്പെട്ടവര്‍ക്ക് തടവറയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന, ഇഷ്ടാനുസരണം പരോള്‍ അനുവദിക്കുന്ന അധികാരികളുണ്ട്. സ്വന്തം പക്ഷം കൊല നടത്തിയാല്‍ നിയമസഹായം സര്‍ക്കാര്‍ ചെലവില്‍ എത്തിക്കുന്നവരുണ്ട്.

കൊലപാതകം മാന്യമായ ഒരു പ്രതിക്രിയയായി പൊതുസമ്മതം നേടുന്ന സാഹചര്യമാണത്. ആ സാഹചര്യത്തെ എതിര്‍ക്കാതെ കൊലപാതകങ്ങളെ തള്ളിപ്പറയാന്‍ പ്രയാസം.  കൊലപാതകം ഏതും അപലപനീയമാണ്. കൊലയാളികള്‍ മനുഷ്യരുടെ ശത്രുക്കളാണ്. അവരെ കൊടി ഭേദംകൊണ്ട് വിശുദ്ധപ്പെടുത്താനാവില്ല. സന്ദീപ് വധത്തിലെ കൊലയാളികളെ പൊലീസ് കണ്ടെത്തട്ടെ. നിയമം ഏറ്റവും ഉചിതമായ ശിക്ഷ വിധിക്കട്ടെ. കുറ്റവാളികള്‍ ആരായാലും ജനരോഷം ഇരമ്പണം. ആര്‍ എസ് എസ്സുകാരാണ് കൊലയാളികളെന്ന് സി പി എം ആരോപിക്കുന്നുണ്ട്. അതു വാസ്തവമാവാം. പക്ഷേ, പല കേസുകളിലും സി പി എം ഉയര്‍ത്തിയ വാദമുഖം പൊതുസമൂഹം മറന്നിട്ടില്ല.

പ്രതി ചേര്‍ത്തതുകൊണ്ട് കുറ്റവാളിയാവില്ല എന്നായിരുന്നു അവരുടെ വാദം. (അവസാനം കോടതി ശിക്ഷിച്ചാലും കുറ്റവാളിയാവില്ല എന്ന വ്യാഖ്യാനവും കേട്ടു.) അതേ ന്യായവാദം മറ്റുള്ളവരും പറയാനിടയുണ്ട്. അതിനാല്‍ പൊലീസ് കണ്ടെത്തുന്നതുവരെയെങ്കിലും സി പി എം പറഞ്ഞതുമാത്രം മുഖവിലയ്ക്കെടുത്ത് ആരെയും ആക്ഷേപിക്കാനാവില്ല. ആര്‍ എസ് എസുകാര്‍ അതു ചെയ്യാത്തവരല്ല. ഏറ്റവും ഹീനവും ക്രൂരവുമായ കൊലപാതകങ്ങള്‍ ചെയ്തവരാണ്. ഈ കൊലപാതകം അവര്‍ ചെയ്തതാണെന്ന് ആഭ്യന്തര വകുപ്പ് ഉറപ്പിക്കുംവരെ അവരെ ആക്ഷേപിക്കുന്നില്ല. കൊലപാതകങ്ങള്‍ ചെയ്തുപോന്ന, കൊലപാതകത്തെ ആദര്‍ശവത്കരിക്കുന്ന, കുറ്റവാളികളെ മാന്യപരിവേഷത്തില്‍ ആനയിക്കുന്ന, വ്യാജ പ്രതികളെ ഒരുക്കിക്കൊടുക്കുന്ന ഒരു സംഘടനയോടും പൊറുക്കാനാവില്ല. ഓരോ കൊലപാതകത്തിലും ആ സമീപനത്തിന്റെ പ്രേരണ പതിഞ്ഞു കിടപ്പുണ്ടാവാം. കൊലപാതകം ഏതു പാര്‍ട്ടിയുടെ ഗുണ്ടകള്‍ നടത്തിയാലും ഒരുപോലെയേ കാണാനാവൂ. ഒരുപോലെയേ അപലപിക്കാനാവൂ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 4 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 4 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 4 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 5 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More