കളത്തിന് പുറത്തും എക്കാലത്തെയും മികച്ച നായകനായി ചരിത്രം കൊഹ്ലിയെ രേഖപ്പെടുത്തും: എം ബി രാജേഷ്‌

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് പിന്തുണയുമായി സംസ്ഥാന നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. കളത്തിനു പുറത്തും എക്കാലത്തെയും മികച്ച നായകനായിട്ടാവും ചരിത്രം അദ്ദേഹത്തെ രേഖപെടുത്തുകയെന്നും രാജേഷ്‌ ഫേസ് ബുക്കില്‍ കുറിച്ചു. ടി-20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ മതത്തിന്‍റെ പേരില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ്‌ ഷമിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാവുകയും ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് കൊഹ്ലി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ നിലപാടിനെയാണ്‌ സ്പീക്കര്‍ അഭിനന്ദിച്ചത്.

കൊഹ്ലിയുടെ മകള്‍ക്ക് നേരെയുണ്ടായ ബലാത്സംഗ ഭീഷണിക്കെതിരെയും രാജേഷ്‌ അപലപിച്ചു. വർഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോൾ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്. കോഹ്‌ലിയുടെ മകൾക്കെതിരെ ഉയർന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ  ക്രിക്കറ്റ്  ഭരണരംഗത്തുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണെന്നും രാജേഷ്‌ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വിരാട് കോഹ്‌ലി ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. എന്നാൽ കളത്തിനു പുറത്തും എക്കാലത്തെയും മികച്ച നായകനായിട്ടാവും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക. വെല്ലുവിളികൾക്കു മുന്നിൽ പതറാതെ നിൽക്കുകയും നട്ടെല്ലിന്റെ ബലം കാണിക്കുകയും നേരിനൊപ്പം നിൽക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ നായകർ. ട്വന്റി ട്വന്റി ലോക കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന്റെ പേരിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ മതം പറഞ്ഞ്  ആക്രമിച്ചതിനെതിരെ കോഹ്‌ലി  ശക്തമായി പ്രതികരിച്ചിരുന്നു. "മതം പറഞ്ഞ്  ഒരാളെ ആക്രമിക്കുന്നത് നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണ്" എന്നാണ് കോഹ്‌ലി തീവ്ര ഹിന്ദുത്വ വർഗീയവാദികളോട് പറഞ്ഞത്. അതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഒൻപതു മാസം പ്രായമുള്ള മകൾക്ക് ബലാൽസംഗ ഭീഷണി ഉയർത്തിയിരിക്കയാണ്. ശക്തമായ  പ്രതിഷേധം ഉയരേണ്ട സന്ദർഭമാണിത്. ലജ്ജ കൊണ്ട് ഭാരതീയരുടെയാകെ തല കുനിയേണ്ടതാണ്.

 ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വം പറയേണ്ടിയിരുന്നതാണ് കോഹ്‌ലി പറഞ്ഞത്. ടീം ജയിക്കുമ്പോൾ അഭിനന്ദനം ചൊരിയുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്ത്  പങ്കുപറ്റുകയും ചെയ്യുകയും മാത്രമല്ലല്ലോ ചെയ്യേണ്ടത്. തോൽവിയിലും തിരിച്ചടിയിലും ഒപ്പം നിൽക്കുക കൂടി ചെയ്യുന്നതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്. വർഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോൾ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്. കോഹ്‌ലിയുടെ മകൾക്കെതിരെ ഉയർന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ  ക്രിക്കറ്റ്  ഭരണരംഗത്തുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണ്. 

കളിയിൽ ജയാപജയങ്ങൾ സ്വാഭാവികമാണ്. ജയം യുദ്ധവിജയം പോലെ ആഘോഷിക്കുകയും പരാജയത്തിന്റെ പേരിൽ കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്യുന്നത്, അതും മതത്തിന്റെ പേരിൽ സെലക്ടീവായി ടാർജറ്റ് ചെയ്യുന്നത് അപരിഷ്കൃതമാണ്. യൂറോ കപ്പിൽ ഫ്രാൻസിന്റെ ചില താരങ്ങൾക്ക് ഷൂട്ടൗട്ടിൽ പിഴച്ചപ്പോൾ വംശീയാക്രമണം നേരിടേണ്ടിവന്നു. അന്ന്  ഫ്രഞ്ച് ടീം ആകെ ഒപ്പം നിന്നു. വംശീയ വിവേചനത്തിനെതിരെ ക്രിക്കറ്റ് താരങ്ങൾ ഗ്രൗണ്ടിൽ മുട്ടുകുത്തി പ്രതിഷേധിക്കുന്ന കാലമാണിത്. കളിക്കളങ്ങൾ വർഗീയവും വംശീയവും ജാതീയവുമായ എല്ലാ സങ്കുചിതത്വങ്ങൾക്കുമതീതമായ മാനവികതയും സൗഹൃദവും പുലർത്തേണ്ട ഇടങ്ങളാണ്. എന്നാൽ ഇന്ത്യയിലെ വർഗീയവൽക്കരിക്കപ്പെട്ട, പകയുടെയും വിദ്വേഷത്തിന്റെയും അന്തരീഷം കളിക്കളങ്ങളിലേക്കും പടരുന്നത് പതിവായിരിക്കുന്നു. ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീമിലെ ദളിതരായ കളിക്കാരും വീട്ടുകാരും വരെ ജാതീയ അധിക്ഷേപത്തിനിരയായത് നാം കണ്ടതാണ്. അന്ന്  ദളിതരടങ്ങിയ ഇന്ത്യൻ ടീമിന്റെ തോൽവി പടക്കം പൊട്ടിച്ച്  ആഘോഷിച്ച രാജ്യസ്നേഹികളാണ് പാകിസ്ഥാനോടുള്ള തോൽ‌വിയിൽ 'രാജ്യദ്രോഹം' ആരോപിച്ച് മുഹമ്മദ് ഷമിക്കെതിരായി സൈബറാക്രമണം നടത്തുന്നത് എന്നോർക്കണം. 

ഗൗരി ലങ്കേഷിന്റെ ക്രൂരമായ വധം ആഘോഷിച്ചവർ തന്നെയാണിപ്പോൾ വിരാട് കോഹ്‌ലിയുടെ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിന് ബലാൽസംഗ ഭീഷണി ഉയർത്തിയിരിക്കുന്നത്. ഈ രാജ്യസ്നേഹികളെല്ലാം കൂടി എങ്ങനെയൊക്കെയാണ്  ഇന്ത്യയെ അധഃപതിപ്പിക്കുന്നത്? 

ഇവിടെയാണ് വിരാട് കോഹ്‌ലി എന്ന നായകന്റെ നിലപാട് ചരിത്രത്തിൽ ഇടം പിടിക്കുന്നത്. ബഹുസ്വര ഇന്ത്യ എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുന്നതാണ് ഷമിയെ പിന്തുണച്ച കോഹ്‌ലിയുടെ നിലപാട്. അതാണ് രാജ്യസ്നേഹപരമായ നിലപാട്. കോഹ്‌ലിയെ  ചൊല്ലി അഭിമാനിക്കുന്നു. ആ നിലപാടിനെ പിന്തുണക്കുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 5 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 5 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 5 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 6 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 6 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More