കെ റെയില്‍ നിലപാടുകള്‍: കെ കെ ഷാഹിന, എം സുചിത്ര, കെ ജി എസ്, പി എം ജയന്‍

കെ റെയിലുമായി ബന്ധപ്പെട്ട ചര്‍ച്ചയും സംവാദങ്ങളും പ്രതിഷേധങ്ങളും ഒപ്പം വിവാദങ്ങളും പതിയെപ്പതിയെ തിടം വെച്ചുവരികയാണ്. പദ്ധതി യാഥാര്‍ത്ഥൃമാകുമ്പോള്‍ കേരളത്തിന് സംഭവിക്കാനിരിക്കുന്ന പാരിസ്ഥിതിക ആഘാതമാണ് എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട വസ്തുത. എന്നാല്‍ മാറിയ കാലത്ത് ഇത്തരം പദ്ധതികളെ എതിര്‍ക്കുന്നവര്‍ കേരളത്തിന്റെ വികസനത്തെയും ജനക്ഷേമത്തെയും തുരങ്കം വെയ്ക്കുന്നവരാണ് എന്ന വാദമാണ് അനുകൂലിക്കുന്നവര്‍ മുന്നോട്ടുവെയ്ക്കുന്നത്. അതിലുപരി സംഘപരിവാര്‍ ശക്തികള്‍ക്ക് ലെജിറ്റിമസി ഉണ്ടാക്കിക്കൊടുക്കും വിധം അവരെക്കൂടി സമരമുന്നണിയില്‍ കൊണ്ടുവന്നതിനെ മാധ്യമ പ്രവര്‍ത്തകയായ കെ കെ ഷാഹിന അതിരൂക്ഷമായി വിമര്‍ശിക്കുന്നു.

ഫേസ്ബുക്കില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ എം സുചിത്രയും കെ കെ ഷാഹിനയും തമ്മില്‍ നടക്കുന്ന സംവാദവും ചില അനുബന്ധ അഭിപ്രായങ്ങളും    പദ്ധതിയുടെ വിവിധ വശങ്ങളെ സംബന്ധിച്ച് അവബോധമുണ്ടാക്കാന്‍ സഹായിക്കും എന്ന വിശ്വാസത്തോടെ മുസിരിസ് പോസ്റ്റ് പങ്കുവെയ്ക്കുകയാണ്. രണ്ടുപേരോടും പ്രതികരിച്ചുകൊണ്ട്  മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും പങ്കുവെച്ച അഭിപ്രായങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു. 

സിൽവർ ലൈൻ പൊളിറ്റിക്കൽ ലെജിറ്റിമസി നേടിക്കഴിഞ്ഞു- കെ കെ ഷാഹിന 

സിൽവർ ലൈൻ എന്തായാലും പൊളിറ്റിക്കൽ ലെജിറ്റിമസി നേടിക്കഴിഞ്ഞു. ഇനി പരിസ്ഥിതീക അനുമതിയും , മറ്റ് അനുബന്ധ സാങ്കേതിക അനുമതികളും കിട്ടിയാൽ മതി. സിൽവർ ലൈനെ കുറിച്ച് ഇത് വരെ കാര്യമായി പഠിച്ചിട്ടില്ല. പക്ഷേ അത് പിന്തുണക്കപ്പെടേണ്ട ഒന്നാണെന്ന് ഇന്നലെ ബോധ്യമായി. 

:കെ കെ ഷാഹിനയോട് പ്രതികരിച്ചുകൊണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും പരിസ്ഥിതിപ്രവര്‍ത്തകയുമായ എം സുചിത്ര സ്വതന്ത്ര പോസ്റ്റായി ഇട്ട പ്രതികരണം (ഇടയില്‍ വന്നിട്ടുള്ള പ്രസക്തമെന്ന് തോന്നിയിട്ടില്ലാത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു)

പൊളിറ്റിക്കൽ ലെജിറ്റിമസി കിട്ടിക്കഴിഞ്ഞു എന്ന ഷാഹിനയുടെ കണ്ടെത്തൽ അബദ്ധം- എം സുചിത്ര 

ഒരു പദ്ധതിയെപ്പറ്റി ഒട്ടും പഠിക്കാതെയാണോ പദ്ധതിയെ പിന്തുണയ്ക്കുന്നത്! അതും ഒരു മാധ്യമ പ്രവർത്തക ! കൊള്ളാം.

64000 കോടി രൂപ ചെലവു വരുന്ന (ഇത് ഇനിയും യെരാം) ഈ ഭീമൻ പദ്ധതിയുടെ സാമ്പത്തികവും സാമൂഹ്യവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ പഠിക്കേണ്ടതില്ലേ ?

സിൽവർ ലൈൻ പദ്ധതിയെ എതിർത്തുകൊണ്ട് ബി ജെ പി ജനകീയ സമരക്കാർക്ക് ഒപ്പം ചേർന്നതാണല്ലോ ഷാഹിന ഉയർത്തുന്ന പ്രശ്നം. ബിജെ പിക്ക് പാരിസ്ഥിതികമായ ഒരു പ്രതിബദ്ധതയുമില്ല എന്നത് കേന്ദ്രനയങ്ങൾ ശ്രദ്ധിച്ചാൽ ആർക്കാണ് മനസിലാവാത്തത്? കൽക്കരി പോലെ ഇരുമ്പും മാംഗനീസും ബോക്സൈറ്റുമൊക്കെ പരമാവധി കുഴിച്ചെടുക്കണമെന്നു പറയുന്ന കേന്ദ്രസർക്കാരിന്റെ ഒരു ഓർഡർ വായിച്ചു കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ. ഇതൊക്കെ ഏറെയും ആദിവാസി മേഖലകളിലാണല്ലോ. വേദാന്ത എന്ന വിദേശ ഖനന കമ്പനിയിൽ നിന്ന് ഏറ്റവുമധികം പണം പറ്റുന്ന രാഷ്ട്രീയ പാർട്ടി ബി ജെ പി യാണെന്ന ഒരു റിപ്പോർട്ട് ഞാൻ കുറച്ചു വർഷം മുമ്പ് എഴുതിയിരുന്നു. ബി ജെ പിക്ക് കിട്ടുന്ന അത്രയില്ലെങ്കിലും കോൺസിനും മറ്റു പല പാർട്ടികൾക്കും കിട്ടുന്ന പണത്തെ പറ്റിയും റിപ്പോർട്ടിൽ  പരാമർശിച്ചിരുന്നു.. അതേപ്പറ്റി പിന്നീട് വിശദമായി എഴുതാം. ആദിവാസി-ദലിത്- കർഷക സമൂഹങ്ങളോട് കേന്ദ്രസർക്കാർ കാണിക്കുന്നത് എന്താണെന്നും നമുക്കറിയാം.

പക്ഷേ, കേരളത്തിൽ ബി ജെ പിയല്ല ഭരണത്തിൽ . അതുകൊണ്ടു തന്നെ, സർക്കാർ നയങ്ങൾക്കെതിരെ ജനകീയ സമരങ്ങൾ ഉണ്ടാകുമ്പോൾ ബി ജെ പി ഇടപെടും. രാഷ്ട്രീയമായ മുതലെടുപ്പിനു ശ്രമിക്കും. കീഴാറ്റൂരിലും ആറന്മുളയിലും മറ്റു പലയിടങ്ങളിലും അതുകണ്ടതാണ്. ബിജെപി മാത്രമല്ല സി പി എമ്മും കോൺഗ്രസും ഉൾപ്പെടെ സകല രാഷ്ട്രീയ കക്ഷികളും ഇങ്ങനെ ചെയ്യും. അവർക്ക് ഭരണമാണ് മുഖ്യം. അതാണ് അധികാരരാഷ്ട്രീയം. അതും എല്ലാവർക്കും അറിയുന്നതാണ്. 2013 ൽ പശ്ചിമഘട്ട സംരക്ഷണത്തിനെതിരെ അപ്പോൾ കേരളത്തിൽ  ഭരണത്തിലിരുന്ന കോൺഗ്രസും പ്രതിപക്ഷമായിരുന്ന സി  പി എമ്മും സീറോ മലബാർ സഭയുമാക്കെ കൈകോർത്തത് നമ്മൾ കണ്ടതാണ്. ആറന്മുള വിമാനത്താവളത്തിനെതിരെ കുമ്മനവും സുരേഷ് ഗോപിയു എം എ ബേബിയുമൊക്കെ ഒരു വേദിയിൽ നിൽക്കുന്ന പടങ്ങൾ ഓർമ്മയില്ലേ? കുമ്മനമായിരുന്നു ആ സമരസമിതിയുടെ കൺവീനർ.

കേരളത്തിൽ നടക്കുന്ന ജനകീയ സമരങ്ങളിൽ ബി ജെ പി യെപ്പോലെ ഒരു വർഗീയ- ഫാഷിസ്റ്റ് കക്ഷിയെ  കൂടെകൂട്ടണമോ എന്ന ചോദ്യം സമരം ചെയ്യുന്നവർ അഭിമുഖീകരിക്കുന്നുണ്ടല്ലോ. വൻകിട പദ്ധതികൾക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുമ്പോഴും പാറമടകൾപോലെ ചിലത് ജീവിതം ദുരിതമയമാക്കുമ്പോഴും ജനങ്ങൾ രാഷ്ട്രീയം മറന്നുകൊണ്ട് സകലരുടെയും പിന്തുണ സ്വീകരിക്കാറുണ്ട്. പ്രളയജലത്തിൽ മുങ്ങുമ്പോൾ കൈ നീട്ടി സഹായത്തിനായി നിലവിളിക്കാറില്ലേ, അതുപോലെ. അതു പലപ്പോഴും കൂടുതൽ അപകടമാണ് ഉണ്ടാക്കുക. സമരങ്ങൾ തന്നെ പലപ്പോഴും അട്ടിമറിക്കപ്പെടും. അത്തരം പാർട്ടികളെ കൂടെ കൂട്ടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷേ, കിട്ടാവുന്ന അത്രയും പിന്തുണ ആർജിച്ചു കൊണ്ട് സമരം വിജയിപ്പിക്കുക എന്നതാവാം സമരക്കാരുടെ നിലപാട്.

സിൽവർ ലൈനിന് പൊളിറ്റിക്കൽ ലെജിറ്റിമസി കിട്ടിക്കഴിഞ്ഞു എന്ന ഷാഹിനയുടെ കണ്ടെത്തൽ അബദ്ധമാണ്. എങ്ങനെ?, എവിടെ നിന്ന്?, ആരിൽ നിന്ന്?  ആവശ്യമായ പഠനങ്ങൾ നടത്താതെ ഒരു ഭീമൻ പദ്ധതിയുമായി മുന്നോട്ടു പോകരുത് എന്നു പറയുന്നതും. വർഗീയതയെയും ഫാഷിസത്തെയും എതിർക്കേണ്ടതും ഒരേ സമയത്തു ചെയ്യേണ്ടതാണ്.

അതിവർഷം കൊണ്ടും പ്രളയം കൊണ്ടും കൊടും വരൾച്ചകൊണ്ടും ഉരുൾപൊട്ടൽ കൊണ്ടും കടലാക്രമണം കൊണ്ടും ദുരിതത്തിൽ മുങ്ങിയ അവസ്ഥയിലാണ് കേരളം. അപ്പോഴാണ് Detailed Project Report പുറത്തുവിടാതെ, പാരിസ്ഥിതിക- സാമൂഹ്യ ആഘാത പഠനങ്ങൾ ശരിയായി നടത്താതെ അതിവേഗപ്പാതയെന്ന ഭീമൻപദ്ധതിയുമായി LDF സർക്കാർ മുന്നോട്ടു പോകുന്നത്. ഏതു പദ്ധതിയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തിയതിനുശേഷം മാത്രമേ നടപ്പിലാക്കാൻ പാടുകയുള്ളു എന്ന് നമ്മുടെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും കാലാവസ്ഥാവ്യതിയാന ആക്ഷൻ പ്ലാനുകളിൽ എഴുതിവെച്ചിട്ടുണ്ട്. നമ്മുടേത് 2010-ലും 2014-ലും രൂപപ്പെടുത്തിയതാണ്. സിൽവർ ലൈന്റെ കാര്യത്തിൽ അങ്ങനെയൊരു വിലയിരുത്തൽ നടന്നിട്ടുണ്ടോ? നമുക്ക് ഡിസാസ്റ്റർ മാനേജ്മെന്റ് നിയമം (2005) ഉണ്ട്. ആ നിയമങ്ങളോടും ചട്ടങ്ങളോടും പൊരുത്തപ്പെട്ടു പോകുന്നതാണോ സിൽവർ ലൈൻ? വികസന തീവ്രവാദം മറ്റൊരു തരം ഫാഷിസമാണ്. അതു താങ്ങാനാവാത്ത പരിതസ്ഥിതിയിൽ എത്തിക്കഴിഞ്ഞു ലോകവും ഇന്ത്യയും കേരളവും. ലോകത്തിന്റെയും ഇന്ത്യയുടെയും കാര്യത്തിൽ പുറത്തിറങ്ങുന്ന inequality reports ഷാഹിന ശ്രദ്ധിക്കാറുണ്ടോ എന്നെനിക്കറിയില്ല. എങ്ങനെയാണ് ആസ്തി, ചുരുക്കംചിലരുടെ കയ്യിലാകുന്നതും സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ്  വർദ്ധിച്ചു വരുന്നത് എന്നും? കൊടും മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ് കാരണം. അതേ സമ്പദ് വ്യവസ്ഥ തന്നെയാണ് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നത്.

NDA, UPA, UDF തുടങ്ങിയവയെപ്പോലെ LDF ഉം പിന്തുടരുന്നത് കോർപറേറ്റ് മുതലാളിത്ത നയങ്ങൾ തന്നെയാണ്. അത്തരം നയങ്ങൾക്ക് പൊളിറ്റിക്കൽ ലെജിറ്റിമസി ഉണ്ടാക്കിക്കൊടുക്കാനേ ഷാഹിനയുടേത് പോലത്തെ പോസ്റ്റുകൾ സഹായിക്കൂ. ഒന്നോർത്തു നോക്കൂ, "ഞാൻ ഭരണഘടനയെ അനുകൂലിക്കുന്നു, ജനാധിപത്യത്തെ അനുകൂലിക്കുന്നു, കെ. റെയിലിനെ അനുകൂലിക്കുന്നു" എന്നൊക്കെ പറയുന്ന തരത്തിൽ ജനങ്ങൾ എത്തിപ്പെടുന്നതിന്റെ, അല്ലെങ്കിൽ അവരെ എത്തിക്കുന്നതിന്റെ അപകടം. കൊടിയ ദുരന്തങ്ങളുടെ ഇക്കാലത്ത് ജനങ്ങളെ mislead ചെയ്യരുത്. കേരളത്തിന്റെ വർഗീയ വിരുദ്ധ മനോഭാവത്തെ ദുരുപയോഗം ചെയ്യരുത്. ഇത് സാധാരണക്കാരുടെ  ജീവന്റെയും ജീവിതത്തിന്റെയും ജീവനോപാധികളുടെയും പ്രശ്നമാണ്. നന്ദി. നമസ്കാരം.

പരിഷത്ത് ലഘുലേഖയില്‍ പാരിസ്ഥിതിക പ്രശ്നങ്ങൾ വിശദീകരിച്ചിട്ടില്ല- കെ കെ ഷാഹിന 

കെ റെയിലിനെ കുറിച്ച് പരിഷത്ത് ഇറക്കിയ ലഘുലേഖ വായിച്ചു. കെ റെയിൽ കൊണ്ടുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്താണെന്ന് അതിൽ വിശദീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ കാര്യമാത്ര പ്രസക്തമായി ആരെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ ലിങ്ക് തരാമോ?

സീരിയസ്സായ സംവാദം നടക്കട്ടെ - പി എം ജയന്‍     

എം. സുചിത്രയും കെ.കെ ഷാഹിനയും റീഡബിലിറ്റി ഏറെയുള്ള വനിതാ മാധ്യമപ്രവര്‍ത്തകരാണ്. ഇവര്‍ രണ്ടുപേരെയും പലപ്പോഴും ഫോളോ ചെയ്യാറുണ്ട്, അവരുടെ റിപ്പോര്‍ട്ടുകളും നിലപാടുകളും. മഅ്ദനി കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി കേസില്‍ ഉള്‍പ്പെട്ടതിനുശേഷം ഷാഹിന എന്ന മാധ്യമപ്രവര്‍ത്തകയിലുണ്ടായ നിലപാടിലെ വ്യതിയാനങ്ങള്‍, അത് പലപ്പോഴും സി പി എം എന്ന പാര്‍ട്ടിയെയോ അതിന്റെ ഭരണകൂടത്തെയോ ഒളിഞ്ഞും തെളിഞ്ഞും സേവ് ചെയ്യുന്ന നിലയിലാണെന്ന് തോന്നിയിട്ടുണ്ട്. (അതൊരു കുറ്റമേയല്ല). പക്ഷേ അപ്പോഴും എം. സുചിത്രയില്‍ അത്തരമൊരു വ്യതിയാനം അത്ര കണ്ടിട്ടുമില്ല. സ്വന്തമായ നിലപാടില്‍ ക്ലാരിറ്റിയോടെ നിലയുറപ്പിക്കുന്നവരുടെ അഭിപ്രായങ്ങളിലും അവരുടെ വര്‍ക്കുകളിലും ക്രഡിബിലിറ്റി കൂടും എന്ന് വിശ്വസിക്കുന്ന ഒരാളുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണിത്. ഇവര്‍ രണ്ടുപേരും പറയുന്നത് ശ്രദ്ധിക്കാന്‍ വലിയൊരു ഓഡിയന്‍സ് ഉണ്ട് എന്നതിനാല്‍ അവര്‍ തമ്മിലെ അഭിപ്രായവ്യത്യാസങ്ങളും കൂടുതല്‍ പേര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആയതിനാല്‍ കെ.കെ ഷാഹിന കെ. റെയില്‍ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട ഉയര്‍ത്തിയ അഭിപ്രായവും ആ പശ്ചാത്തലത്തില്‍ എം.സുചിത്ര എഴുതിയ മറുകുറിപ്പും ഞാന്‍ എന്റെ വാലില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

(കേരളത്തില്‍ സി പി എം അപ്രത്യക്ഷമായ സമരമുഖത്തേക്കാണ് ബി ജെ പി കടന്നുവന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. എന്നാലും പൊളിറ്റിക്കല്‍ കറക്ടനസ് വ്യക്തിപരമായ നിലപാടില്‍ മാത്രമല്ല ജനകീയസമരങ്ങളിലും വികസിച്ചുവരേണ്ടതുണ്ട് എന്നുതന്നെയാണ് അഭിപ്രായം. ഇക്കാര്യത്തില്‍ സീരിയസ്സായ സംവാദം നടക്കട്ടെ)

ഈ സർവ്വ സംഹാരപദ്ധതി വേണ്ടേ വേണ്ടെന്ന് പറയാൻ ധൈര്യമുള്ള ബദൽ മാധ്യമ ദർശനം ഇന്ന് കൂടിയേ കഴിയൂ- കെ ജി എസ് 

മതേതരത്വവും ജനാധിപത്യവും ഭരണഘടനയും കെ റെയിലിന്റെ ബോഗികളായി പിന്നാലെ പിന്നാലെ കൊളുത്തിയിടുന്നതോടെ രാജ്യഭാവിയുടെ പാളം തെറ്റിക്കുന്ന ഒരു ഭയാനകപദ്ധതിക്ക്‌ ഷാഹിന ഒരു കളിവണ്ടിയുടെ രൂപം കൊടുത്തു. അനുമതികളെല്ലാം ഉണ്ടായാലും ഈ സർവ്വ സംഹാരപദ്ധതി  കേരളത്തിന് വേണ്ടേ വേണ്ടെന്ന് പറയാൻ ധൈര്യമുള്ള ബദൽ മാധ്യമ ദർശനം ഇന്ന് കൂടിയേ കഴിയൂ.

അധികാരിക്ക്  അന്ധ പിന്തുണ ഉറപ്പിക്കാൻ അരമന വൈതാളികരുടെ കൊട്ടിപ്പാടൽ മതി. മഹാജ്ഞാനികളും മഹാകവികളുമൊക്കെ ആ കൂട്ടത്തിൽ ഇന്ന് ധാരാളം ഉണ്ട്. പദവികളും പുരസ്കാരങ്ങളും എല്ലിൻ തിളക്കങ്ങളും മോഹിച്ച് ജനക്കുരുതിക്ക് ചൂട്ട് കാണിക്കാൻ മത്സരിക്കുന്നവർ. അത്ര കുനിയേണ്ടതില്ല മാധ്യമനായകർ.

പഠനറിപ്പോർട്ടുകൾ കണ്ടത് മാത്രമല്ല, കാണാൻ കൂട്ടാക്കാത്തതും അവർ കണ്ടെത്താറുണ്ട്. ജനങ്ങളെ അറിയിക്കാറുണ്ട്. അവ മിക്കപ്പോഴും പ്രശ്നത്തിന്റെ ഗുരുതര തലമായ ഭാവിമാനമാണ്. അത് കാണലാണ് ഇന്ന് ഉൾക്കാഴ്ച്ച. അതുള്ളതാണ് ഇന്ന് വേണ്ട മാധ്യമക്കരുത്ത്. അനുഭവചരിത്രം മറക്കാത്ത പാഠങ്ങളാണ് ഇന്നത്തെ ആധികാരിക മാധ്യമറിപ്പോർട്ടുകൾ. കെ റെയിൽപ്പുളകം ആവില്ലതിന്റെ പൊരുൾ. അബദ്ധപ്പദ്ധതികൾ ഉയർത്തുന്ന ഉൽക്കണ്ഠയാവും അവയുടെ ഊർജ്ജം. അവയിലെ താക്കീതിനുണ്ടാവും തീരുമാനങ്ങൾ പുനഃപരിശോധിപ്പിക്കാൻ കഴിയുന്ന കരുത്ത്.

രാജസേവാപ്രാരാബ്ധങ്ങളില്ലാത്ത ചിന്തയുടെ ഭാവിത്തെളിമയോടെ  ആ ഉൾക്കാഴ്ച്ച  എഴുതിയ എം സൂചിത്രയ്ക്കും പ്രതാപനും നന്ദി.  നിങ്ങൾ അവതരിപ്പിക്കുന്നത് നിശ്ചയമായും നല്ലയിനം പ്രതിരോധം.

തീവ്ര വലതുപക്ഷരാഷ്ട്രീയത്തിന് ലെജിറ്റിമസി ഉണ്ടാക്കാൻ നടക്കുന്ന പരിസ്ഥിതിമത മൗലികവാദികളെ അടുപ്പിക്കരുത്- കെ കെ ഷാഹിന 

കെ റെയിലിനെതിരെ തിരുവനന്തപുരത്ത് സമരം ചെയ്തവർ സംഘപരിവാറിന് സോഷ്യൽ ലെജിറ്റിമസി ഉണ്ടാക്കി കൊടുക്കുന്ന പണിയാണ് ചെയ്യുന്നത് എന്ന് ഞാൻ എഴുതിയത് ധാരാളം പേരെ പ്രത്യേകിച്ച് പരിസ്ഥിതി വാദികളെ പ്രകോപിപ്പിച്ചു എന്ന് മനസ്സിലായി. നല്ല കാര്യം.  ഈ പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച്, പദ്ധതിയെ എതിർക്കുന്ന ആരെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ വായിക്കാനായി ലിങ്ക് ചോദിച്ചിരുന്നു. ഒന്നും കിട്ടിയില്ല എന്ന് മാത്രമല്ല, വെറും കാടടച്ചുള്ള പരിസ്ഥിതി വെടിവെപ്പുകൾ ധാരാളം കാണേണ്ടിയും വന്നു. എന്റെ പോസ്റ്റിനെ വിമർശിച്ച് എം സുചിത്ര M Suchithra suchithra ഇട്ട ഒരു പോസ്റ്റാണ് അതിലൊന്ന്. അതിലെ കമന്റുകൾ അതിലേറെ കേമമാണ്. പരിസ്ഥിതിവാദം മതം പോലെ ഒരു വ്രണമാണ് എന്ന് തോന്നും അതൊക്കെ വായിച്ചാൽ. അതങ്ങനെ പൊട്ടിയൊലിക്കും. അതിന് പ്രത്യേകിച്ച് റീസനിംഗ് ഒന്നും വേണ്ട. കെ റെയിൽ ഉയർത്തുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്താണ് എന്ന specific ആയ ചോദ്യത്തിന് ഒരാൾക്കും മറുപടി ഇല്ല. പോസ്റ്റിട്ട സുചിത്ര എന്റെ സുഹൃത്താണ്. അവിടെ ഞാൻ ചോദിച്ച ചോദ്യത്തോട് ഒരു മറുപടിയും സൂചിത്രക്ക് പക്ഷേ പറയാനില്ല. അവിടെ കമന്റിട്ട Harish Vasudevan Sreedevi കുറെ കാടും പടർപ്പും തല്ലിയതിന് ശേഷം ഒടുവിൽ പറഞ്ഞത്, പാരിസ്ഥിതീക പ്രശ്നങ്ങൾ എന്താണെന്ന് പഠിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണ് എന്നാണ്. അതിൽ ആർക്കാണ് സംശയം? പരിസ്ഥിതിക പ്രശ്നങ്ങൾ മാത്രമല്ല, economic feasibility അടക്കമുള്ള മുഴുവൻ കാര്യങ്ങളും ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്.

പക്ഷേ പദ്ധതി വേണ്ടേ വേണ്ട എന്നും വൻ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കും എന്നും പറഞ്ഞ് സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപിയുടെ കൂടെ സമരത്തിന് പോയവർ പിന്നെ എന്തുദ്ദേശത്തിലാണ് അത് ചെയ്തത്?

പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ സുതാര്യത പുലർത്തണമെന്നും സംവാദത്തിന് തയ്യാറാവണം എന്നും അല്ലല്ലോ ഇവരുടെ demand. പദ്ധതിയെ വേണ്ട എന്നല്ലേ? എന്തു കൊണ്ട് വേണ്ടായെന്ന് പറയുന്നു, എന്ന് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം ഇവർക്കൊന്നും ഇല്ലേ?

ലക്ഷക്കണക്കിന് മനുഷ്യർ കുടിയിറക്കപ്പെടും, പശ്ചിമഘട്ടം പൊടി തൂളാവും തുടങ്ങിയ വൈകാരിക നാടകങ്ങൾ നിർത്തിയിട്ട് വിഷയത്തിന്റെ മെറിട്ടിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പറഞ്ഞൂടെ?

പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ പുറത്തു വിടണം,സുതാര്യത പുലർത്തണം, പരിസ്ഥിതി ആഘാത പഠനം നടത്തണം, പദ്ധതിയുടെ economic feasibility ചർച്ച ചെയ്യപ്പെടണം. എന്താണ് പദ്ധതികൊണ്ടുള്ള നേട്ടങ്ങൾ എന്നത് ചർച്ച ചെയ്യപ്പെടണം. അത് വെറും വിഷൻ document മാത്രമാണോ അതോ തികച്ചും പ്രയോഗികമായ ആസൂത്രണമാണോ എന്നത് ചർച്ച ചെയ്യണം. ഭീമമായ തുക മുടക്കുന്ന ഈ പദ്ധതിക്ക് അതനുസരിച്ചുള്ള പ്രയോജനം ഉണ്ടാകുമെന്ന് ഉറപ്പ് വരുത്താൻ കഴിഞ്ഞാൽ മാത്രമേ മുന്നോട്ട് പോകാവൂ.

ഇതിനിടെ, കെ റെയിലിന്റെ പേരും പറഞ്ഞ്  തീവ്ര വലതുപക്ഷരാഷ്ട്രീയത്തിന് ലെജിറ്റിമസി ഉണ്ടാക്കി കൊടുക്കാൻ നടക്കുന്ന പരിസ്ഥിതിമത മൗലികവാദികളെ ഏഴയൽപക്കത്ത് അടുപ്പിക്കാതിരിക്കുകയും വേണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 4 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 4 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 4 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 5 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 5 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More