പിണറായിയെ സ്തുതിക്കാനും നിന്ദിക്കാനും ഞാനില്ല. അതില്‍ രാഷ്ട്രീയമില്ല - ഡോ. ആസാദ്

കോഴിക്കോട്: കൊറോണാ കാലത്ത് ഒരു സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഭരണാധികാരി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ആസാദിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്‌ വലിയ ചര്‍ച്ചയായിരുന്നു, അതിനോട് പ്രതികരിച്ചുകൊണ്ട് തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം ഫെസ് ബുക്കില്‍ പ്രസിദ്ധീകരിച്ച പുതിയ പോസ്റ്റിലൂടെ. നിന്ദയും സ്തുതിയും വ്യക്തിവിരോധത്തില്‍ നിന്ന് ഉടലെടുക്കുന്നതാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും അഭിനന്ദനവും വിമര്‍ശനവും രാഷ്ട്രീയമായ നിലപാടുകളില്‍ നിന്നുണ്ടാവുന്നതാണെന്നും  ഡോ.ആസാദ് തന്‍റെ കുറിപ്പിലൂടെ വ്യകതമാക്കുന്നു. ഡോ.ആസാദിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപവും വിവാദത്തിനിടവെച്ച ആദ്യ പോസ്റ്റും ഇതോടൊപ്പം ചേര്‍ക്കുന്നു. 

അഭിനന്ദനവും സ്തുതിയും ഒന്നല്ല. അവ തമ്മില്‍ വേര്‍പിരിയുന്നിടം വ്യക്തമാണ്. ഒരാളെ അഭിനന്ദിക്കാന്‍ കാരണം വേണം. സ്തുതിക്കാന്‍ അതു വേണ്ട -  ഡോ ആസാദ് 

കൊറോണക്കാലത്ത് അഥവാ നിശബ്ദമായ ഒരു മഹായുദ്ധകാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന നേതൃശേഷിയെ ഞാനൊന്നു അഭിനന്ദിച്ചതേയുള്ളു. രണ്ടുകൂട്ടര്‍ എന്നെ പൊതിയുന്നു. ഒരു കൂട്ടര്‍ ചോദിക്കുന്നത് പിണറായിയെ മനസ്സിലാക്കാന്‍ എന്താണ് വൈകിയതെന്നാണ്? രണ്ടാമത്തെ കൂട്ടര്‍ ചോദിക്കുന്നത് നേരത്തേ പറഞ്ഞതൊക്കെ വിഴുങ്ങിയല്ലേ എന്നും.

സ്തുതിയുടെയും നിന്ദയുടെയും സ്ഥിരമായ വഴികളില്‍നിന്നേ ഇവ്വിധം ചോദ്യങ്ങളുയരൂ. കോവിഡ് സാഹചര്യത്തിന്‍റെ ലോകനില ബോധ്യമാകുന്ന ആര്‍ക്കും ഒരു യുദ്ധസജ്ജ നില കൈവരിക്കേണ്ടതിന്‍റെ പ്രാധാന്യം അറിയാതെ വരില്ല. അത്തരമൊരു സന്ദര്‍ഭത്തില്‍ കേരളം ഉയര്‍ത്തുന്ന പ്രതിരോധം ചെറുതല്ല. അതിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ലപോലെ ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നുണ്ട്. ഓരോ പൗരനും ആ പ്രതിരോധത്തിന്‍റെ ഭാഗമാകേണ്ട സമയമാണ്. സൈനികസന്ദര്‍ഭത്തില്‍ നേതൃത്വം ആത്മവിശ്വാസം നല്‍കുന്നു എന്നത് സ്തുതിവാക്യമല്ല. അഭിനന്ദനവും കടമ ഏറ്റെടുക്കലുമാണ്. എന്തുകൊണ്ട് പിണറായിയെ മുമ്പു മനസ്സിലാക്കിയില്ല എന്നു ചോദിക്കുന്നവര്‍ സന്ദര്‍ഭത്തിലല്ല വ്യക്തിയിലാണ് ഊന്നുന്നത്. ഈ വ്യക്തിവാദമാണ് സ്തുതി. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഒരാള്‍ / ഒരു പാര്‍ട്ടി / ഒരു ഭരണകൂടം എങ്ങനെ ഇടപെടുന്നു എന്നതാണ് രാഷ്ട്രീയ വിമര്‍ശനം പരിശോധിക്കുന്നത്.

ജനങ്ങള്‍ക്കും ജനാധിപത്യ മതേതര സോഷ്യലിസ്റ്റ്  മൂല്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന നിലപാടെടുക്കുമ്പോള്‍ അഭിനന്ദിച്ചിട്ടുണ്ട്. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ വിമര്‍ശിച്ചിട്ടുമുണ്ട്. മൂല്യവിചാരമാണ് വിമര്‍ശം. അഭിനന്ദനവും ഖണ്ഡനവും അതിന്‍റെ ഭാഗമാണ്. മൂല്യവിചാരം എടുത്തുമാറ്റിയാല്‍ സ്തുതിയോ നിന്ദയോ മാത്രമേ ബാക്കി കാണൂ. രണ്ടിനോടും എനിക്കു യോജിപ്പില്ല. പ്രളയ ഘട്ടങ്ങളില്‍ ശരിയായ നിലപാട് എടുത്ത സന്ദര്‍ഭത്തില്‍ അതെഴുതി. ശബരിമല വിഷയത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ അഭിനന്ദിച്ചു. വ്യതിചലിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി.

ദേശീയപാത സ്വകാര്യവത്ക്കരിക്കാന്‍ നേതൃത്വം നല്‍കുമ്പോള്‍ അഭിനന്ദിക്കാനാവില്ല. സമരപക്ഷത്തേ നില്‍ക്കാനാവൂ. യു.എ.പി.എ-പോലുള്ള ഭീകര നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നിഷ്പക്ഷത അഭിനയിക്കാനാവില്ല.  ക്വാറിമാഫിയകള്‍ക്ക് മലകള്‍ വിട്ടുനല്‍കാന്‍ ചട്ടങ്ങള്‍തന്നെ ഭേദഗതി ചെയ്യുമ്പോള്‍ നിശബ്ദത പുലര്‍ത്താനാവില്ല. വാളയാറിലെ ഒമ്പതു പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക വേഴ്ച്ചക്കു സമ്മതിക്കുകയായിരുന്നു എന്നു പരസ്യമായി പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനുമേല്‍ പോക്സോ ചുമത്താതെ സര്‍വ്വീസില്‍ നിലനിര്‍ത്തുന്ന പൊലീസുമന്ത്രിയെ വിമര്‍ശിക്കാതെ വയ്യ. കൊലയാളികള്‍ക്കും കയ്യേറ്റക്കാര്‍ക്കും അനുകൂലമായി കേസ് വിജയിപ്പിക്കാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാറിനെ തുറന്നുകാട്ടാതെ വയ്യ. പുറംതള്ളല്‍ വികസനനയം നടപ്പാക്കുന്ന ഏതു വലതുപക്ഷ സര്‍ക്കാറിനോടും മത്സരിക്കുന്ന വികസനനയം തിരുത്തി ഇരകളില്ലാത്ത വികസനം നടപ്പാക്കാന്‍ പ്രേരിപ്പിക്കാതെ വയ്യ.

രാഷ്ട്രീയ വിമര്‍ശനത്തിന്‍റെ ഭാഗമാണ് യോജിപ്പും വിയോജിപ്പും. അവിടെ വ്യക്തി വിദ്വേഷത്തിനു സ്ഥാനമില്ല. നേതാക്കളും ഭരണാധികാരികളും അവരുടെ തെറ്റായ നിലപാടുകള്‍ മുന്‍നിര്‍ത്തി വിമര്‍ശിക്കപ്പെടും. ശരിയായ നിലപാടുകളുടെ പേരില്‍ ആദരിക്കപ്പെടും. വ്യക്തിപൂജയും വ്യക്തിഹത്യയും രാഷ്ട്രീയവിമര്‍ശനമാവില്ല.

ഇന്നലെവരെ പിണറായിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മറന്നുവെന്നൊ വിഴുങ്ങിയെന്നൊ ആക്ഷേപിക്കുന്നവര്‍ ചരിത്രത്തെ വ്യക്തിയില്‍ കെട്ടുകയാണ്. നിന്ദ്യമായ ഒരു പ്രവര്‍ത്തനത്തെ ആക്ഷേപിച്ച നാവുകൊണ്ട് സദ് വൃത്തിയെ ഇങ്ങനെ അഭിനന്ദിക്കാനാവുമോ എന്നാണ് അവരുടെ സംശയം!. ചരിത്രം ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഉറഞ്ഞു പോകുന്നതല്ല നിരന്തര ഇടപെടലുകളായി തുടരുന്നതാണെന്ന് അവരെ ഓര്‍മ്മിപ്പിക്കേണ്ടിവരുന്നു. മൂല്യവിചാരം പ്രസക്തമാകുന്നത് അതിനാലാണെന്നും അവരോടു പറയട്ടെ.

സ്തുതിക്കും നിന്ദയ്ക്കും ഇടയില്‍ ഒരു വഴിയുണ്ട്. മനുഷ്യനും പ്രകൃതിക്കും ഊന്നല്‍ നല്‍കുന്ന പ്രത്യയശാസ്ത്രങ്ങളുടെ വെളിച്ചം വേണം അതു കണ്ടെടുക്കാന്‍.  അവിടെ ഭാഷയും സമീപനവും അസഹിഷ്ണുത കലര്‍ന്നതല്ല. നേരിടാനും തിരുത്താനും ചരിത്രത്തിലിടപെടാനും ആര്‍ജ്ജവമുള്ളതാണ്.

വിവാദത്തിനിടവെച്ച ആദ്യ പോസ്റ്റ്‌:

Contact the author

Web desk

Recent Posts

Dr. Azad 2 weeks ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 2 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More