താഹയും അലനും അനുഭവിച്ച പീഡനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണം-ഡോ. ആസാദ്

പന്തീരാങ്കാവ് യു എ പി എ കേസില്‍, യു എ പി എ നിലനില്‍ക്കില്ലെന്ന് താഹാ ഫസലിന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ താഹയെയും അലനെയും യു എ പി എയുടെ 20, 38, 39 വകുപ്പുകള്‍ ചാര്‍ത്തി തടവിലിട്ടത് എന്തിനായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയണം. അവര്‍ പരിശുദ്ധരല്ലെന്നും ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റുചെയ്തെതെന്നും  മുഖ്യമന്ത്രി പറഞ്ഞത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നും വ്യക്തമാക്കണം- അലന്‍-താഹ ഐക്യദാര്‍ഢൃസമിതിയുടെ നേതൃത്വത്തില്‍ നിന്നുകൊണ്ട് അവരുടെ ജയില്‍ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഡോ. ആസാദ് എഴുതുന്നു.

ലനും താഹയ്ക്കുമെതിരെ യു എ പി എ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയല്ലോ. എന്‍ ഐ എ പ്രത്യേക കോടതി രണ്ടുപേര്‍ക്കും അനുവദിച്ച ജാമ്യം ശരിവെക്കുകയും ചെയ്തു.

ഒരു ചോദ്യം ന്യായമായും ഉയരും. യു എ പി എ വിരുദ്ധ നിലപാടുള്ള സി പി ഐ എം നയിക്കുന്ന സര്‍ക്കാര്‍ ഒരു തെളിവുമില്ലാതെ സ്വന്തം പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എയുടെ 20, 38, 39 വകുപ്പുകള്‍ ചാര്‍ത്തി തടവിലിട്ടത് എന്തിനാവും? എന്‍ ഐ എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍തന്നെ വകുപ്പ് 20 ഇല്ലാതായി. ഏതെങ്കിലും ഒരു കുറ്റമോ കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന പ്രവൃത്തിയോ ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതിനാല്‍ 38, 39 വകുപ്പുകളും ദുര്‍ബ്ബലമാകുന്നതായി സുപ്രീംകോടതി വിധി വെളിപ്പെടുത്തുന്നു.

വകുപ്പ് 20 പ്രകാരം കുറ്റകൃത്യത്തില്‍ പങ്കാളികളാണെങ്കില്‍ ജീവപര്യന്തം തടവുവരെ ശിക്ഷയായി ലഭിക്കാം. 38, 39 വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ പരമാവധി പത്തുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കുറ്റത്തിന്റെ തോതനുസരിച്ച് ഏതാനും മാസങ്ങളോ ഒന്നോ രണ്ടോ വര്‍ഷമോ പിഴ മാത്രമോ വിധിക്കാനും കഴിയും. ഈ സാഹചര്യം നിലനില്‍ക്കെ രണ്ടുവര്‍ഷം തടവുശിക്ഷ താഹ അനുഭവിച്ചു കഴിഞ്ഞു.

അലനെയും താഹയെയും യു എ പി എ കേസില്‍ പെടുത്തിയതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ അവര്‍ പരിശുദ്ധാത്മാക്കളല്ലെന്നും ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റെന്നുമാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തള്ളിപ്പറയല്‍? കോടതിയില്‍ മാത്രം പുറത്തെടുക്കാവുന്ന എന്തോ തെളിവു കാണുമെന്നാണ് പൊതുസമൂഹം കരുതിയത്. ഏറെപ്പേര്‍ നിശ്ശബ്ദരായത് ആ പ്രസ്താവനയുടെ ബലത്തിലാണ്. അതു പക്ഷേ, കുത്സിതമായ ഒരു ഗൂഢാലോചനയുടെ ശബ്ദമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കോടതിയില്‍ വിശ്വസനീയമായ ഒരു തെളിവും നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞില്ല. പ്രഥമദൃഷ്ട്യാതന്നെ യു എ പി എ നിലനില്‍ക്കില്ലെന്ന് പരമോന്നത നീതിപീഠമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

രണ്ടു വിദ്യാര്‍ത്ഥികള്‍ നേരിട്ട അസഹനീയ പീഡനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണം. അവരുടെ കുടുംബങ്ങളും പ്രിയപ്പെട്ടവരും നേരിട്ട വേദനയും അശാന്തിയും അപമാനവും ചെറുതല്ല. ആ കുടുംബങ്ങളോട് മുഖ്യമന്ത്രി വലിയ തെറ്റാണ് ചെയ്തത്. കേസ് വിചാരണ ഇനി നടക്കാനിരിക്കുന്നു. യു എ പി എ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ച് സുപ്രീംകോടതി തന്നെ സംശയവിധി പറഞ്ഞ ശേഷം ആ വിചാരണയില്‍ ശിക്ഷ നല്‍കാന്‍ ഏറെ പണിപ്പെടേണ്ടിവരും. അതിനാല്‍ ആ കേസ് നടത്തി രണ്ടു വിദ്യാര്‍ത്ഥികളെയും വേഗം പുറത്തുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം സംസ്ഥാന ഗവണ്‍മെന്റിന്റേതുകൂടിയാണ്.

അലന്‍ താഹ കേസിന്റെ പൊള്ളത്തരം പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരാനും നീതി ലഭ്യമാക്കാനും പ്രവര്‍ത്തിച്ച അനേകരുണ്ട്. സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ജാഗ്രതയോടെ രംഗത്തുവന്നു. അന്നു ചൂണ്ടിക്കാണിച്ച കാര്യങ്ങളാണ് ഇപ്പോള്‍ സുപ്രീംകോടതി ജാമ്യവിധിയില്‍ പറഞ്ഞിട്ടുള്ളത്. അലന്‍-താഹ മനുഷ്യാവകാശ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചവരെയും അലന്റെയും താഹയുടെയും കേസുമായും കുടുംബങ്ങളുമായും സഹകരിച്ചവരെയും ഈ ഘട്ടത്തില്‍ അഭിവാദ്യം ചെയ്യുന്നു.

രാജ്യത്താകെ ആയിരക്കണക്കിനു പേര്‍ യു എ പി എ പ്രകാരം തടവില്‍ കഴിയുകയാണ്. കേരളത്തില്‍തന്നെ എത്ര പേര്‍ അകത്തുണ്ടെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. കേസ് ചുമത്തുന്നതിന്റെ രീതി എത്ര മനുഷ്യത്വ വിരുദ്ധമാണെന്ന് അലന്‍-താഹ കേസ് നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ കോടതിവിധി മറ്റനേകം കേസുകളില്‍ നീതി ലഭിക്കാന്‍ ഇടയാക്കുമെന്ന് പ്രത്യാശിക്കാം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More