കെ ആര്‍ നാരായണനെ നമ്മള്‍ മറന്നുകഴിഞ്ഞിരിക്കുന്നു - സുധാ മേനോന്‍

മുന്‍ രാഷ്ട്രപതി കെ. ആർ നാരായണന്‍റെ 101-ാം ജന്മവാര്‍ഷിക ദിനമായിരുന്നു ഇന്നലെ. മാധ്യമങ്ങളും അദ്ദേഹം പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രസ്ഥാനവുമെല്ലാം മറന്നുപോയ കെ. ആർ നാരായണനെകുറിച്ച് പ്രമുഖ എഴുത്തുകാരി സുധാ മേനോന്‍ എഴുതിയ കുറിപ്പ്.  

ന്ന് വാജ്പേയ്  ആയിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. പുതിയ നൂറ്റാണ്ടിന്റെ തുടക്കം. ആദ്യമായി അധികാരത്തില്‍ വന്ന സംഘപരിവാര്‍ ‘ഇന്ത്യന്‍ ഭരണഘടന’ മാറ്റിയെഴുതാൻ സമര്‍ത്ഥമായി  ശ്രമിക്കുന്ന കാലം. പക്ഷെ, അതിശക്തമായ എതിര്‍പ്പിലൂടെ ആ ശ്രമത്തെ എന്നന്നേക്കുമായി പരാജയപ്പെടുത്തിയത്,  എക്കാലത്തും ഭരണഘടനാ ധാര്‍മികതയെ ഉയര്‍ത്തിപ്പിടിച്ച, രാഷ്ട്രപതി എന്നാൽ ആചാരപദവിക്ക് അപ്പുറം  ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാവലാള്‍ കൂടി ആണെന്ന് നമ്മെ ബോധ്യപ്പെടുത്തിയ മഹാനായ ഒരു മനുഷ്യന്‍ ആയിരുന്നു. കെ. ആര്‍ നാരായണന്‍  എന്ന ബഹുമുഖ പ്രതിഭ.  ഭരണഘടന നമ്മളെയാണോ, നമ്മള്‍ ഭരണഘടനയെ ആണോ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്ന ഒരൊറ്റ ചോദ്യത്തിലൂടെ അദ്ദേഹം  അന്നത്തെ ബിജെപി സര്‍ക്കാരിനെ നിശബ്ദമാക്കി. അത്തരം സംഭവങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ തന്നെ അപൂര്‍വതയാണ്. 

തന്റെ നിശിതമായ ഒറ്റ ചോദ്യത്തിലൂടെ കെ. ആര്‍. നാരായണന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത്‌ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെയും റിപ്പബ്ലിക്കിന്റെ നിലനില്‍പ്പിനെയും തന്നെ ആയിരുന്നു. എല്ലായ്പ്പോഴും, അദ്ദേഹം രാഷ്ട്രപതിയുടെ അധികാരത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ ആ പദവിക്ക് വിശാലവും, നീതിയുക്തവുമായ ഭാഷ്യം ചമച്ചു. 

2002ല്‍ ഗുജറാത്ത് വംശഹത്യയുടെ സമയത്ത്, നമ്മുടെ രാഷ്ട്രവും, സമൂഹവും നേരിടുന്ന കടുത്ത പ്രതിസന്ധിയായി അതിനെ വിശേഷിപ്പിച്ച നാരായണന്‍, ഗുജറാത്തിലേക്ക് പട്ടാളത്തെ അയക്കാന്‍ വാജ്പേയിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട്, തന്നെ തേടി ഡല്‍ഹിയിലെത്തിയ കലാപത്തിന്റെ ഇരകളെ അദ്ദേഹവും ഭാര്യയും നേരില്‍ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തത് ഉദാത്തമായ ധാര്‍മിക ബോധത്തിന്റെയും ഭരണഘടനക്ക് ഒരു പൌരനോടുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്വം തിരിച്ചറിഞ്ഞതിന്റെയും പ്രതിഫലനമാണ്. 

വി. ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന ശുപാര്‍ശ അംഗീകരിക്കാതിരിക്കാന്‍ കെ. ആര്‍ നാരായണന് കൂടുതല്‍ ആലോചനകള്‍ ആവശ്യമായിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രപതി എന്നത് ഭരിക്കുന്ന സര്‍ക്കാരിന്റെ ഭൃത്യനോ, വെറും റബ്ബര്‍ സ്റ്റാമ്പൊ അല്ലെന്നും നിരന്തരം പ്രവര്‍ത്തന സന്നദ്ധനായ, സര്‍ക്കാരിലും ജനങ്ങളിലും ‘സോഫ്റ്റ്‌ പവര്‍’ ഉപയോഗിക്കാന്‍ ശേഷിയുള്ള അത്യുന്നതമായ ഭരണഘടനാപദവി ആണെന്നും അദ്ദേഹം വാക്കുകള്‍ കൊണ്ടും പ്രവൃത്തി കൊണ്ടും സദാ തെളിയിച്ചുകൊണ്ടിരുന്നു.

സമൂഹത്തിലെ അടിസ്ഥാനവര്‍ഗ്ഗത്തില്‍ നിന്ന്,  ഇന്നാട്ടിലെ ചൂടും, പൊടിയും ഏറ്റ് വളര്‍ന്ന ഒരാള്‍ രാഷ്ട്രപതിയാകുന്നത് രാജ്യത്തെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ തുടക്കം ആയിട്ടാണ് കാണേണ്ടത് എന്ന് അദ്ദേഹം സ്ഥാനമെടുത്തപ്പോൾ തന്നെ കൃത്യമായി  പറഞ്ഞിരുന്നു.    

നെഹ്രുവിയന്‍ ആധുനികതയും, ശാസ്ത്രബോധവും, മതേതരത്വവും കൃത്യമായി പിന്തുടര്‍ന്ന ഒരു മനുഷ്യന്‍ കൂടി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാലത്ത് , രാഷ്ട്രപതി ഭവന്‍ ഇറക്കിയ പുതുവര്‍ഷ കലണ്ടറുകളില്‍ നെഹ്രുവും ഐന്‍സ്റ്റീനും സ്ഥാനം പിടിക്കുകയും ശാസ്ത്രവും മാനവികതയും തമ്മിലുള്ള കൂടിച്ചേരലാണ് ഭാവിലോകത്തിനു ആവശ്യം എന്ന നെഹ്രുവിന്റെ വാക്കുകള്‍ അതിൽ ചേര്‍ക്കുകയും ചെയ്തു. അതേസമയം അംബേദ്‌കർ മുന്നോട്ടു വെച്ച ‘സാമൂഹ്യനീതി’ യെ നെഹ്രുവും ഗാന്ധിജിയും അവഗണിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഗാന്ധിയൻ ധാർമികതയുടെയും, നെഹ്രുവിയൻ ആധുനികതയുടെയും, അംബേദ്‌കറിയൻ സാമൂഹ്യദർശനത്തിന്റെയും  അടിത്തറയിൽ പടുത്തുയർത്തിയ വിശാലമായ ലോകബോധമായിരുന്നു കെ. ആർ നാരായണൻ പിന്തുടർന്നത്. സാമൂഹ്യനീതിയും സാമൂഹ്യ ജനാധിപത്യവുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ രണ്ടു പ്രധാനപ്പെട്ട നെടുംതൂണുകള്‍ എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. 

അതുകൊണ്ടാണ് സ്വാമി അഗ്നിവേശിനെ കേൾക്കാനും, ഒറീസയിലെ ആദിവാസികളുടെ മേലുള്ള കോർപറേറ്റ് ചൂഷണത്തെ വിമർശിക്കാനും, ബാബ്‌റി മസ്ജിദിന്റെ തകർച്ചയെ ഗാന്ധിവധത്തിനു ശേഷം നടന്ന ഏറ്റവും വലിയ ദുരന്തമായി വിലയിരുത്താനും ഒക്കെ അദ്ദേഹത്തിന് കഴിഞ്ഞത്. അതുകൊണ്ടാണ്, സ്വകാര്യസ്ഥാപനങ്ങളില്‍ ദളിതുകള്‍ക്കും ആദിവാസികള്‍ക്കും സംവരണം നല്‍കേണ്ടത്, ഒരു പരിഷ്കൃത സമൂഹമെന്ന നിലയില്‍ അനിവാര്യമാണെന്ന് ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ നിര്‍ദ്ദേശിച്ചത്. 

ഇന്ത്യയിലെ ആദ്യത്തെ ദളിത്‌ പ്രസിഡന്റ് ആയ നാരായണൻ ആണ്  രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന കീഴ് വഴക്കം തുടങ്ങി വച്ചത് . ആദ്യത്തെ മലയാളി രാഷ്ട്രപതിയും അദ്ദേഹമായിരുന്നു. ആദ്യമായി തന്റെ സമുദായത്തില്‍ നിന്ന് ഒന്നാം ക്ലാസോടെ MA ബിരുദം നേടിയ വിദ്യാർത്ഥി കൂടിയായിരുന്നു നാരായണൻ. തിരുവിതാംകൂർ രാജാവ് കാണാൻ വിസമ്മതിച്ചത് കൊണ്ട് ബിരുദദാനച്ചടങ് ബഹിഷ്‌ക്കരിച്ച ആത്മാഭിമാനി. വിഖ്യാത രാഷ്ട്രീയ ചിന്തകൻ ഹാരോൾഡ്‌ ലാസ്കിയുടെ പ്രിയശിഷ്യൻ..

അതിസമർത്ഥനായ ഡിപ്ലോമാറ്റ്‌ കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് 1976ൽ ചൈനയുമായുള്ള നയതന്ത്രം പുനഃസ്ഥാപിക്കുമ്പോൾ ആ മിഷൻ നയിക്കാൻ ഇന്ദിരാഗാന്ധി നാരായണനെ തന്നെ തിരഞ്ഞെടുത്തത്.  

നമ്മുടെ ഭരണഘടനാ മൂല്യങ്ങളും, സ്ഥാപനങ്ങളും ഓരോന്നായി  അട്ടിമറിക്കപ്പെടുകയും, നിശ്ശബ്ദതയുടെയും  അനുസരണയുടെയും   സംസ്കാരം ഇന്ത്യക്കാരുടെ ജീവനകലയായി ആഘോഷിക്കപ്പെടുകയും, നെഹ്രുവിയന്‍ ആധുനികതയുടെ മുകളില്‍  വർഗീയതയുടെയും അന്ധവിശ്വാസങ്ങളുടെ ഗോപുരങ്ങള്‍ കെട്ടി ഉയര്‍ത്തുകയും ചെയ്തിരിക്കുന്ന ഇക്കാലത്തു ഭരണഘടനയുടെ അനന്യത എന്നും ഉയർത്തിപിടിച്ച കെ. ആർ നാരായണൻ എന്ന മുൻ രാഷ്‌ട്രപതി ഏറെ പ്രസക്തനാകുന്നുണ്ട്. പക്ഷെ, വേദനയോടെ പറയട്ടെ, കെ. ആർ. നാരായണനെ നമ്മൾ മറന്നു കഴിഞ്ഞിരിക്കുന്നു.  ഇന്ന്,  അദ്ദേഹത്തിൻറെ നൂറ്റിഒന്നാം ജന്മദിനത്തിൽ  കേരളത്തിൽ എങ്കിലും  കെ. ആർ നാരായണൻ ഓർമ്മിക്കപ്പെടേണ്ടതല്ലേ?  എന്തൊരു മനുഷ്യരാണ് നമ്മൾ! 

മഹാനായ കെ. ആർ നാരായണന്റെ ദീപ്ത സ്മരണകൾക്ക് മുന്നിൽ പ്രണാമം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 2 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 3 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 3 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More