ആൻഡമാൻ ജയിൽ ഞാന്‍ കണ്ടു; എന്‍റെ ചിരി വറ്റി, എനിക്ക് ശ്വാസം കിട്ടാതായി- അപര്‍ണ ശിവകാമി

അടുത്തേക്കെത്തുന്തോറും എൻ്റെ മനസ്സാകെ കനത്തു. സെല്ലുലാർ ജയിൽ എന്ന കവാടം കണ്ടപ്പോഴേക്കും എൻ്റെ നെഞ്ചിലൊരു കല്ലു കയറിയിരിപ്പായി. അവിടേക്ക് നാടുകടത്തപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ ഓർമ്മകളിൽ എനിക്ക് ശ്വാസം കിട്ടാതായി. എനിക്ക് ചിരി വറ്റി.. ഒന്നുരണ്ട് ജയിലറകളിൽ കയറി വാതിലടച്ച് ഞാൻ ആകാശത്തേക്ക് നോക്കി. അഞ്ചു മണി കഴിയുമ്പോ സൂര്യൻ അസ്തമിക്കുന്ന ആ നാട്ടിൽ, കൂടുതൽ ധീരന്മാരായ  തടവുകാരെ  വെളിച്ചം  കൊടുക്കാതെ, ഇരുട്ടത്തടച്ച് ഡിപ്രഷനിലേക്ക് തള്ളിവിടാൻ ശ്രമിക്കുമായിരുന്നത്രേ... ആൻഡമാനിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അപര്‍ണ ശിവകാമി എഴുതിയ കുറിപ്പ്:   

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:  

കാലാപാനി സിനിമയിലാണ് സെല്ലുലാർ ജയിൽ ആദ്യം കണ്ടത്. ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുമ്പോൾ എല്ലാവരേയും പോലെ സെല്ലുലാർ ജയിൽ തന്നെയാണ് ആദ്യം മനസ്സിൽ വന്നത്. 

കഴിഞ്ഞ കുറേ നാളായി സവർക്കർ, മാപ്പ് പറയൽ ഒക്കെയായി ആ ഇടം ട്രോളുകളിലും നിറയുന്നു. യാത്രയ്ക്ക് തയാറെടുക്കുന്ന ദിവസങ്ങളിലാണ് ഗാന്ധിജി ആവശ്യപ്പെട്ടതനുസരിച്ചാണ് സവർക്കർ മാപ്പപേക്ഷിച്ചത് എന്ന 'വൻ' വെളിപ്പെടുത്തൽ ഉണ്ടായത്. ആൻഡമാനിലെ ആദ്യ രണ്ടു ദിവസങ്ങൾ അമിത് ഷായുടെ സന്ദർശനം കാരണം കുളമാവുകയും ചെയ്തു. അയാൾ വന്ന് സെല്ലുലാർ ജയിലിന് സവർക്കർ തീർത്ഥസ്ഥാൻ എന്നോ മറ്റോ പുനർനാമകരണവും നടത്തിയെന്നറിഞ്ഞതോടെ ആകെ ഒരു ട്രോൾ മൂഡിലാണ് ജയിൽ സന്ദർശനത്തിനിറങ്ങിയത്

പക്ഷേ, അടുത്തേക്കെത്തുന്തോറും എൻ്റെ മനസ്സാകെ കനത്തു. സെല്ലുലാർ ജയിൽ എന്ന കവാടം കണ്ടപ്പോഴേക്കും എൻ്റെ നെഞ്ചിലൊരു കല്ലു കയറിയിരിപ്പായി. അവിടേക്ക് നാടുകടത്തപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ ഓർമ്മകളിൽ എനിക്ക് ശ്വാസം കിട്ടാതായി. എനിക്ക് ചിരി വറ്റി.. ഒന്നുരണ്ട് ജയിലറകളിൽ കയറി വാതിലടച്ച് ഞാൻ ആകാശത്തേക്ക് നോക്കി. അഞ്ചു മണി കഴിയുമ്പോ സൂര്യൻ അസ്തമിക്കുന്ന ആ നാട്ടിൽ , കൂടുതൽ ധീരന്മാരായ  തടവുകാരെ  വെളിച്ചം  കൊടുക്കാതെ, ഇരുട്ടത്തടച്ച് ഡിപ്രഷനിലേക്ക് തള്ളിവിടാൻ ശ്രമിക്കുമായിരുന്നത്രേ.  സ്വന്തം പേരുപോലും ഉച്ചരിക്കപ്പെടാതെ, ആരാണെന്ന് പരസ്പരം അറിയാനോ പറയാനോ അവസരമില്ലാതെ, ഏകാന്ത തടവിലാക്കി,  മാനസികമായി   തകർക്കുമായിരുന്നത്രേ. 

പുറംലോകം കാണാനേ കഴിയാത്ത രീതിയിലാണ് ജയിലിൻ്റെ നിർമ്മാണം. ഈ നാടിൻ്റെ ഭംഗി കണ്ട് തങ്ങൾ സ്വർഗ്ഗത്തിലേക്കാണ് നാടുകടത്തപ്പെട്ടതെന്ന് തടവുകാർക്ക് തോന്നാതിരിക്കാൻ പാകത്തിലുള്ള നിർമ്മാണം. കമ്പിയഴികളിലൂടെ പുറത്തേക്ക് നോക്കിയാൽ മുന്നിലെ സെല്ലുകളുടെ പുറകു ഭാഗം മാത്രം കാണാം. 

നിയമപ്രകാരം വധശിക്ഷ ആൻഡമാൻ ജയിലിൽ അനുവദിച്ചിരുന്നില്ല. കാരണം നാടുകടത്തൽ ശിക്ഷയായിക്കിട്ടിയ രാഷ്ട്രീയത്തടവുകാരെ മാത്രമാണ് ആൻഡമാനിലേക്ക് അയച്ചിരുന്നത്. പക്ഷേ അനേകം പേരെ അവിടെ തൂക്കിക്കൊന്നു. മലേറിയ ഉൾപ്പെടെ പല തരം അസുഖങ്ങൾ പിടിപെട്ട് ആ തടവറയിൽ ഒടുങ്ങിയവരും ധാരാളമുണ്ട്. ജയിൽ മോചിതരായാലും തിരിച്ച് നാട്ടിലെത്താനാവാതെ അവിടെത്തന്നെ ഒടുങ്ങാനായിരുന്നു പലരുടേയും വിധി.

തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹം കഴുമരത്തിന് താഴെയുള്ള ഇടുങ്ങിയ അറയിൽ നിന്ന് എടുത്ത് നേരേ കടലിൽ എറിയുകയായിരുന്നു പതിവ്. ആ അറയിലേക്ക് ഒന്നിറങ്ങി ശ്വാസം ആഞ്ഞു വലിച്ച് ഞാൻ തിരിച്ചു കയറി.

ലൈറ്റ് & സൗണ്ട് ഷോയുടെ തുടക്കത്തിലെ ദേശീയ ഗാനത്തിൻ്റെ സമയത്ത് എത്ര ശ്രമിച്ചിട്ടും നിറഞ്ഞൊഴുകുന്ന കണ്ണുകളെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല. എത്രയോ പേരുടെ സമരങ്ങളും സഹനങ്ങളും ജീവനുകളുമാണ് നമ്മെ സ്വതന്ത്രരാക്കിയത്.. ആ പോരാട്ടങ്ങളെല്ലാം തങ്ങളുടേതാണെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന വ്യാജ ദേശ ഭക്തന്മാർ കാരണം  ദേശസ്നേഹം പ്രകടിപ്പിക്കാൻ പോലും ധൈര്യമില്ലാതായിട്ടുണ്ട്. 

സവർക്കറുടെ തടവറയിൽ ഞാൻ കയറിയില്ല.  ഒരാളുടേയും രാഷട്രീയ ജയിൽവാസം വിലകുറച്ച് കാണുന്നില്ല. പക്ഷേ അവിടെ കിടന്നിട്ടും അയാൾ മുന്നോട്ട് വെയ്ക്കുന്ന  ഹിന്ദുത്വ രാഷ്ട്രീയത്തോട് അതിശക്തമായി വിയോജിക്കുന്നതുകൊണ്ടാണത്. ഒരുതരത്തിലും രക്ഷപ്പെടാൻ സാധ്യതയില്ലാത്ത ഒരിടത്ത്, ഇതുപോലെ ഒരു ജയിലിൽ അടയ്ക്കപ്പെട്ടിട്ടും  ഭയപ്പെടാത്ത, മാപ്പു പറയാത്ത നൂറു കണക്കിന് മനുഷ്യരുടെ പേരിലാണ് ആ സ്ഥലം എനിക്ക് ഓർമ്മിക്കേണ്ടത് എന്നതുകൊണ്ടാണത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Aparna Sivakami

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More