തിരുവനന്തപുരം: ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് അഡ്വ. കാളീശ്വരം രാജ്. 'കലാപമോ ആക്രമണമോ ലക്ഷ്യമാക്കിയുളള ആഹ്വാനം മാത്രമേ രാജ്യദ്രോഹക്കുറ്റമായി മാറുകയുളളുവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുളളതാണ്. ഐഷ സുല്‍ത്താനയുടെ പ്രസ്താവനയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുപോലുമില്ല' അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജി നല്കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേലിനെ ബയോവെപ്പണിനോട് ഉപമിച്ച സംഭവത്തിലാണ് കവരത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. ചൈന മറ്റു രാജ്യങ്ങള്‍ക്കുനേരേ കോറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചതുപോലെ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനുനേരേ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചു എന്നായിരുന്നു ഐഷ സുല്‍ത്താനയുടെ പരാമര്‍ശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപുകാരനാണ്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റുകൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിനുവേണ്ടി പൊരുതിക്കൊണ്ടിരിക്കും. നാളെ ഒറ്റപ്പെടാന്‍ പോകുന്നത് ദ്വീപിനെ ഒറ്റുകൊടുത്ത ഒറ്റുകാരായിരിക്കും. ഇനി നാട്ടുകാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്. ഒറ്റുകാരില്‍ ഉളളതും നമ്മളില്‍ ഇല്ലാത്തതും ഭയമാണ്. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല ഞാന്‍ ശബ്ദമുയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോകുന്നത്' എന്നായിരുന്നു ഐഷ ഫേസ്ബുക്കില്‍ കുറിച്ചത്.