മുംബൈ: കൊവിഡ് വാക്സിന് വിദേശത്ത് നിന്ന് വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര. എല്ലാവര്ക്കും വാക്സിന് നല്കി മഹാരാഷ്ട്രയെ കൊവിഡ് മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മഹാരാഷ്ട്ര ടൂറിസം മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. രാജ്യത്ത് വാക്സിന് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം കൈ കൊണ്ടിരിക്കുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു.
'മുംബൈക്ക് വേണ്ടി വിദേശത്ത് നിന്ന് വാക്സിന് ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുകയാണ്. വാക്സിന് ഇറക്കുമതി ചെയ്ത് കഴിഞ്ഞാല്‍ 3 ആഴ്ച കൊണ്ട് മുംബൈയിലെ എല്ലാവര്ക്കും വാക്സിന് എത്തിക്കാനുള്ള കൃത്യമായ പദ്ധതി സര്‍ക്കാരിന്റെ കയ്യിലുണ്ട്. ഇതിനായി എത്ര രൂപ ചിലവാക്കേണ്ടി വന്നാലും പ്രശ്നമില്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നും' ആദിത്യ താക്കറെ വ്യക്തമാക്കി.
വാക്സിന് വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് വാക്സിന് സ്വീകരിക്കാന്‍ പേടിയുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ജനങ്ങള്‍ വാക്സിന് സ്വീകരിക്കുവാന്‍ തയ്യാറാണ്. ആരും സുരക്ഷിതരല്ല, ഇന്ത്യയിലെ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.