ഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം ആഘോഷമാക്കി ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. അഞ്ച് മാസത്തിലേറെയായി ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലായി പ്രതിഷേധിക്കുമ്പോഴും തങ്ങളെ തിരിഞ്ഞുനോക്കാത്ത കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരായി സംയുക്ത കിസാന്‍ മോര്‍ച്ച നടത്തിയ 'നോ വോട്ട് ടു ബിജെപി' കാമ്പയിന് വിജയം കണ്ടതായി കര്‍ഷകര്‍ പറയുന്നു.
ഡല്‍ഹിയിലെ സിംഗു, തിക്രി അതിര്‍ത്തികളിലാണ് കര്‍ഷകര്‍ ബിജെപിയുടെ പരാജയമാഘോഷിച്ചത്. കൊവിഡ് വ്യാപനം മൂലം പഞ്ചാബിലും ഹരിയാനയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ അതിര്‍ത്തികളില്‍ മധുരം വിതരണം ചെയ്യുകയും അഭിനന്ദന സന്ദേശങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ബിജെപിയുടെ തോല്‍വി കര്‍ഷകരുടെ വിജയമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ബംഗാളിലെ ബിജെപിയുടെ പരാജയം കര്‍ഷക പ്രതിഷേധത്തിന് വലിയ പ്രോത്സാഹനമാണ് നല്‍കിയത്. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ബിജെപിക്കെതിരായി പ്രചരണങ്ങള്‍ നടത്തി. മോദിയുടെ അഹങ്കാരം പാര്‍ട്ടിയെ ബാധിച്ചു. മോദി സര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കുകയും വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ പശ്ചിമബംഗാളില്‍ വിജയിക്കുമായിരുന്നു. ഇപ്പോഴും വൈകിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഈ നിയമങ്ങള്‍ റദ്ദാക്കണം. അല്ലാത്തപക്ഷം 2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പോടെ ഉത്തര്പ്രദേശിലുണ്ടാവുന്ന വലിയ മാറ്റത്തെ നേരിടേണ്ടിവരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാക്കള്‍ പറയുന്നു.