ചെന്നൈ: ബിജെപിയുടെ ഭരണം അവസാനിക്കുമ്പോള്‍ രാജ്യം യഥാര്‍ത്ഥ പ്രതിരോധ ശേഷി നേടുമെന്ന് നടന് സിദ്ധാര്‍ത്ഥ്. 'ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍ രാജ്യം ശരിക്കും വാക്സിനേറ്റ് ആവും. അത് വരികയാണ്. ഞങ്ങള്‍ അപ്പോഴും ഇവിടെയുണ്ടാവും. കുറഞ്ഞ പക്ഷം ഈ ട്വീറ്റിനെയെങ്കിലും ഓര്‍മ്മപ്പെടുത്താന്‍' - സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
ബംഗാളില്‍ അധികാരത്തിലേറിയാല്‍ എല്ലാവര്ക്കും സൗജന്യ വാക്സിന് എന്ന ബിജെപിയുടെ പ്രസ്താവനയെ റിട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരമാര്‍ശം. മെയ് 1 മുതല്‍ വാക്സിന് നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്സിന് വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നയം പുറത്തുവന്നതിനുപിന്നാലെയായിരുന്നു ബംഗാളില്‍ സൗജന്യവാക്സിനെന്ന് ബിജെപി പ്രഖ്യാപിച്ചത്.
കേന്ദ്രം 150 രൂപയും സംസ്ഥാനങ്ങള്‍ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയുമാണ് വാക്സിനുവേണ്ടി നല്‍കേണ്ടത്. 18 വയസിനു മുകളില്‍ പ്രായമുളള എല്ലാവര്ക്കും മെയ് 1 മുതല്‍ വാക്സിന് നല്കിത്തുടങ്ങും. ഏപ്രില്‍ 28 മുതലാണ് വാക്സിനുവേണ്ടിയുളള രജിസ്ട്രേഷന് ആരംഭിക്കുന്നത്.