മുംബൈ: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയന്ത്രണങ്ങളേര്പ്പെടുത്താനുളള തീരുമാനം. വാരാന്ത്യ ലോക്ക് ഡൗണും നൈറ്റ് കര്ഫ്യുവുമുള്പ്പെടെയുളള നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് എല്ലാ ദിവസവും രാത്രി 8 മുതല്‍ രാവിലെ ഏഴ് മണി വരെയാണ് നൈറ്റ് കര്‍ഫ്യു. വെളളിയാഴ്ച്ച രാത്രി 8 മുതല്‍ തിങ്കളാഴ്ച്ച രാവിലെ ഏഴ് മണി വരെയാണ് വാരാന്ത്യ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാവുക. അഞ്ചിലധികം ആളുകള്‍ ഒരുമിച്ച് കൂടുന്നതിനും നിയന്ത്രണമുണ്ട്. ബാറുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയ്ക്ക് പാര്‍സല്‍ സര്‍വീസിനു മാത്രമായി തുറന്നു പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, സ്വകാര്യ കമ്പനികളോട് വര്‍ക്ക് ഫ്രം ഹോം മോഡലിലേക്ക് മാറാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആരാധനാലയങ്ങള്‍, ജിം, പാര്‍ക്കുകള്‍, ഇന്‍ഡോര്‍ സ്പോര്‍ട്ട്സ് ക്ലബുകള്‍, ബീച്ചുകള്‍, സലൂണ്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയവയെല്ലാം അടച്ചിടും. തിയറ്ററുകള്‍ അടച്ചിടുമെങ്കിലും സിനിമാ-സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ റാലികള്‍ക്കും നിയന്ത്രണമുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് കടുത്ത പിഴ ഈടാക്കും.