തിരുവനന്തപുരം: അന്തരീക്ഷ താനില കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില 2 -3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാനും നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കേരളത്തിൽ ചിലയിടങ്ങളിൽ പൊതുവെ ചൂട് വർധിച്ചു വരുന്നതിൻറെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. കേരളം ഉയർന്ന അന്തഃരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശിച്ചു.
വരും മാസങ്ങളില്‍ വേനല്‍ കടുക്കുന്നതോടെ കേരളത്തിൽ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യമാണുണ്ടാകുക എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.