ഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് ഡല്‍ഹിയിലെ പ്രക്ഷോഭം നയിക്കുക കര്‍ഷകസ്ത്രീകള്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള നാല്‍പ്പതിനായിരത്തോളം വരുന്ന സ്ത്രീകള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സമരകേന്ദ്രങ്ങളിലെ ഭക്ഷണ വിതരണം, സുരക്ഷ തുടങ്ങി എല്ലാ ചുമതലകളും ഇന്ന് വനിതകള്‍ക്കായിരിക്കും. സമരഭൂമിയിലെ സ്റ്റേജുകളിലും ഇന്ന് സ്ത്രീകള്‍ മാത്രമായിരിക്കും ഉണ്ടാവുക. കര്‍ഷക വനിതകള്‍ക്കൊപ്പം വിദ്യാര്‍ത്ഥിനികളും വനിതാ ആക്ടിവിസ്റ്റുകളുമെല്ലാം ഇന്ന് സമരത്തിന്റെ ഭാഗമാവും. 'മഹിളാ കിസാന്‍ ദിവസ്' എന്ന പേരിലാണ് വനിതാ ദിനം കര്‍ഷക പ്രക്ഷോഭകര്‍ ആചരിക്കുന്നത്.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം 102 ദിവസം പിന്നിട്ടു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി 13-ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സര്‍ക്കാരിപ്പോള്‍ കൊല്‍ക്കത്തയിലാണ് അതുകൊണ്ട് കര്‍ഷകരും കൊല്‍ക്കത്തയിലേക്ക് പോവുമെന്ന് കര്‍ഷകനേതാവ് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.