റിയാദ്: സൗദിയില്‍ കൊറോണ വൈറസ് 4-പേര്‍ക്കു കൂടി സ്ഥിരീകരിച്ചതോടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം കര്‍ശനമായി വിലക്കിക്കൊണ്ട് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. യു.എ.ഇ, ബെഹ്റൈന്‍, കുവൈത്ത്, ലബനന്‍, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സൌദി അറേബ്യയില്‍ പ്രവേശിക്കുന്നതാണ് താല്‍ക്കാലികമായി തടഞ്ഞത്.
ഇറ്റലിയില്‍ നിന്ന് ഇറാന്‍ വഴി എത്തിയവരില്‍ നിന്നാണ് ആദ്യമായി കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള യാത്രാ വിലക്ക് നേരത്തെ നിലവില്‍ വന്നിരുന്നു. സൌദിയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 15-ആയി. ഇതില്‍ രണ്ടുപേര്‍ ഇറാഖില്‍ നിന്നെത്തിയ വനിതകളാണ്. ഭൂരിഭാഗം രോഗികളേയും നിരീക്ഷണത്തില്‍ വെച്ച ലതീഫിയയിലേക്കുള്ള പ്രവേശനം കര്‍ശനമായി വിലക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ വംശജരില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിന്നുള്ള വരവിനെ സൌദി ഇതുവരെ വിലക്കിയിട്ടില്ല. ഭൂരിപക്ഷം മലയാളി പ്രവാസികളും സൌദിയില്‍ ജോലിചെയ്യുന്നവരാകയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെ വിലക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.