ഡല്‍ഹി: ഇനിമുതല്‍ രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുളള സെന്‍സസ് വേണമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അതാവലെ. എന്നാല്‍ ജാതീയതയ്ക്ക് വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയല്ല താന്‍ ഇത് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ ആദിവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത സെന്‍സസില്‍ വിവിധ ജാതികളെക്കുറിച്ചുളള ഡാറ്റയും ഉള്‍പ്പെടുത്തണം. അതുവഴി മൊത്തം ജനസംഖ്യയില്‍ അവര്‍ എവിടെ നില്ക്കുന്നു എന്ന് മറ്റുളളവര്‍ക്ക് മനസിലാവുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ജാതികള്‍ക്ക് ബുദ്ധിമുട്ടാവാത്ത രീതിയില്‍ മറാത്തികള്‍ക്ക് സംവരണം നല്‍കണമെന്നും രാംദാസ് അതാവലെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിലും ജോലിയിലും മറാത്തികള്‍ക്ക് സംവരണം അനുവദിക്കുന്ന നിയമം നടപ്പിലാക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം സ്റ്റേ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് രാംദാസ് അതാവലെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലൂടെ ജാതി വ്യവസ്ഥ തുടച്ചുമാറ്റണമെന്ന മഹാത്മഗാന്ധിയുടെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ കഴിയും അത് യുവജനങ്ങള്‍ക്ക് പ്രചോദനമാവുമെന്നും രാംദാസ് അതാവലെ പറഞ്ഞു.