ഡല്‍ഹി: 'ടൂള്‍ക്കിറ്റ്' കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ദിശ രവിക്ക് അഭിഭാഷകനെ കാണാന്‍ അനുമതി. മുപ്പത് മിനുറ്റ് അഭിഭാഷകനെയും പതിനഞ്ച് മിനിറ്റ് കുടുംബാംഗങ്ങളെയും കാണാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ദിശയുടെ അഭിഭാഷകന് പട്യാല കോടതിയില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് ദിശ രവിക്ക് കുടുംബത്തെ കാണാന്‍ അനുമതി ലഭിച്ചത്. എഫ്ഐആറിന്റെ പകര്‍പ്പും ദിശക്ക് നല്‍കും.
ഞായറാഴ്ച്ച ബംഗളുരുവില്‍ നിന്ന് അറസ്റ്റിലായ ദിശ ഇപ്പോള്‍ ഡല്‍ഹി പൊലീസ് കസ്റ്റടിയിലാണ്. ദിശ രവിയെക്കൂടാതെ നികിത ജേക്കബ്, ശന്തനു എന്നിവര്‍ക്കെതിരെയും ഡല്‍ഹി പൊലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. കര്‍ഷകരെ അനുകൂലിച്ചുകൊണ്ടുളള പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ടൂള്‍ക്കിറ്റ് ഷെയര്‍ ചെയ്തു എന്നതാണ് ദിശക്കെതിരായ കേസ്.
രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. താനല്ല ടൂള്‍ക്കിറ്റ് ഉണ്ടാക്കിയത്, കര്‍ഷകരെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നു, ടൂള്‍ക്കിറ്റിലെ രണ്ടുവരികള്‍ മാത്രമാണ് താന്‍ എഡിറ്റ് ചെയ്തതെന്നും ദിശ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങി നിരവധിപേരാണ് ദിശ രവിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.