കിംവദന്തികള്‍ ദേശീയാഖ്യാനങ്ങളായി മാറുന്ന വിധം - ഡോ. കെ എം അനില്‍

കേൾക്കാൻ ഒട്ടും ആഗ്രഹിക്കാത്ത വാക്കാണ് ‘വർഗ്ഗീയത’ എന്നത്. എങ്കിലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നമ്മുടെ ഉറക്കം കെടുത്തിക്കൊണ്ട് ആ വാക്ക് ചൂഴ്ന്നുനിന്നു. വിഷലിപ്തമായ വാക്കുകൾകൊണ്ട് സമൂഹമാദ്ധ്യമങ്ങൾ നിറഞ്ഞു. പ്രയോഗംകൊണ്ടു മാത്രം പരിഹരിക്കാവുന്ന ഒരു പ്രമേയമാണോ വർഗ്ഗീയത. അതേക്കുറിച്ചുള്ള സിദ്ധാന്തചർച്ചകൊണ്ട് ഒന്നും നേടാനാവില്ല. എങ്കിലും പ്രതീക്ഷ കൈവെടിയാതെ വർഗ്ഗീയതയെക്കുറിച്ച് നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു.

വർഗ്ഗീയതയും സത്യാനന്തരകഥകളും

ബഹുമതസമൂഹമായി ഇന്ത്യ പുലരുന്നതുകൊണ്ടാണ് വർഗ്ഗീയതയെക്കുറിച്ചുള്ള ചർച്ച അനിവാര്യമാകുന്നത്. വിശ്വാസികളുടെ എണ്ണമെടുത്താൽ ഇതിൽ ചില മതങ്ങൾ ഭൂരിപക്ഷവും ചിലത് ന്യൂനപക്ഷവുമാണ്. ന്യൂനപക്ഷമതങ്ങൾക്ക് ഭരണഘടന പ്രത്യേകസംരക്ഷണം ഉറപ്പുനൽകുന്നതിനാൽ അവർക്ക് സംഘടിക്കാനും ഭരണകൂടവുമായി വിലപേശാനുമുള്ള അവകാശമുണ്ട്. ഈ നില അവരെ രാഷ്ട്രീയമായി ശാക്തീകരിക്കുന്നതോടൊപ്പം സ്വത്വബോധത്തിലേക്കാനയിക്കുകകൂടി ചെയ്യും. അപരത്തിന്റെ സാന്നിദ്ധ്യത്തിലേ സ്വത്വത്തിന് സാംഗത്യമുള്ളൂ. അപരം എല്ലായ്പ്പോഴും ശത്രുതാപരമാകണമെന്നില്ല. എങ്കിലും അതിനുള്ള സാദ്ധ്യത നിലനിൽക്കുന്നുമുണ്ട്. അതായത് പൗരത്വവും വിശ്വാസവും ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ എല്ലായ്പ്പോഴും കൂടിക്കുഴഞ്ഞുവരുന്നു. ദേശരാഷ്ട്രത്തിന്റെ ഇത്തരം യുക്തികൾ പല സമുദായങ്ങളുടേയും സ്ഥാനത്തെ സന്ദിഗ്ദ്ധമാക്കുന്നു. ഈ സന്ദിഗ്ദ്ധതക്കകത്താണ് വർഗ്ഗീയതയുടെ നില. ന്യൂനപക്ഷസമുദായത്തിലെ ഒരംഗം ഒരേസമയം പൗരഗണത്തിലും അതേസമയം ഭരണഘടനാപരമായ പ്രത്യേക പരിഗണനക്കർഹതയുള്ള വിഭാഗത്തിലും പെടുന്നു. ഇത് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഭൂരിപക്ഷമത വിഭാഗത്തെ എല്ലായ്പ്പോഴും അസ്വസ്ഥതപ്പെടുത്താൻ ഹിന്ദുവർഗ്ഗീയവാദികൾക്ക്കഴിയുന്നു. അതുമാത്രമാണ് അവരുടെ മൂലധനം. ഇന്ത്യൻ രാഷ്ട്രസംവിധാനത്തെ അംഗീകരിക്കാൻ തയ്യാറല്ലാത്ത, വിഭജനത്തിന് ശേഷം നിലവിൽവന്ന ഇന്ത്യൻദേശീയതയെ പൂർണ്ണമായി തള്ളിക്കളയുന്ന ഹിന്ദുത്വനിലപാടാണ് ഇന്ത്യയിലെ വർഗ്ഗീയതയുടെ ആധാരം.ന്യൂനപക്ഷസമുദായങ്ങളുടെ സന്ദിഗ്ദ്ധമായ നിലയെക്കുറിച്ചുള്ള നിരവധി മിത്തുകൾ നിരന്തരം നിർമ്മിച്ചുകൊണ്ടാണ് അവർ തങ്ങളുടെ അടിത്തറ വിപുലീകരിക്കുന്നത്.

ഇത്തരം ആഖ്യാനങ്ങൾക്കകത്ത് ബി. ജെ. പി.യുടെ ഭരണം ശക്തമായിത്തുടരുന്ന നില വന്നിരിക്കുന്നു. ഗോവധം, കാശ്മീരിന്റെ പ്രത്യേകപദവി, പൗരത്വം എന്നിവയെക്കുറിച്ചെല്ലാം ഹിന്ദുത്വവാദികൾ ഉണ്ടാക്കിയ ആഖ്യാനങ്ങൾക്ക് വലിയതോതിൽ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനായി. ഇവയെല്ലാം സത്യാനന്തരകഥകളായി യാഥാർത്ഥ്യത്തിന്റെ പ്രതീതി ഉൽപ്പാദിപ്പിച്ചുകൊണ്ടിരുന്നു. ഇക്കൂട്ടത്തിൽ പുതുതായി കടന്നുവന്ന ‘കഥ’ യാണ് ലൗജിഹാദും മതപരിവർത്തനവും.  ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച പുതിയ നിയമങ്ങൾ നിലവിൽവന്നുകഴിഞ്ഞു. കഥകളുണ്ടാക്കുകയും അവയുടെ പിൻബലത്തിൽ നിയമങ്ങളുണ്ടാക്കുകയും ചെയ്യുക എന്നതാണ് സംഘപരിവാരത്തിന്റെ രീതി. ഓരോ നിയമവും ന്യൂനപക്ഷ സമുദായങ്ങളുടെ സന്ദിഗ്ദ്ധ നിലയെ കൂടുതൽ തീവ്രതരമാക്കുന്നു. കൊല്ലന്റെ ആലയിൽപ്പെട്ട മുയലിന്റെ അവസ്ഥയിൽ അവർക്ക് ജീവിക്കേണ്ടിവരുന്നു.

അവർ കഥ മെനയുകയാണ്

രാഷ്ട്രീയക്കാർ മാത്രമല്ല, നീതിന്യായവ്യവസ്ഥയും ഭരണസംവിധാനങ്ങളും ഇത്തരം ആഖ്യാനങ്ങളെ സാധൂകരിക്കുന്ന നില വന്നിരിക്കുന്നു. അലഹബാദ് ഹൈക്കോടതി 'പ്രിയദർശിനി' കേസിൽ പുറപ്പെടുവിച്ച വിധിഅക്ഷരാർത്ഥത്തിൽ മതനിരപേക്ഷ വിശ്വാസികളെ ഞെട്ടിക്കുന്നതാണ്. വിവാഹത്തിന്റെ ആവശ്യത്തിന് മതം മാറിയ ദമ്പതികളുടെ സംരക്ഷണം ഏറ്റെടുക്കാൻ കോടതിക്ക് ബാധ്യതയില്ലെന്നായിരുന്നു വിധി. വിവാഹം എന്നത് തീർത്തും വ്യക്തിപരമായ കാര്യമാണ്. അതിലിടപെടാനോ തടസ്സംസൃഷ്ടിക്കാനോ ആർക്കും അവകാശമില്ല. എന്നിരിക്കെ, മതവിശ്വാസത്തിന്റെ പേരിൽ ആരെങ്കിലും വിവാഹജീവിതത്തിൽ ഇടപെടുകയും വ്യക്തികളുടെ ജീവന് ഭീഷണി ഉയർത്തുകയും ചെയ്താൽ അതിൽനിന്ന് തങ്ങളെരക്ഷിക്കണമെന്ന് ഈ വ്യക്തികൾ ആരോടാണ് പറയേണ്ടത്? അവർക്ക് ചെന്നെത്താവുന്ന അവസാനത്തെ അത്താണിയാണ് കോടതി. ആ കോടതിയാണ് നിരാലംബരായ മനുഷ്യർക്ക് നേരെ വാതിൽ കൊട്ടിയടക്കുന്നത്. പ്രിയദർശിനി കേസിന്റെ വിധി ഉയർത്തിപ്പിടിച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസ് കൊണ്ടുവന്നു. ഇതോടുകൂടി മതേതരവിവാഹം എന്നത് ജാമ്യമില്ലാത്ത കുറ്റമാണെന്ന് വന്നിരിക്കുന്നു. അഞ്ചുവർഷംവരെ തടവും പതിനയ്യായിരം രൂപയെങ്കിലും പിഴയും ലഭിക്കാവുന്ന കുറ്റമായി മതേതരവിവാഹം നിർവ്വചിക്കപ്പെട്ടിരിക്കുന്നു. കുട്ടികളെ മതം മാറ്റുന്നതും സമൂഹ മതംമാറ്റവും ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങളായി മാറിയിരിക്കുന്നു. വ്യക്തികൾക്ക് മതം മാറണമെങ്കിൽ രണ്ട് മാസംമുമ്പ് മജിസ്ട്രേറ്റ് മുമ്പാകെ നോട്ടീസ് നൽകണമെന്ന വിചിത്രമായ കൽപ്പനയും ഈ ഓർഡിനൻസിലുണ്ട്. തീർത്തും വർഗ്ഗീയമായ ഒരു ഓർഡിനൻസാണിത്.

ജർമ്മൻകാരും ജൂതരും തമ്മിലുള്ള വിവാഹബന്ധവും ലൈംഗികബന്ധവും നിരോധിച്ച നൂറംബർഗ്  നിയമത്തെ ഓർമ്മിപ്പിക്കുന്നതാണ് ഉത്തർപ്രദേശിലെ ഓർഡിനൻസെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞത് ശ്രദ്ധേയമാണ്. പിതൃമേധാവിത്തം അതിശക്തമായി നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ ഇത്തരം നിയമങ്ങൾ ഏറ്റവുമധികം ബാധിക്കുക സ്ത്രീകളെയാണെന്നും അവർ പറയുന്നുണ്ട്. വ്യക്തിനിയമങ്ങളെ ഹനിക്കുന്ന ഈ ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയെ അനുദിനം ദുർബ്ബലപ്പെടുത്തുന്നു എന്നതാണ് സമകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൊരുൾ. വിവാഹവും മതവിശ്വാസവും വ്യക്തിപരമായ കാര്യമാണെന്നിരിക്കെ എങ്ങിനെയാണ് ഭരണകൂടം ഇതിൽ ഇടപെടുന്നത്? എന്നതാണ് മൗലികമായ ചോദ്യം.

‘ലൗജിഹാദ്’ ഒരു വെടിക്ക് രണ്ടു പക്ഷി 

‘ലൗജിഹാദ്’ എന്ന പേരിൽ സംഘപരിവാരം കെട്ടിച്ചമച്ച കഥക്ക് രണ്ട് ലക്ഷ്യങ്ങളുണ്ട്. അതിലൊന്ന് മുസ്ലീം പുരുഷൻമാരെ വിശ്വസിക്കരുത് എന്ന താക്കീതാണ്. മറ്റൊന്ന് ഹിന്ദു പെൺകുട്ടികൾ ചിന്താശേഷിയില്ലാത്തവരാണെന്ന ഓർമ്മിപ്പിക്കലും. ആയതിനാൽ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കണം. അങ്ങിനെ മുസ്ലിം പുരുഷനിൽനിന്ന് ഹിന്ദു സഹോദരിമാരെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഹിന്ദുയുവാക്കളെ നിർമ്മിക്കുന്ന ആഖ്യാനമാണ് ലൗജിഹാദ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പ്രതീകത്തെ പുതിയ സന്ദർഭത്തിൽ പുനരുദ്ധരിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ‘ലൗജിഹാദ്’ എന്ന കഥ ഒരേസമയം മുസ്ലിംവിരുദ്ധവും അതേസമയം സ്ത്രീവിരുദ്ധവുമാണ്. തങ്ങൾ വരക്കുന്നിടത്താണ് സ്ത്രീകളുടെ ‘ലക്ഷ്മണരേഖ’ എന്ന് പറഞ്ഞുറപ്പിക്കാൻ സംഘപരിവാരം മെനഞ്ഞെടുത്ത കഥയാണ് ‘ലൗജിഹാദ്’.

ഉത്തർപ്രദേശിൽ മാത്രമല്ല മധ്യപ്രദേശ്, കർണ്ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇതേ നിയമംകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഒരു രാഷ്ട്രം അതിന്റെ ആധാരശിലകളെ ഇളക്കിയെടുക്കുകയാണ്. ഇന്ത്യ എന്ന ഭാവനയുടെ ഉള്ളടക്കവും പ്രകൃതവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ‘വർഗ്ഗീയത’ എന്നത് ഒരുകാലത്ത് ഏറെ വെറുക്കപ്പെട്ട വാക്കായിരുന്നു. ഒരാളും താനൊരു വർഗ്ഗീയവാദിയാണെന്ന് പൊതുസമൂഹത്തിൽ അഭിമാനത്തോടെ പറഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് വർഗ്ഗീയത എന്നത് പ്രബലമായ പൊതുബോധമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. അതിന് ഭരണകൂടത്തിന്റേയും കോടതിയുടെയും പിൻബലംകൂടിയുണ്ടെന്ന് വരുന്നത് എത്രമേൽ ഭയാനകമാണ്!

ലൗജിഹാദെന്ന കഥക്ക് അഞ്ച് വർഷത്തിലേറെ പഴക്കമില്ലെന്ന് മധ്യകാല ഇന്ത്യയെക്കുറിച്ച് പഠിച്ച ഹർബൻസ് മുഖിയ പറയുന്നുണ്ട്. 1984 വരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒതുങ്ങിയും പതുങ്ങിയും പ്രവർത്തിച്ചിരുന്ന സംഘപരിവാരത്തിന്, മോദി അധികാരത്തിൽ വന്നപ്പോൾ അതുവരേയും അവർ കിംവദന്തിയിലൂടെ പ്രചരിപ്പിച്ചിരുന്ന പ്രാദേശിക കഥകൾക്ക് ദേശീയാഖ്യാനങ്ങളുടെ പദവി കൈവന്നു. അതിലൊന്നാണ് ലൗ ജിഹാദ്. ലൗ ജിഹാദിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ‘പദ്മാവത്’ എന്ന സിനിമ പുറത്തിറക്കിയതെന്ന കാര്യവുംകൂടെ ഈ ഘട്ടത്തിൽ ഓർക്കാവുന്നതാണ്. ഈ സിനിമയിൽ അലാവുദ്ദീൻ ഖിൽജിയെ ഹിന്ദുക്കളുടെ ചോരക്കായി ദാഹിക്കുന്ന പിശാചായി ചിത്രീകരിച്ചിരിക്കുന്നു. ‘ഘർവാപസി’ ‘ലൗ ജിഹാദ് എന്നീ മിത്തുകൾ സാമൂഹ്യവും മതപരവുമായ പ്രമേയങ്ങളെ വളരെ പെട്ടന്ന് രാഷ്ട്രീയമാക്കി മാറ്റി. ഈ കഥകളെല്ലാം ഇന്ത്യൻ ജനതയെ വീണ്ടും വീണ്ടും അകലാൻ മാത്രമേ സഹായിക്കൂ.

ഇന്ത്യൻ വർഗ്ഗീയതയുടെ അടിവേര് ജാതിവ്യവസ്ഥക്കകത്താണ്

മതപരിവർത്തനത്തെ തടയുകവഴി ജാതിവ്യവസ്ഥയെ സംരക്ഷിക്കുക എന്നതാണ് സംഘപരിവാർ അജണ്ട. അംബേദ്ക്കർ തന്റെ ജാതിയിൽപിറന്ന ലക്ഷക്കണക്കിന് മനുഷ്യരെയാണ് ബുദ്ധമതത്തിലേക്ക് പരിവർത്തിപ്പിച്ചത്. ഈ സന്ദർഭത്തിൽ ഓർക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്. ഇന്നത്തെ ഇന്ത്യയിൽ ജാമ്യമില്ലാത്ത വകുപ്പ് ചാർത്തി ജയിലിലിടാൻ കഴിയുന്ന കുറ്റമാണ് അദ്ദേഹം ചെയ്തത്. ഹിന്ദുമതത്തിലെ മിശ്രവിവാഹിതർക്ക് 2.5 ലക്ഷം രൂപ ധനസഹായം നൽകുന്ന ഒരു പദ്ധതി ഉത്തർപ്രദേശിൽ അംബേദ്ക്കറുടെ പേരിൽ ആരംഭിച്ചു. എന്നാൽ അത്തരത്തിലുള്ള വിവാഹങ്ങളെ മേൽജാതിക്കാർ കഠിനമായി എതിർക്കുന്നു. അവർ അതിന്റെ പേരിൽ ദളിതരെ ആക്രമിക്കുകയും ചുട്ടുകൊല്ലുകയും ചെയ്യുന്നു. ഒരു എഫ് ഐ ആർ രേഖപ്പെടുത്താൻ പോലും ഇത്തരം കേസുകളിൽ പൊലീസ് തയ്യാറാവാറില്ല. ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത് ഇന്ത്യൻ വർഗ്ഗീയതയുടെ അടിവേര് മതങ്ങൾക്കിടയിലെ വൈരുദ്ധ്യത്തിൽ നിന്ന് എന്നതിനേക്കാൾ ജാതിവ്യവസ്ഥക്കകത്താണ് അന്വേഷിക്കേണ്ടത് എന്ന വസ്തുതയാണ്.

‘ദുരഭിമാനക്കൊല’ ഇന്ന് കേരളത്തിൽപ്പോലും വ്യാപിച്ചുവരുന്നത് ഇതിന്റെ സൂചനയാണ്. മിശ്രഭോജനത്തിലൂടേയും മിശ്രവിവാഹത്തിലൂടേയും വിപ്ലവം തീർത്ത ഒരു ജനതയാണ് ഇവ്വിധം പിന്നോട്ട് നടക്കുന്നതെന്നുകൂടി ഓർക്കണം. ‘കലർപ്പി’നെക്കുറിച്ചുള്ള ഭയമാണ് വർഗ്ഗീയതയിലും ജാതിബോധത്തിലും പ്രവർത്തിക്കുന്നത്. ഓരോ ജാതിയും ഓരോ മതവും അതിനകത്തുതന്നെ ശുദ്ധമാണെന്നാണ് സങ്കൽപ്പം. ഈ ശുദ്ധിവാദത്തിന്റെ പിൻബലത്തിലാണ് ശബരിമലയിലെ സ്ത്രീപ്രവേശത്തെ മുൻനിർത്തി ഒരു രാഷ്ട്രീയപ്രസ്ഥാനമുണ്ടാക്കാൻ വലതുപക്ഷ ശക്തികൾ ധൈര്യപ്പെട്ടത്. ആയതിനാൽ ജാതിയെ ഉൻമൂലനം ചെയ്യാതെ വർഗ്ഗീയതയെ പൂർണ്ണമായും തുടച്ചു നീക്കാനാവില്ല. കാരണം രണ്ടിനേയും സംരക്ഷിക്കുന്നത് ശുദ്ധിയെക്കുറിച്ചുള്ള ആഖ്യാനങ്ങളാണ്.

മതനിരപേക്ഷതക്ക് എന്ത് സംഭവിക്കുന്നു? ന്യൂനപക്ഷ സമുദായങ്ങളേയും ദളിതരേയും ദേശരാഷ്ട്രം സംരക്ഷിക്കുന്നില്ലെന്ന് മാത്രമല്ല അത് അവരെ വലിയതോതിൽ അന്യവൽക്കരിക്കുകയും ചെയ്യുന്നു. ദളിതരും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന ഈ അന്യവൽക്കരണത്തെ എങ്ങിനെ അഭിസംബോധന ചെയ്യാം എന്നതാണ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ സമകാല വെല്ലുവിളി. ഹിന്ദുത്വം ഉൽപ്പാദിപ്പിക്കുന്ന വർഗ്ഗീയമായ ആഖ്യാനങ്ങളെ മതനിരപേക്ഷമായ ആഖ്യാനങ്ങൾകൊണ്ടുമാത്രമേ തോൽപ്പിക്കാനാവൂ. ആഖ്യാനങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പ്രത്യാഖ്യാനങ്ങൾ ഉണ്ടാക്കുമ്പോൾ ഉയർന്ന ജാഗ്രതവേണം. വെറുക്കാൻ പഠിപ്പിക്കുന്ന ആശയങ്ങളെ വെറുപ്പുകൊണ്ട് തോൽപ്പിക്കാനാവില്ല. സ്നേഹംകൊണ്ടും കരുതൽകൊണ്ടും മാത്രമേ അത് സാദ്ധ്യമാകൂ. അതിലളിതവും സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതുമായ ആശയമാണിതെങ്കിലും ഇക്കാര്യം പ്രവൃത്തിയിൽ കൊണ്ടുവരാൻ മതനിരപേക്ഷ ശക്തികൾക്ക് കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

വർഗ്ഗീയതയും മതമൗലികവാദവും

മതവർഗ്ഗീയതയും മതമൗലികവാദവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഇ.എം. എസ്. എഴുതിയ ലേഖനം ഒരിടക്ക് വലിയ വാദകോലാഹലങ്ങൾക്കിടയാക്കി. യഥാർത്ഥത്തിൽ ബിപൻ ചന്ദ്ര ഇക്കാര്യം വിശദമാക്കിക്കൊണ്ട് 1993ൽ ‘മതമൗലികവാദവും വർഗ്ഗീയതയും’ എന്ന പേരിൽ ഒരു പ്രബന്ധമെഴുതിയിട്ടുണ്ട്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളിൽ മതമൗലികമായ ആശയങ്ങൾക്ക് വേരോട്ടമുണ്ടെന്നും വർഗ്ഗീയമായ ആശയധാര അവരിൽ താരതമ്യേന ദുർബലമാണെന്നും ബിപൻചന്ദ്ര നിരീക്ഷിക്കുന്നു. തങ്ങളുടെ ജീവിതദർശനത്തെ രൂപപ്പെടുത്തുന്നതിന് പൂർണ്ണമായും മതവിശ്വാസത്തെ ആശ്രയിക്കുന്ന സമീപനമാണ്മ തമൗലികവാദം. മതഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചാണ് ഈ നിലപാടിൽ അവർ എത്തിച്ചേരുന്നത്. വ്യാഖ്യാനഭേദങ്ങൾക്കനുസരിച്ച് അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുമുണ്ടാകും. മതന്യൂനപക്ഷങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങൾ ഉണ്ടാകുന്നതിന്റെ കാരണമിതാണ്. ഇന്ത്യയിലെ മുസ്ലീം -ക്രിസ്ത്യൻ വിഭാഗങ്ങളിലെല്ലാം മതമൗലികവാദവും അതുവഴിയുള്ള തർക്കവും പ്രബലമാണല്ലോ. എന്നാൽ ഭൂരിപക്ഷമതമെന്ന് വിളിക്കുന്ന ഹിന്ദുമതത്തിന് മതമൗലികവാദത്തിനുള്ള സാധ്യതയില്ല. കാരണം അത്അ ടിസ്ഥാനപരമായി ഒരു മതംതന്നെയല്ല. നിരവധി ജാതികളുടെ ഒരു സമാഹരാമാണത്. ഒരുതരത്തിൽ പറഞ്ഞാൽ വർണ്ണാശ്രമവ്യവസ്ഥയാണ് ഹിന്ദുമതത്തിലെ മതത്തിന്റെ ആധാരം. ജാതിക്കെതിരായ അവബോധം ശക്തിപ്പെട്ടതോടെ ഹിന്ദുമതത്തിലെ മൗലികവാദത്തിന് മങ്ങലേറ്റു എന്ന്പറയാം. ആർ എസ് എസ് എന്ന സംഘടനയുടെ പ്രത്യയശാസ്ത്രമായി വർണ്ണാശ്രമധർമ്മം ഒതുങ്ങി. ഇപ്പോഴും ജാതിപ്രത്യയശാസ്ത്രത്തെ മൂടിവെച്ചുകൊണ്ടുമാത്രമേ ആർ എസ് എസ് പ്രവർത്തിക്കുന്നുള്ളൂ എന്ന് നമുക്കറിയാം. എന്നാൽ വർഗ്ഗീയത മതവിശ്വാസത്തിനപ്പുറം വിശ്വാസികളായവരെ ഒന്നിപ്പിക്കാനും അധികാരത്തിലേക്കെത്തിക്കാനും ശ്രമിക്കുന്നു. മതം എന്നത് വർഗ്ഗീയവാദികൾക്ക് ഒരു ജഡിലോക്തിമാത്രമാണ്. ബി ജെ പി യുടെ ഇന്ത്യയിലെ പ്രവർത്തനം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മാതൃക.

വർഗ്ഗീയവാദികൾ ഇതരമതസ്ഥരെ അപരമായിക്കാണുമ്പോൾ മതമൗലികവാദികൾ സ്വന്തം മതത്തിലുള്ള ഇതരവിഭാഗങ്ങളെ മുഖ്യമായ അപരമായി കാണുന്നു. മതമൗലികവാദം വർഗ്ഗീയവാദമായി മാറാനുള്ള പ്രവണത കാണിക്കുമ്പോൾ അതിനെ ചെറുക്കുന്ന ശക്തികൾ മതമൗലികവാദികളിൽ നിന്നുതന്നെ ഉയർന്നുവരുന്നതും നമ്മുടെ അനുഭവമാണ്. വിഭജനാനന്തരം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ തങ്ങളുടെ മൗലികവാദത്തിൽ അടിയുറച്ചുനിൽക്കുമ്പോഴും അത് വർഗ്ഗീയതയായി മാറുന്നില്ല എന്ന് ഉറപ്പുവരുത്താൻ ശ്രമിച്ചിട്ടുണ്ട്. അവർ പ്രധാനമായും മതനിരപേക്ഷ പാർട്ടികൾക്കൊപ്പം അണിനിരക്കുകയും പൗരോഹിത്യവിഭാഗം നേരിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു വരുന്നതാണ് നാം കാണുന്നത്. മൗലികവാദപരമായി അവർക്കിടയിൽ ധാരാളം ഭിന്നതകളുണ്ടെങ്കിലും മതനിരപേക്ഷതയുടെ രാഷ്ട്രീയത്തെ അവർ സാമാന്യമായി അംഗീകരിച്ചു.

സംഘപരിവാറിന്‍റെ ഭരണകൂടാരോഹണവും മുസ്ലീം രാഷ്ട്രീയവും 

എന്നാൽ സംഘപരിവാരത്തിന്റെ വളർച്ച ഇന്ത്യയിലെ മുസ്ലീം രാഷ്ട്രീയത്തിൽ ശക്തമായ ചില പ്രതിഫലനങ്ങളുണ്ടാക്കുന്നതാണ് നാം കാണുന്നത്. തീവ്രവാദപരമായ നിലപാടുകൾ സ്വീകരിക്കുന്ന ഗ്രൂപ്പുകൾ മുസ്ലീം രാഷ്ട്രീയത്തിൽ പിടിമുറുക്കുന്നു. അവർ മതത്തേക്കാളേറെ അധികാരത്തെ പ്രധാനമായിക്കാണുന്നു. ഇത് മതനിരപേക്ഷതക്കൊപ്പം അണിനിരന്നുകൊണ്ട് തങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിയ മതന്യൂനപക്ഷങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാനിടയാക്കി. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉയർന്നുവന്ന വിവാദം ഇതിന്റെ തെളിവാണ്. മുസ്ലീം രാഷ്ട്രീയം മതനിരപേക്ഷശക്തികളുടെ കരുത്ത് വർദ്ധിപ്പിക്കേണ്ട സന്ദർഭത്തിൽ തങ്ങളുടെ മൗലികവാദപരമായ നിലപാടുകളിലൂടെ അതിൽ വിള്ളലേൽപ്പിക്കാൻ ശ്രമിക്കുന്നതിന്റെ അപകടമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ഈ എതിർപ്പ് ഏറ്റവുമധികം ഉയർന്നത് മുസ്ലീം വിഭാഗത്തിൽനിന്നുതന്നെയാണ് എന്നതാണ് ഏറ്റവും പ്രധാനം. മതത്തിന്റേയും ആത്മീയതയുടേയും പക്ഷത്തുനിന്ന് മതനിരപേക്ഷതയെ പിന്തുണക്കുന്ന നിലപാടാണ് ന്യൂനപക്ഷരാഷ്ട്രീയത്തിൽനിന്ന് ഇന്ത്യൻ പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ആ നിലപാടിനെ മുൻവിധികളില്ലാതെ സ്വീകരിക്കാൻ മതനിരപേക്ഷ ശക്തികൾ തയ്യാറാകണം. 

ജീവല്‍ പ്രശ്നങ്ങളില്‍ ഊന്നണം - കര്‍ഷക സമരത്തില്‍ പാഠങ്ങളുണ്ട് 

മതേതരമായ സാമൂഹ്യജീവിതത്തിന്റെ നിർമ്മിതിയിൽ എല്ലാവരും പങ്കാളികളാകണം. എല്ലായ്പ്പോഴും മതത്തേയും വിശ്വാസത്തേയും മുൻനിർത്തിയുള്ള ആഖ്യാനങ്ങളാണ് സംഘപരിവാരം നിർമ്മിച്ചുകൊണ്ടിരിക്കുന്നതെന്ന് മുമ്പ് സൂചിപ്പിച്ചു. അതിനുപകരം ജീവൽപ്രശ്നത്തിലൂന്നിയുള്ള ആഖ്യാനങ്ങൾ വികസിപ്പിക്കാനും അതിനുപിന്നിൽ മതാതീതമായി എല്ലാ ജനവിഭാഗങ്ങളേയും അണിനിരത്താനും മതനിരപേക്ഷ ശക്തികൾക്ക് കഴിയണം. ദില്ലിയിൽ നടക്കുന്ന കർഷകസമരമാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം. കർഷകർ നായകരായ പുതിയ ആഖ്യാനത്തിന് ഇത് വഴി തുറന്നിരിക്കുന്നു. മതത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നതിൽനിന്ന് വിഭിന്നമായി മനുഷ്യർ അപ്പംകൊണ്ടുകൂടിയാണ് ജീവിക്കുന്നതെന്ന്  ഓർമ്മിപ്പിക്കാൻ ഈ സമരത്തിന് കഴിയുന്നുണ്ട്. ഇതേവിധം പെട്രോൾ-ഡീസൽ വില വർദ്ധന, ഓക്സിജനില്ലാതെ കുട്ടികൾ പിടഞ്ഞുമരിക്കുന്ന അവസ്ഥ, തൊഴിലില്ലായ്മ, തൊഴിലാളികളെ പാപ്പരീകരിക്കുന്ന തൊഴിൽ നിയമങ്ങൾ എന്നിവക്കെല്ലാമെതിരെ അതിശക്തമായ ആഖ്യാനങ്ങൾ നിർമ്മിക്കാനാകണം. എല്ലാ ആഖ്യാനങ്ങളും സമൂഹത്തിൽ പ്രവർത്തിക്കും. അതിലൂടെ ശക്തമായ മുന്നേറ്റങ്ങൾ ഉയർന്നുവരും. ഇത് പങ്കാളിത്തജനാധിപത്യത്തെ കൂടുതൽ ശക്തമാക്കും. അതോടൊപ്പം സാംസ്ക്കാരിക രംഗത്ത് എല്ലാവരേയും ഉൾക്കൊള്ളുന്ന അതിവിപുലമായ വേദികൾ സൃഷ്ടിക്കാൻ മതനിരപേക്ഷ രാഷ്ട്രീയത്തിന് കഴിയണം. രാഷ്ട്രീയത്തെ പൂർണ്ണമായും സാംസ്ക്കാരികമായി നിർവ്വചിക്കാനാണ് ഹിന്ദുത്വശക്തികളുടെ ശ്രമം. അതിന് ബദലായി വിശാലമായ സാംസ്ക്കാരിക ഐക്യം രൂപപ്പെടുത്തണം. വർഗ്ഗീയതയെ അകറ്റുമ്പോൾത്തന്നെ മതമൗലികവാദത്തോട് സംവാദാത്മകമായ ബന്ധം സൂക്ഷിക്കണം. മതനിരപേക്ഷ ഐക്യത്തെ തകർക്കുന്ന ഘട്ടത്തിൽ അതിനെ അകറ്റി നിർത്തണം. ഇങ്ങനെ തീർത്തും പ്രായോഗികവും അതേസമയം ദീർഘകാല ലക്ഷ്യവുമുള്ള ഒന്നായിരിക്കും ഒരു ബഹുമത സമൂഹത്തിലെ മതനിരപേക്ഷ രാഷ്ട്രീയ പ്രവർത്തനം. മതത്തെ സാമൂഹ്യജീവിതത്തിൽനിന്ന് തീർത്തും മാറ്റിനിർത്തണമെന്ന ജഡിലോക്തി ഇന്ത്യൻ സാഹചാര്യത്തിൽ അപ്രായോഗികമാണ്. കാരണം മതങ്ങളാണ് ഒരു ഘട്ടത്തിൽ ഇന്ത്യൻ സാമൂഹ്യജീവിതത്തെ ആഴത്തിൽ പരിഷ്ക്കരിക്കാനും പുനർനിർമ്മിക്കാനും ശ്രമിച്ചത്. ബുദ്ധമതം, ഭക്തിപ്രസ്ഥാനം എന്നിവയെല്ലാം ആധുനികപൂർവ്വ ഇന്ത്യൻ സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച പ്രസ്ഥാനങ്ങളാണ്. ഇവ സൃഷ്ടിച്ച അവബോധം ഇപ്പോഴും ഇന്ത്യൻ സാമൂഹ്യജീവിതത്തിൽ പ്രബലമാണ്. ആയതിനാൽ പ്രസ്തുത പ്രസ്ഥാനങ്ങൾ അവരുടെ ആഖ്യാനങ്ങളുണ്ടാക്കാനുപയോഗിച്ച ഭാഷ ജനങ്ങൾക്കേറെ പരിചിതമാണ്. അത് ആധുനിക മതനിരപേക്ഷ രാഷ്ട്രീയം പഠിച്ചെടുക്കുകതന്നെ വേണം.

Contact the author

Dr. Anil K. M.

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More