കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് നേതാവ് കെവി തോമസ് ഈ മാസം 23 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. വാർത്താസമ്മേളനം നടത്തിയാവും നിലപാട് അറിയിക്കുക. എറണാകുളത്തെ ബിടിഎച്ച് ഹോട്ടലിലാണ് വാർത്താസമ്മേളനം വിളിച്ചത്.
തനിക്ക് പറയാനുള്ളതെല്ലാം 23 ന് തുറന്നു പറയുമെന്ന് കെ വി തോമസ് പറഞ്ഞു. എൽഡിഎഫുമായി സഹകരിക്കുമോ എന്നതിന് പിന്നീട് പറയാം എന്നായിരുന്നു തോമസിന്റെ മറുപടി. എൽഡിഎഫ് സ്ഥാനാർത്ഥിയായി എറണാകുളത്ത് മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് തോമസ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വമായി തോമസ് ഇടഞ്ഞത്. തോമസിനെ അനുനയിപ്പിക്കാൻ യുഡിഎഫ് കൺവീനർ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് അത് നടപ്പായില്ല. കോൺഗ്രസ് മാധ്യമങ്ങളായ ജയ്ഹിന്ദ് ചാനലിന്റെയും വീക്ഷണം പത്രത്തിന്റെയും ചുമതല ഏൽപ്പിച്ചെങ്കിലും തോമസ് ഏറ്റെടുത്തിരുന്നില്ല.