ഡല്‍ഹി: കാര്‍ഷിക മേഖലയെ നശിപ്പിക്കാനാണ് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തത്, കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാനുളള ഏകവഴി നിയമങ്ങള്‍ റദ്ദാക്കുകയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ അപാകതകള്‍ ഉയര്‍ത്തിക്കാട്ടുന്ന ബുക്ക്ലെറ്റ് പ്രസിദ്ധീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിന്റെ മുഴുവന്‍ കാര്‍ഷികമേഖലയെയും മൂന്നോ നാലോ കോര്‍പ്പറേറ്റുകളുടെ കയ്യിലാക്കുമെന്ന് രാഹുല്‍ പറഞ്ഞു. പ്രതിഷേധിക്കുന്ന കര്‍ഷകരെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു, നമുക്കുവേണ്ടിയാണ് അവര്‍ പോരാടുന്നത് അതിനാല്‍ രാജ്യത്തെ എല്ലാ വ്യക്തികളും കര്‍ഷകരെ പിന്തുണയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
താന്‍ നരേന്ദ്രമോദിയുള്‍പ്പെടെ ആരെയും ഭയപ്പെടുന്നില്ല, തന്റെ മേല്‍ കളങ്കളങ്ങളൊന്നുമില്ല, എനിക്ക് നേരേ വെടിയുതിര്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞെന്നുവരും എന്നാല്‍ എന്റെ ദേഹത്ത് തൊടാന്‍ അവര്‍ക്ക് സാധിക്കില്ല. എന്റെ രാജ്യത്തെ ഞാന്‍ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു അത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് കര്‍ഷകരാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുളള പത്താംഘട്ട ചര്‍ച്ച ജനുവരി 20ന് വിജ്ഞാന് ഭവനില്‍ വച്ച് നടക്കും.