ഗെയില്‍ കോര്‍പ്പറേറ്റുകള്‍ കൊണ്ടുപോകുമോ? - കയ്യടി ജാഗ്രതയോടെ വേണം - നാടുകാണി

ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നു. വികസന കാംക്ഷികളായ എല്ലാവരെയും പോലെ സന്തോഷിക്കുന്നു. ഒരു പൊതുമേഖലാ സ്ഥാപനം ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി നടത്തുന്ന വലിയ പദ്ധതി. അത്തരത്തില്‍ ഒരു വികസനപ്രവര്‍ത്തനം പദ്ധതിയുടെ പൈപ്പ്‌ലൈന്‍ കടന്നു പോകുന്നിടങ്ങളില്‍ സ്ഥലം വിട്ടുതരാന്‍ തയാറായ മനുഷ്യരെ എത്രകണ്ട് ബാധിച്ചുവെന്നും സ്വയം ഭൂമിയും തങ്ങളുടെ ആവാസവ്യവസ്ഥയും നഷ്ട്ടപ്പെടുത്തേണ്ടിവന്നവര്‍ക്ക് അവരുടെ ജീവനോപാധികള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും ആത്മാര്‍ഥമായ പരിശോധന ഇനിയും സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. സമരം ചെയ്തവര്‍ ഏതുരാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാകട്ടെ അവരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ് എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വിസ്മരിച്ചുകൂടാ. തങ്ങളുടെ ജീവനോപാധികളെ പ്രതി, ജീവിതത്തെ പ്രതി ഉത്കണ്ഠാകുലരായി സമരരംഗത്തുവരാന്‍ നിര്‍ബന്ധിതരായിത്തീരുന്നവരെ വികസന വിരോധികള്‍ എന്ന ചാപ്പകുത്തി, ഏതോ അജ്ഞാതശക്തികളുടെ പേറോളില്‍ ഉള്‍പ്പെടുന്നവരായി മുദ്രകുത്താന്‍ ഭരണകൂടവും മുഖ്യധാരാ പാര്‍ട്ടികളും ശ്രമിക്കുന്നത് അങ്ങേയറ്റത്തെ നീതികേടാണ്. സമയബന്ധിതമായി പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇച്ചാശക്തിയോടെ പ്രവര്‍ത്തിച്ച കേരളാ സര്‍ക്കാരിന്റെ മേല്‍പ്പറഞ്ഞതരത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ ഈ അത്യാഹ്ളാദത്തിനിടയിലും മറന്നുകൂടാ. അതോടൊപ്പം മാനത്ത് ഉരുണ്ടുകൂടികിടക്കുന്ന അതിവര്‍ഷ കാര്‍മേഘങ്ങളെ നാം കാണേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും കേരളത്തിലെ ജനങ്ങളും അത്യന്തം ജാഗ്രത്തായിരിക്കേണ്ടതുണ്ട്. 

ഒരു പൊതുമേഖലാ സ്ഥാപനം എന്നാല്‍ ജനങ്ങളുടെ പൊതുസ്വത്താണ്. അവര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കുറയും. അതുകൊണ്ടുതന്നെയാണ് സ്ഥലമെടുപ്പിലെ സമരങ്ങളെയും ആശങ്കകളെയും മറികടന്ന് പദ്ധതിയുടെ പൂര്‍ത്തികരണത്തിലേക്ക് ഗ്യാസ് ലൈന്‍ പദ്ധതി എത്തിച്ചേര്‍ന്നത്. എന്നാല്‍ നാടാകെത്തന്നെ വില്‍പ്പന നടത്താന്‍ വെമ്പല്‍കൊള്ളുന്ന ഒരു കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് ഈ പൊതുമേഖലാ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നാം മറന്നുകൂടാ. കൊവിഡ്‌ നിയന്ത്രണങ്ങള്‍ ഒരനുഗ്രഹമായിക്കണ്ട്, ജനങ്ങളാകെ വീട്ടിലകപ്പെട്ട സമയം നോക്കി, ബിഎസ്എന്‍എല്ലിലെ ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടവരാണവര്‍,  ബിഎസ്എന്‍ എല്ലിന്‍റെ സഞ്ചിത ആസ്തിയുടെ നാലിലൊന്ന് വിലക്ക് കമ്പനിയെ വില്‍ക്കാന്‍ ശ്രമിക്കുന്നവരാണവര്‍. എയര്‍ ഇന്ത്യയെ, ഇപ്പോഴും വര്‍ഷാവര്‍ഷം വലിയൊരു തുക സര്‍ക്കാരിന് ലാഭമുണ്ടാക്കി കൊടുക്കുന്ന എല്‍ഐസി യെ മുക്കാല്‍ കാശിനു തീറെഴുതാന്‍ കാത്തുനില്‍ക്കുന്നവരാണവര്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് നിഷ്ക്കര്ഷിക്കപ്പെട്ട ഊര്‍ജ്ജ മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നവരാണവര്‍, കല്‍ക്കരിഖനി വില്‍ക്കാന്‍ ബ്രോക്കര്‍മാരെ തേടുന്നവരാണവര്‍. നാം ജാഗ്രതാ പാലിച്ചേ മതിയാവൂ. 

പൊതുമേഖലാ സ്ഥാപനം എന്നനിലയില്‍ ഗെയിലിന് ജനങ്ങള്‍ നല്‍കുന്ന വിശ്വാസ്യതയാണ് വിവാദങ്ങള്‍ക്കിടയിലും സ്ഥലമേറ്റെടുപ്പും പൈപ്പിടലും നടക്കുന്നതിനു കാരണമായത്. പകരം ഏതെങ്കിലും സ്വകാര്യ സംരംഭകരുടെയൊ , കോര്‍പ്പറേറ്റുകളുടെയോ പ്രൊജക്റ്റ്‌ ആയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ സുഗമമായി നടക്കില്ലായെന്ന് നമുക്കറിയാം. അവിടെയാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ പോളിസികള്‍, അവരുടെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ എന്താണ് എന്നതിനെക്കുറിച്ച് ജാഗ്രത വേണമെന്ന്, മുന്‍കൂട്ടി പറഞ്ഞത്. 

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വേണ്ടി അതത് സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ട് സ്ഥലമെറ്റെടുപ്പിച്ച്, ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാവില്ല എന്നുറപ്പുവരുത്തി, പിന്നീട് പ്രസ്തുത പദ്ധതിയടക്കം പൊതുമേഖലാ സ്ഥാപനത്തെ മൊത്തത്തില്‍ വില്‍പ്പന നടത്താനുള്ള, അന്തര്‍ നാടകങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും ജാഗ്രതയുണ്ടാകണമെന്നാണ് ഇത്രയും പറഞ്ഞതിന്റെ സാരം. പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും കാര്യത്തില്‍ കേന്ദ്രം കൈക്കൊണ്ട നടപടികള്‍ ഓര്‍ത്താല്‍ ഇപ്പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് പെട്ടെന്ന് ബോധ്യപ്പെടും. 

ബിഎസ്എന്‍എല്ലിന്റെ കാര്യം നോക്കൂ, പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്കുള്ള മുഴുവന്‍ ആനുകൂല്യവും പൊതുമേഖലയില്‍ നിന്നുതന്നെ നല്‍കി, വാങ്ങാന്‍വരുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ എന്തുമാത്രം ശ്രദ്ധയാണ് മോദി ഭരണകൂടം കാണിച്ചത്!  വന്‍കിട കോര്‍പ്പറേറ്റ് ടെലിഫോണ്‍ കമ്പനികളെല്ലാം പ്രാഥമികമായി പ്രവര്‍ത്തനം ആരംഭിച്ചത് ബിഎസ്എന്‍എലിന്റെ സൌകര്യങ്ങള്‍ പലതരത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് എന്നകാര്യംകൂടി മനസ്സിലാക്കിയാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഇനിയും അവ്യക്തതക്ക് യാതൊരു സ്കോപ്പുമില്ല.

അതുകൊണ്ട് ഗെയില്‍ പദ്ധതി പൂര്‍ത്തീകരിച്ചതില്‍ ആഹ്ളാദം കൊള്ളുമ്പോള്‍തന്നെ,  കോര്‍പ്പറേറ്റ് അടുക്കളകളില്‍ പാകപ്പെടുത്തപ്പെടുന്ന സ്വാദിഷ്ട വിഭവങ്ങളില്‍ പാഷാണമുണ്ടോ എന്ന ജാഗ്രത നിലനില്‍പ്പിന്റെ അനിവാര്യത തന്നെയാണ് .

Contact the author

നാടുകാണി

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More