ഡല്‍ഹി: ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി. ബ്രിട്ടണില്‍ നിന്നുളള വൈറസിന്റെ പുതിയ വകഭേദം അഞ്ചുപേരില്‍ കൂടെ സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ പൂനൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും ഒരാള്‍ സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്‍ഡ് ഇന്‍ഡഗ്രേറ്റീവ് ബയോളജിയിലും ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച ഇരുപത്തിയഞ്ച് പേരും സംസ്ഥാനങ്ങളുടെ കീഴിലുളള ആരോഗ്യകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഓരോ രോഗിയ്ക്കും ഓരോ മുറികളിലായാണ് ചികിത്സ നല്‍കുന്നത്, സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങി രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയവരെ ഹോം ഐസോലേഷനിലാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലായി മുപ്പത്തിമൂവായിരം യാത്രക്കാരാണ് ബ്രിട്ടണില്‍ നിന്നെത്തിയത്. ഇവരെയെല്ലാം കണ്ടെത്തി ആര്‍ടി പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാക്കാനുളള ശ്രമങ്ങള്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ലോകമെമ്പാടും ആശങ്ക വര്‍ദ്ധിപ്പിക്കുകയും രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതിതീവ്ര വ്യാപനശേഷിയുളള വൈറസ് ബ്രിട്ടണില്‍ വളരെ വേഗം പടരുന്നുണ്ട്. എന്നാല്‍ ഇത് ഗുരുതരമായ രോഗമല്ലെന്ന് ബ്രിട്ടണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വ്യക്തമാക്കി.