ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് നാലാം തരംഗമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും അത് നാലാം തരംഗമല്ലെന്നാണ് ഐ സി എം ആര്‍ പറയുന്നത്. ചില പ്രദേശങ്ങളില്‍ മാത്രമാണ് കേസുകള്‍ വര്‍ധിച്ചിട്ടുളളത്. അതിനെ പ്രാദേശികമായി മാത്രമേ കാണാനാവുകയുളളു എന്നും ഐ സി എം ആര്‍ വ്യക്തമാക്കി.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ലഭിക്കുന്ന കണക്കുകള്‍വെച്ച് അത് കൊവിഡിന്റെ നാലാം തരംഗത്തിന്റെ സൂചനയായി കണക്കാക്കാനാവില്ല. രാജ്യത്തുടനീളമുളള ആശുപത്രി പ്രവേശനത്തില്‍ വര്‍ധനവില്ല എന്നതാണ് കൊവിഡ് നാലാം തരംഗമില്ലെന്ന് വ്യക്തമാക്കാനായി ഐ സി എം ആര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പല പ്രദേശങ്ങളിലും കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്ത് പൊതുവായി കൊവിഡ് വ്യാപനത്തില്‍ വര്‍ധനവുണ്ടായിട്ടില്ല. ചില ജില്ലകളില്‍ പ്രാദേശികമായി കേസുകള്‍ വര്‍ധിക്കുന്നുണ്ട്. അത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലമാവാം എന്ന് ഐ സി എം ആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സമീരന്‍ പാണ്ഡെ പറഞ്ഞു. ഇതുവരെ പുതിയ വേരിയന്റുകള്‍ കണ്ടെത്തിയിട്ടില്ല. പരിശോധനകള്‍ കുറയുന്നതാണ് പ്രാദേശിക തലത്തില്‍ കൊവിഡ് ബാധ വര്‍ധിച്ചുവെന്ന് പറയാനുളള കാരണം. ഏതെങ്കിലും ജില്ലകളില്‍ ഉയരുന്നു എന്നല്ലാതെ മുഴുവന്‍ സംസ്ഥാനങ്ങളിലോ രാജ്യത്തോ രോഗബാധ ഉയരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.