ഡല്‍ഹി: ഇന്ത്യയില്‍ ആറുപേര്‍ക്ക് അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്നെത്തിയ ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളില്‍ മൂന്നുപേര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സ് ബംഗളൂരുവിലും, രണ്ടുപേര്‍ സിസിഎംബി ഹൈദരാബാദിലും ഒരാള്‍ പൂനൈ എന്‍ഐവിയിലും ചികിത്സയിലാണ്.
രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈന് ചെയ്തിട്ടുണ്ട്, സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റുളളവരെ കണ്ടെത്തുമെന്നും കനത്ത ജാഗ്രത അത്യാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ കൊവിഡ് ബാധിച്ചത് 16,432 പേര്‍ക്കാണ്. ആറുമാസത്തിനിടെ ഏറ്റവും കുറവ് രോഗം റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്.
രാജ്യത്ത് ജൂണ്‍ 24 ന് 15,968 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 3047 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 14 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്.