തിരുവനന്തപുരം: നാലുമാസം മുന്‍പ് ഇറാനില്‍ മത്സ്യബന്ധനത്തിനായി എത്തിയ തൊഴിലാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇറാനില്‍ കൊറോണ പടര്‍ന്നു പിടിച്ചതോടെ ജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിച്ചതാണ് ഇവരുടെ ദുരിതാവസ്ഥക്ക് കാരണം. പുറത്തിറങ്ങാന്‍ അനുവാദമില്ലാതെ മുറികളില്‍ കുടുങ്ങിയ ഇവരുടെ നില പരിതാപകരമാണ്.
നാലുമാസം മുന്‍പ് 200-ഓളം തൊഴിലാളികളാണ് ഇറാനിലെത്തിയത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് അകപ്പെട്ട ഇവരില്‍ 23-ഉം 24-ഉം പേര് വീതമാണ് ഓരോ മുറികളില്‍ കഴിയുന്നത്. മലയാളികളില്‍ ഭൂരിഭാഗവും വിഴിഞ്ഞം, മറിയനാട് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഭക്ഷണം പോലും നേരത്തിനു ലഭിക്കുന്നില്ലെന്നാണ് വിവരം.
ഇതുസംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നോര്‍ക്കയിലേക്ക് ഇവരുടെ പേരും വിലാസവും കൈമാറി,വേണ്ട നടപടികള്‍ സ്വീകര്ക്കുമെന്നും മന്ത്രി പറഞ്ഞു.