മേഘങ്ങള്‍ക്കിടയില്‍ ഒരു ആന്റിക്ലൈമാക്സ്‌ - ഷാജു.വി.വി.

''ഞാന്‍ ആദ്യമായാണ്‌ 

വിമാനത്തില്‍ യാത്ര ചെയ്യുന്നത്''

 - തൊട്ടടുത്ത സീറ്റിലെ യാത്രക്കാരി 

അയാളോട് പറഞ്ഞു.


 ''അവസാനമായും ''

- അയാള്‍ സ്നേഹഭാവത്തില്‍ 

അവളെ നോക്കി.

 

''അവസാനമായി?''

- ഭയത്തെക്കാള്‍ ജിജ്ഞാസയുടെ 

കൌതുകത്തോടെ

അവള്‍ അയാളെ നോക്കി.

 

അയാള്‍ അവളുടെ കൈ

അയാളുടെ പാന്‍റിന്‍റെ പോക്കറ്റില്‍ വച്ചു,

അവള്‍ ഒരു കൈതോക്കിനെ വായിച്ചു.

ഇന്നോളം അത് കണ്ടിട്ടില്ലെങ്കിലും.!


സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള

എത്ര ഭൂഭാഗങ്ങള്‍, വസ്തുക്കള്‍,

മനുഷ്യാവസ്ഥകള്‍ ആണ് 

നാം കണ്ടതുപോലെ

ഉള്ളില്‍ കൊണ്ടു 

നടക്കുന്നത്?

 

''മൂന്നു വിമാന റാഞ്ചികളില്‍ 

ഒരാളാണ് ഞാന്‍''


''സത്യമായും?''

 

''അതെ. സത്യത്തിനു ഇപ്പോള്‍ 

മൂന്നു വിമാന റാഞ്ചികളുടെ ഛായയാണ്.

നിനക്ക് ഭയം ഇല്ലേ?''

 

''ഇല്ല. ഞാന്‍ അതീവ സുന്ദരമായി 

ദയാവധം സമ്മാനിക്കുന്ന 

ഒരു ഇടം തേടി 

യാത്ര പുറപ്പെട്ടതാണ്.

അത് ഇതാവും.

നമ്മള്‍ ഏതു കെട്ടിടത്തില്‍ ആണ് 

ഇടിച്ചിറക്കാന്‍ പോകുന്നത്?

താജ് മഹല്‍?... പിസാ ഗോപുരം?...''

 

''മനുഷ്യര്‍ ഇന്നോളം കാലുകുത്തിയിട്ടില്ലാത്ത 

ഒരു ദ്വീപിലേക്കാണ്.

ഇനിയുള്ള കാലം 

അവിടെ ജീവിക്കാന്‍''

 

അവള്‍ക്കപ്പോള്‍ അയാളോട് 

പ്രണയം തോന്നി:

''എന്നിട്ട്?''


''വിമാനം ലാന്‍ഡ്‌ ചെയ്യും മുന്‍പ് 

നാമെല്ലാം നഗ്നരാകും.

വിമാനമിറങ്ങിയ ഉടന്‍ 

ഓരോരുത്തരും 

ആ മാന്ത്രിക മരുന്ന് കഴിക്കും''


''എന്തിനുള്ള മരുന്ന്?''

 

‘’സര്‍വ്വതും മറക്കാനുള്ളത്,

ഞാന്‍ മുന്‍പൊരു നോവല്‍ വായിച്ചിട്ടുണ്ട്.

ഏകാന്ത ദ്വീപില്‍ 

അകപ്പെട്ട കുട്ടികള്‍ 

മുതിര്‍ന്നവരേക്കാള്‍ നീചമായി 

മനുഷ്യസംസ്കാരം ആചരിക്കുന്ന

കഥ പറയുന്ന ഒരു പുസ്തകം....

ആ അബദ്ധം ഇനി ആവര്‍ത്തിക്കരുത്''

 

'' നിങ്ങള്‍ മാസാണ്, 

മരണ മാസ് !

ഞാന്‍ നിങ്ങളെ 

പ്രണയിക്കുന്നു''

 

''എന്താണ് പ്രണയം?''

 

''പ്രണയം സവാളയാണ്.

തൊലിക്കരുത്.

തുലഞ്ഞുപോകും.

കരഞ്ഞും.''

 

''പെങ്കുട്ടീ,

ഞാന്‍ നിന്നെയും 

പ്രണയിക്കുന്നു.

തൊലിക്കില്ല. സത്യം''

 

‘’മിടുക്കന്‍ ചെക്കന്‍.

എന്നെ ഉമ്മ വയ്ക്ക്''

 

അവര്‍ അനന്തരം ആലിംഗനം,

ചുംബനം ഇത്യാദി

കായിക കര്‍മ്മങ്ങളില്‍ 

വ്യാമുഗ്ദരായി.

 

''ചേട്ടാ...''

''ഉം...''

''എവിടെ മറ്റുരണ്ടു 

റാഞ്ചിചേട്ടന്‍മാര്‍?''

 

അയാള്‍ അവരെ ഇരുവരെയും

കാണിച്ചുകൊടുത്തു.


അതിശയമെന്നേ പറയേണ്ടു 

അവരില്‍ ഒരാള്‍ തൊട്ടടുത്തിരിക്കുന്ന 

ഒരു യുവാവുമായും 

മറ്റെയാള്‍ അരികത്തിരിക്കുന്ന 

മധ്യവയസ്കയുമായും

'തൊലിക്കില്ല' എന്ന വാഗ്ദാനത്തോടെ 

പ്രണയസല്ലാപങ്ങളില്‍ മുഴുകിക്കഴിഞ്ഞിരുന്നു. 


എന്ത് അത്ഭുതമെന്നു യുവാവ് 

തലയില്‍ കൈവച്ചു.

 

''ആസൂത്രിതമെന്നു തോന്നിക്കുന്ന 

യാദൃച്ചികത ചേട്ടായീ...


ഞങ്ങള്‍ റാഞ്ചികളുടെ പ്രണയികള്‍ !

ഭരണകൂടത്തിന്‍റെ ഗൂഡാലോചനയായി 

നിങ്ങള്‍ റാഞ്ചി ചേട്ടായികള്‍ 

തെറ്റിവായിക്കരുത്.


ആകസ്മികതയെന്ന വാക്കിനോട് 

മനുഷ്യ ചരിത്രത്തില്‍ 

ഏറ്റവും ഗംഭീരമായി 

ഇഴുകിച്ചേര്‍ന്ന

ഒരു സംഭവമാണ് 

ഇപ്പൊ നടന്നത്''

 

''ഒരിക്കലുമില്ല കുട്ടീ,

തൊലിച്ചാല്‍ തുലഞ്ഞു 

കണ്ണീരണിഞ്ഞു പോകുന്ന സവാളയാണ്

പ്രണയം എന്നു നീ എന്നെ 

ജ്ഞാനപ്പെടുത്തിയതല്ലേയുള്ളൂ.


ആസൂത്രിതമെന്നു തോന്നിക്കുന്ന 

യാദൃശ്ച്കത എന്ന

നിന്‍റെ വാക്യത്തെ ആധാരമാക്കി 

ഒരു ഉപന്യാസം ചമയ്ക്കാനുള്ള ത്വര 

എന്നില്‍ നാമ്പിട്ടിരിക്കുന്നു''

 

''ചേട്ടാ എഴുന്നേല്‍ക്കൂ, 

തോക്കുയര്‍ത്തൂ.

വിമാനം റാഞ്ചിയ വാര്‍ത്ത 

യാത്രക്കാരെ അറിയിക്കാനുള്ള സമയം 

സമാഗമിച്ചിരിക്കുന്നു''

 

''കൊച്ചെ,

ഒരു സംശയം.

ദ്വീപിലെത്തി

നാം മറവി മരുന്ന് കഴിച്ചാല്‍ 

നാം പരസ്പരം മറന്നു പോവില്ലേ?

അപ്പൊ നമുക്ക് പരസ്പരം നഷ്ടപ്പെടില്ലേ?''

 

''പെട്ടോട്ടെ ചേട്ടാ, അത് സാരമില്ല.

എനിക്കാ ദ്വീപില്‍ ഉടുപ്പിടാതെ ഇറങ്ങി 

വിസ്മൃതി മരുന്ന് കഴിക്കാന്‍ തിടുക്കമായി.''

 

''അത് വേണോ?''

 

''വേണ്ടേ?''

 

''അയ്യോ 

എനിക്ക് കരച്ചില്‍ വരുന്നു,

പെങ്കുട്ടീ''

 

'' ചേട്ടായി കരയരുത്.

ന്നാ നമുക്ക് റാഞ്ചണ്ട.

കണ്ണ് തുടക്ക്.

മൂക്കള ബലൂണ്‍ പൊട്ടിക്ക്''

 

''ഉം...''

''മറ്റെ ചേട്ടന്മാരോട് പറയണ്ടേ

റാഞ്ചണ്ടാത്ത കാര്യം?''

 

''വേണ്ടാ. ആകസ്മികതയുടെ 

ഈ ഇതിവൃത്തപരിണതി 

അവിടെയും നടന്നു കാണും....''

 

''ചേട്ടായീ,

അപ്പൊ പവനായി 

ശവമായീല്ലേ''

 

''കുത്തരുത് കുട്ടീ.

തൊലിക്കുകയുമരുത്''

 

''ആയ്ക്കോട്ടെ.

ഒരു കാര്യം മനസ്സിലായി,

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ 

ഒരു കുന്തവും മാറൂല്ല.

 

അത് പോട്ടെ,

മ്മടെ കെട്ടു എവിടന്നാ,

ഗുരുവായൂരുന്നോ 

അതോ 

മാമാനത്തമ്പലത്തൂന്നൊ?''  

Contact the author

Recent Posts

Binu M Pallippad 3 months ago
Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 5 months ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 6 months ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 6 months ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 9 months ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 9 months ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More