സതൃജിത്: ഇരുളിൽ മറഞ്ഞ താരകം - നദീം നൗഷാദ്

കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ഗായകനായി തിളങ്ങിനിന്ന 1953-54 കാലഘട്ടം. ഒരുദിവസം നഗരത്തിലൂടെ നടക്കുകയായിരുന്ന അബ്ദുള്‍ഖാദര്‍ 'ലെസ്ലീ...' എന്ന വിളികേട്ട് തിരിഞ്ഞുനോക്കി. 'തന്നെ ഇപ്പോള്‍ ആരും ലെസ്ലി എന്ന് വിളിക്കാറില്ല'- അദ്ദേഹം ചിന്തിച്ചു. പിന്നില്‍ ഒരു യുവതി. വെളുപ്പില്‍ കറുത്ത പുള്ളികളുള്ള സാരി. കൈയില്‍ ചുവന്ന കുപ്പിവളകള്‍. കഴുത്തില്‍ കല്ലുമാല. നെറ്റിയില്‍ വലിയ പൊട്ട്. കൈയില്‍ ഒരു ബാഗ്. സൂക്ഷിച്ചുനോക്കിയപ്പോള്‍ ഖാദറിന് ആളെ മനസ്സിലായി. തന്‍റെ കളിക്കൂട്ടുകാരി ദമയന്തി. കൂടെ മകനായ കൊച്ചുപയ്യനും. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് അവള്‍ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ലെസ്ലി മതം മാറി അബ്ദുള്‍ ഖാദര്‍ കഴിഞ്ഞിട്ട് കുറച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. പക്ഷെ ദമയന്തി തന്‍റെ കളികൂട്ടുകാരനെ പഴയ പേര് ചൊല്ലിയാണ് വിളിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടികാഴ്ച ഇരുവരിലും വലിയ സന്തോഷം ഉണ്ടാക്കി.

പിന്നീടൊരിക്കല്‍ ഖാദറിന്‍റെ ഉറ്റ സുഹൃത്ത്‌ വാസുപ്രദീപ് തന്‍റെ ആദ്യനാടകമായ ‘സ്മാരക’ ത്തിലേക്ക് ഒരു നടിയെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഖാദറിന്  ദമയന്തിയെ ഓര്‍മ്മവന്നു. വിവാഹമോചിതയായ അവര്‍ കുടുംബപരമായി ഒറ്റപ്പെട്ടും സാമ്പത്തീകമായി പ്രതിസന്ധിയില്‍ അകപ്പെട്ടും നില്‍ക്കുകയായിരുന്നു. തുടക്കത്തില്‍ വിസമ്മതം പറഞ്ഞെങ്കിലും ഒടുക്കം അഭിനയിക്കാമെന്നേറ്റു. അങ്ങനെ അവള്‍ ‘സ്മാരക’ ത്തില്‍ ആമിനയായി. ദമയന്തി അഭിനയരംഗത്ത് ശാന്താദേവിയായി. കോഴിക്കോട് അബ്ദുള്‍ ഖാദറാണ് ദമയന്തിക്ക് ശാന്താദേവി എന്ന പേരു നല്‍കിയത്. അരങ്ങില്‍ ശാന്താദേവി എന്ന പുതിയ നടി ഉദയം ചെയ്യുകയായിരുന്നു. അരങ്ങത്ത് ഉറച്ചുനില്‍ക്കാന്‍ ശാന്താദേവിക്ക് എല്ലാനിലയിലും കരുത്ത് പകര്‍ന്നത് അബ്ദുള്‍ ഖാദറായിരുന്നു.

അബ്ദുള്‍ ഖാദറും ചില നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. വേദികളില്‍ നിന്ന് വേദികളിലേക്കുള്ള യാത്രകളില്‍, നാടകത്തിന്‍റെ ഇടവേളകളില്‍ ശാന്താദേവിയും അബ്ദുള്‍ ഖാദറും തമ്മില്‍ അടുത്തു. ഖാദര്‍ വിവാഹിതനായിരുന്നെങ്കിലും ശാന്താദേവിയെ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് മനസ്സുവന്നില്ല. അവര്‍ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ശാന്താദേവിയുടെ ഉദരത്തില്‍ ഒരു കുഞ്ഞുവളരാന്‍ തുടങ്ങി. അതോടെ അവര്‍ പരിഭ്രാന്തരായി. വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ക്ക് ഒരു കുഞ്ഞു ജനിച്ചാല്‍ എന്ത് സംഭവിക്കും എന്ന ഭയം അവരെ കീഴടക്കി. നാടകകൃത്ത്‌ കെ ടി മുഹമ്മദാണ് ‌ ആ സന്ദര്‍ഭത്തില്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നത്. “പേടിക്കേണ്ട കുഞ്ഞു ജനിക്കട്ടെ. ആ കുഞ്ഞ് ഈ സമൂഹത്തില്‍ വളരട്ടെ.”- അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ജനിച്ച ആണ്‍കുഞ്ഞിന് സത്യജിത് എന്ന് പേരു നല്‍കി.

നാടകത്തില്‍ സജീവമായിരുന്ന ശാന്താദേവി താമസിയാതെ രാമുകാര്യാട്ടിന്‍റെ മിന്നാമിനുങ്ങി (1957) ലൂടെ സിനിമയിലും എത്തി. അഭിനയിക്കാന്‍ പോവുമ്പോള്‍ അവര്‍ മകനെയും ഒപ്പം കൂട്ടി. സിനിമാ സെറ്റുകളില്‍ അവന്‍ ബാല്യം ചിലവഴിച്ചു. ഇതിനിടെ അവനും അഭിനയിക്കാന്‍ അവസരം കിട്ടി. പി. എന്‍. മേനോന്‍റെ കുട്ട്യേടത്തി (1971) യില്‍ ബാലതാരമായി. അതില്‍ വാസു എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചത്. തുടര്‍ന്ന് തീര്‍ഥയാത്ര, അച്ചാണി, ചട്ടക്കാരി, അസുരവിത്ത്‌, ഉമ്മാച്ചു തുടങ്ങി മുപ്പതോളം സിനിമകളില്‍ സത്യജിത് അഭിനയിച്ചു. ചട്ടക്കാരി, ജൂലി എന്ന പേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്തപ്പോൾ അതിലും നല്ലൊരു വേഷം ലഭിച്ചു. അച്ചാണിയിലെയും തീര്‍ഥയാത്രയിലെയും അഭിനയത്തിന് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടി. അച്ചാണിയിലെ അഭിനയത്തിന് ദേശിയ അവാർഡും. 

എവിടെയും ഉറച്ചു നില്‍ക്കാത്ത പ്രകൃതമായിരുന്നു സത്യജിത്തിന്‍റെത്. മീഞ്ചന്ത ആട്സ് കോളേജില്‍ പ്രീഡിഗ്രീക്ക് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാതെ പട്ടാളത്തില്‍ പോയി. അതും പാതി വഴിയില്‍ ഉപേക്ഷിച്ചു. പിന്നെ പാട്ടിലായി ശ്രദ്ധ. പിതാവ് അബ്ദുള്‍ ഖാദറിന്‍റെ പാട്ടുകളാണ് ആദ്യം പാടി തുടങ്ങിയത്. പിന്നെ മുകേഷിന്‍റെ പാട്ടുകളും.

പാട്ടുമായി ലയിച്ചുചേരാനുള്ള സത്യജിത്തിൻ്റെ കഴിവ് അനുപമമായിരുന്നു. പാടുമ്പോള്‍ ഭാവത്തിന്‍റെ പരകോടിയില്‍ അദ്ദേഹം പാട്ടായി മാറുന്നതുപോലെ തോന്നും. ഒരു വരി തന്നെ പല രീതിയില്‍, പല തവണ പാടും. മനോധര്‍മ്മം ഉപയോഗിക്കുന്നതില്‍ അപാരമായ ശേഷി പ്രകടിപ്പിച്ചു. സത്യന്‍റെ പാട്ടുകേട്ടാല്‍ ശാസ്ത്രീയമായി പഠിക്കാത്ത ഒരാളാണ് പാടുന്നതെന്ന് തോന്നില്ല. ''നീയെന്തറിയുന്നു നീല താരമേ'' എന്ന പാട്ട് സത്യന്‍റെ ശബ്ദത്തിലൂടെ കേട്ടപ്പോഴാണ് പല ഗായകരും അതില്‍ ഗസലിന്‍റെ സാധ്യത തിരിച്ചറിഞ്ഞത്. പിന്നീട് ഒരുപാട് പേര്‍ അത് സ്വകാര്യ മെഹ്ഫിലുകളില്‍ അവതരിപ്പിച്ചു. കൂടാതെ അബ്ദുൾ  ഖാദര്‍ ആകാശവാണിയില്‍ പാടിയ ലളിതഗാനം ''മായരുതേ വനരാധേയും'' സത്യന്‍ പാടി. അതിന്‍റെ ആലാപനം സത്യന്‍റെ ഇമ്പ്രോവൈസേഷന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്.

നന്നായി പാടുമെങ്കിലും വലിയ പാട്ടുകാരനായി അറിയപ്പെടാന്‍ സത്യജിത് ശ്രമിച്ചിരുന്നില്ല. സുഹൃത്തുക്കള്‍ക്കുവേണ്ടി പാടുന്നതിലും ചില സ്റ്റേജ് പരിപാടികളിലും മാത്രം ഒതുങ്ങി സത്യന്‍റെ സംഗീത ലോകം. ഒരു ഗായകന്‍ എന്നതിനേക്കാള്‍ ഒരു നടന്‍ എന്ന നിലയിലായിരുന്നു സത്യന്‍ കൂടുതല്‍ കഴിവ് പ്രകടിപ്പിച്ചത്. മുതിര്‍ന്നപ്പോള്‍ സിനിമയില്‍ നിന്നും അകലം പാലിച്ചു. സിനിമാ സെറ്റുകളില്‍ അദ്ദേഹത്തിന് ചില മോശം അനുഭവങ്ങള്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞിരുന്നു. ഒരു മികച്ച ബാല നടൻ എന്ന നിലയില്‍ അറിയപ്പെട്ടിട്ടുപോലും മുതിര്‍ന്നപ്പോള്‍ സിനിമയിലേക്ക് പോവാതിരിക്കാന്‍ കാരണം ഇതായിരിക്കാമെന്ന്  കരുതുന്നു.

ഒരുപാട് കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും ഏകാകിയായിരുന്നു സത്യജിത്. തനിച്ചിരിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്നു. ലഹരി തരുന്ന ആനന്ദത്തിന്‍റെ നിമിഷങ്ങളില്‍ അഭിരമിക്കുകയായിരുന്നു കൂടുതല്‍ സമയവും. ലഹരി സത്യന്‍റെ ഉള്ളിലെ അരക്ഷിത ബോധത്തെ മറച്ചുപിടിച്ചു.

 നല്ല വായനക്കാരനായിരുന്നു. വായിച്ച പുസ്തകത്തിന്‍റെ സത്ത ഉള്‍ക്കൊള്ളുന്ന  പ്രതിഭാശാലി. ഒ. വി. വിജയന്‍, ബഷീര്‍, വി.കെ.എന്‍, ആനന്ദ് എന്നിവരെ കൂടുതല്‍ ഇഷ്ടമായിരുന്നു. വി കെ എന്‍റെ തമാശകള്‍ പറഞ്ഞു രസിക്കുക സത്യന്‍റെ നേരം പോക്കുകളില്‍ ചിലതായിരുന്നു.

 പി വി എസ് ഹോസ്പിറ്റലില്‍ മെയിൽ നഴ്‌സ് ആയി ജോലി ചെയ്യുമ്പോഴാണ് സോഫി എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയുമായി സത്യജിത് പ്രണയത്തിലാവുന്നത്. സോഫി അവിടെ നഴ്സിംഗ് വിദ്യാര്‍ഥിനിയായിരുന്നു. വിവാഹത്തിനുശേഷം സത്യന്‍ കുവൈറ്റിലേക്കും തുടര്‍ന്ന് ഇറാഖിലേക്കും പോയി. ഗള്‍ഫ്‌ യുദ്ധത്തിനിടെ തിരികെ നാട്ടില്‍ എത്തി. ഇതിനിടെ സോഫിക്ക് കാന്‍സര്‍ ബാധിച്ചു. ഇത് സത്യജിത്തിന് താങ്ങാനാവുന്നതിലപ്പുറമായിരുന്നു. അദ്ദേഹം കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തി. സോഫി തന്നെ വിട്ടുപോവുന്നത് ചിന്തിക്കാന്‍ പോലും ആവുമായിരുന്നില്ല സത്യന്. അന്യമതക്കാരനെ വിവാഹം കഴിച്ച സോഫിക്ക് മരണശേഷം തെമ്മാടിക്കുഴി കിട്ടുമെന്ന് ഭയന്ന് സത്യജിത്  ക്രിസ്തുമതം സ്വീകരിച്ചു. പക്ഷെ ഭാര്യ വിടപറയുന്നത് കാത്തുനില്‍ക്കാതെ പെരുമ്പാവൂരിലെ ലോഡ്‌ജിൽ വെച്ച് മദ്യത്തില്‍ വിഷംചേര്‍ത്ത് സത്യജിത് സ്വയം മരണം വരിച്ചു. 2004 സപ്തംബര്‍ 14നായിരുന്നു സംഭവം. ശേഷം മക്കളായ ശ്യാമും അജിത്തും കുറച്ചു കാലം പെരുമ്പാവൂരില്‍ അമ്മയുടെ വീട്ടിലായിരുന്നു.

അബ്ദുള്‍ഖാദറിന്‍റെ ആദ്യ ഭാര്യ ആച്ചുമ്മയും മക്കളും സത്യജിത്തിനോട്  സ്നേഹത്തോടെ  പെരുമാറി. ആച്ചുമ്മയിലെ മകനും ഗായകനുമായിരുന്ന നജ്‌മൽ  ബാബു സത്യജിത്തിനെ  സ്വന്തം സഹോദരനായി പരിഗണിച്ചു. കരുണയുടെ പ്രതിരൂപമായ ആച്ചുമ്മയ്ക്കും സത്യജിത് സ്വന്തം മകനെപ്പോലെയായിരുന്നു.

ലെസ്ലി ആന്‍ഡ്രൂസ് മതം മാറിയാണ് അബ്ദുള്‍ഖാദര്‍ ആയത്. മകന്‍ സത്യജിത് പിതാവിൻ്റെ പൂർവ്വമതമായ ക്രിസ്തുമതത്തിലേക്ക് തിരിച്ചുപോയി എന്നത് മറ്റൊരു നിയോഗമായിരിക്കാം. ഇത്തരം നാടകീയതകൾ  ഇരുവരുടെയും ജീവിതത്തിലുടനീളം ഉണ്ടായിരുന്നു.

Song links

1. മായരുതേ  വനരാധേ...https://www.youtube.com/watch?v=Zrt8OIBvxc8&t=39s

2. നീയെന്തറിയുന്നു  നീലതാരമേ...https://www.youtube.com/watch?v=0TY7HNrXBcc&t=6s 

Contact the author

Nadeem Noushad

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More