കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം നടക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തയാറെടുപ്പാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്ണൂരില്‍ നടക്കുന്ന ബോംബു നിര്‍മ്മാണങ്ങളില്‍ പാര്‍ട്ടിക്കുള്ള പങ്ക് പകല്‍പോലെ വ്യക്തമാണ്. ബോംബ് നിര്‍മ്മാണവും ആയുധ ശേഖരണവും നടത്തുന്നവരെയും ഇതിന് പ്രേരണ നല്കുന്നവരേയും കണ്ടെത്തുന്നതിനോ, നിയമ നടപടികള്‍ സ്വീകരിക്കുന്നതിനോ പൊലീസ് തയ്യാറാകുന്നില്ല. അന്വേഷണം സിപിഎമ്മിലേക്കു നീങ്ങുമ്പോള്‍ പിന്മാറാന് പൊലീസ് നിര്‍ബന്ധിതമാകുകയാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
കഴിഞ്ഞയാഴ്ച തലശ്ശേരിക്കടുത്ത് പൊന്ന്യത്ത് ബോംബു നിര്‍മാണ വേളയിലെ സ്ഫോടനമാണ് അവസാനത്തെ സംഭവം. അന്നത്തെ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരുക്കുപറ്റി രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. ഈ സംഭവത്തില്‍ നാല്പേരെ അറസ്റ്റ് ചെയ്തു വിട്ടയച്ചതായി പത്രങ്ങളില്‍ വായിച്ചു. ഇവര്‍ നാല്പേരും മുന്‍പ് നിരവധി വധശ്രമ കേസുകളിലും അക്രമങ്ങളിലും പ്രതികളായ സിപിഐഎം പ്രവര്‍ത്തകരാണ് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബോംബു നിര്‍മ്മാണവും അക്രമങ്ങളും അവസാനിപ്പിക്കാന്‍ വ്യാപകമായ റെയ്ഡ് നടത്തുവാന്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.