ലഖ്നൌ: ഉന്നാവിനു പിന്നാലെ ഉത്തര്‍പ്രദേശിലെ മറ്റൊരു ബിജെപി എംഎല്‍എക്കെതിരെ കൂടി ബലാല്സംഘത്തിനു കേസെടുത്തു. യുവതിയുടെ പരാതിയില്‍ രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. എംഎല്‍എ-യും കൂട്ടാളികളും ചേര്‍ന്നു തന്നെ പീഡിപ്പിച്ചു എന്നാണ് മുംബൈ സ്വദേശിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.
2017-ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തെരഞ്ഞെടുപ്പു കാലത്ത് ഒരു മാസത്തോളം രവീന്ദ്രനാഥ് ത്രിപാഠി-യും കൂട്ടാളികളും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിച്ചു എന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു. ഒരു ഹോട്ടലില്‍ മുറിയെടുത്ത് തന്നെ പൂട്ടിയിട്ട എംഎല്‍എ നിരന്തരം പീഡനത്തിനു വിധേയയാക്കി. അയാള്‍ ഇല്ലാത്തപ്പോള്‍ അയാളുടെ കൂട്ടാളികള്‍ എത്തിക്കൊണ്ടിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായ തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
വന്‍ കോളിളക്കം സൃഷ്ടിച്ച ഉന്നാവ് പീഡനക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംങ്ങ് സെന്‍ഗാറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. തൊട്ടു പിറകെയാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മറ്റൊരു എംഎല്‍എക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്.