ഒരു ബിന്ദു നടക്കാൻ ഇറങ്ങിയതിന്റെ ആവേഗമാണ് ഗോപാലന്റെ വരകൾ - രാജേഷ് കാർത്തി

മുഖവുര വേണ്ടാത്ത നടനാണ് ഗോപാലൻ. ലോക നാടകവേദിയിൽ പലതരം മാറ്റങ്ങൾക്ക് തുടക്കമിട്ട വ്യത്യസ്‍ത സംവിധയകരോടൊപ്പം പ്രവർത്തിച്ച അനുഭവ പരിജ്ഞാനമുണ്ടദ്ദേഹത്തിന്. തന്റെ അമ്പതുകളിലും യുവാക്കളുടെ മെയ്യുറപ്പും സൂക്ഷ്മാഭിനയ സാധ്യതകളും കൈമുതലാക്കി (1), പുറനാട്ടുകര എസ്.ആർ.കെ.ജി.വി.എം. ഹൈസ്‌കൂളിൽ തുടങ്ങി ലണ്ടനിലെ തെയിംസ് നദീതീരത്തുള്ള വിശ്വവിഖ്യാതമായ ഗ്ലോബ് തീയറ്റർ ഉൾപ്പടെ ലോകത്തിലെ പ്രധാന വേദികളിലെല്ലാം ഗോപാലൻ അവതരണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ കലാചരിത്രത്തിൽ ഗോപാലനുള്ള അവഗാഹം വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അറിവുള്ളതായിരിക്കും. ഗോപാലന്റെ വരകളും അങ്ങിനെതന്നെ.


ദാരിദ്രൃമുള്ള വീടുകൾ കണ്ടാലറിയാം. ഉമ്മറത്തിരിക്കുന്ന കുട്ടികൾ ആഴങ്ങളിലേക്ക് നോക്കിയിരിക്കുന്നത് കാണാം. ആഴങ്ങൾ എന്ന് പറഞ്ഞാൽ ഓളങ്ങളില്ലാത്ത, ഇളക്കങ്ങൾ ഇല്ലാത്ത ആ മരവിച്ച നിശബ്തയാണ് (3) അരങ്ങിൽ നിശ്ചലമായ ഒരു ഉടൽ കാണിയുടെ ഹൃദയമിടിപ്പിന്റെ താളക്രമം നിശ്ചയിക്കുന്നു. പ്രതലത്തിൽ കുമിഞ്ഞുകൂടി പരന്നൊഴുകുന്ന വരകൾ ആ നിശബ്ദതയുടെ ചലനചിത്രം വരയ്ക്കുന്നു. ഉടലിൽ പ്രകാശിതമാവുന്ന ഭൂപ്രദേശങ്ങളായും, ക്ഷേത്രഗണിതപരമായ സഞ്ചാരങ്ങളായും ആ വരകൾ വികസിക്കുന്നു. വേദിയിൽ പൊയ്മുഖമഴിക്കുന്ന നടനിലും, അപരശരീരങ്ങളുടെ രേഖാ ചിത്രങ്ങളിലും, നിഴലുകളിലും നിശ്ചലമായ അതേ ഉടൽ അതിന്റെ മിടിപ്പുകളെ കണ്ടെടുക്കുന്നു. കൊതിയൂറുന്ന നാക്കിനടിയിൽ ഒളിച്ചിരിക്കുന്ന മീനായും കണ്ടുമറന്ന മുഖങ്ങളിലെ ജീവിക്കുന്ന വികാരങ്ങളായും ചിലപ്പോഴെങ്കിലും വര രൂപവും ആര്‍ജിക്കുന്നു. നിരന്തര പരിണാമത്തിലൂടെ ഉരുത്തിരിയുന്ന അവതരണങ്ങൾ പലപ്പോഴും പരിണാമ പദ്ധതികളെ മുഴുവനായും മറവ് ചെയ്യാൻ ബാധ്യസ്ഥമാണ്. എന്നാൽ പരിണാമ ഘട്ടങ്ങൾ മുഴുവനായും വെളിപ്പെടുത്തിയാണ് ഏഴുത്തുപകരണങ്ങൾ ഇവിടെ പരസ്പരം വേർപ്പെടുന്നത്. എത്രത്തോളം വിപുലമായ പ്രക്രിയകളിലൂടെയാണ് ഗോപാലൻ കഥാപാത്രമായി രംഗത്ത് അവതരിക്കുന്നത് എന്നത് ഈ ചിത്രങ്ങളിലെ പരിണാമ ഘട്ടങ്ങൾ വരച്ചിടുന്നുണ്ട്.


ഒരു ബിന്ദു നടക്കാൻ ഇറങ്ങിയതിന്റെ (2) ആവേഗമാണ് ഗോപാലന്റെ വരകൾ. ചിത്രമെഴുത്തിന്റെ എല്ലാ ആഡംബരങ്ങളെയും അത് അഴിച്ചുവെയ്ക്കുന്നു. ഒരു നടൻ വേദിയിൽ ഉണ്ടായിരിക്കുന്നിടത്തോളം ശരീരത്തിൽ സജീവമായി സൂക്ഷിക്കുന്ന മാനസിക ആവാസവ്യവസ്‌ഥയുടെ തുടർച്ചയെ തന്റെ എഴുത്ത് സമഗ്രികൾക്കിടയിൽ സന്നിവേശിപ്പിക്കുമ്പോൾ ഒരു നടൻ വേദിയിൽ എന്ന പോലെ, വര പ്രതലത്തിൽ വെളിപ്പെട്ട് വരികയാണ്.

നാടകത്തിൽ സദസ്സ് ഒരു പരിധിവരെ ഇടപെടൽ നടത്തിക്കൊണ്ടിരിക്കും. ഒരു നടൻ എന്ന നിലയിൽ തനിക്ക് മുന്നിൽ സന്നിഹിതരായ പ്രേക്ഷകരിൽ നിന്നുമുള്ള വിടുതൽ കൂടിയാണ് ഈ വരകളെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ട് തന്നെ അവ ഉടലിന്റെ… ശിരസ്സിന്റെ… കണ്ണിന്റെ…. അവയവങ്ങളുടെ…വേർപെട്ട യാത്രകൾ....? (4) ആയിത്തീരുന്നു.


മാധ്യമം ആലങ്കാരികതയെ ഉപേക്ഷിക്കുമ്പോൾ അമൂർത്തത അനന്ത സാധ്യതകൾ വിരിയിക്കുന്നു. മൂലപദാർത്ഥത്തിൽ എത്തിചേരുമ്പോഴേക്കും വസ്തുവിന് രൂപമാറ്റം സംഭവിക്കുന്നു. അത് പലതായി പൊട്ടിച്ചിതറുന്നു. “എന്തായാലും നമ്മളൊരു ചെറിയ ഭാഷയേ പരസ്പരം പങ്കുവയ്ക്കുന്നുള്ളൂ” (5) എന്ന് ഉറച്ച് വിശ്വസിക്കുന്ന ഗോപാലന്റെ വരകളിൽ സന്നിഹിതമായ അമൂർത്തതയെ വായിച്ചെടുക്കാൻ ആ നിബിഡവരകൾക്കിടയിൽ പരതിനടക്കേണ്ടിവരും. വീണ്ടും വീണ്ടുമുള്ള ആ പരതലുകൾക്കും കണ്ടെത്തലുകൾക്കുമിടയിൽ സ്വാഭാവികമായും സംഭവിക്കുന്ന മൂർച്ചയ്ക്ക് തയ്യാറാവുന്ന പ്രേക്ഷകനെ മാത്രമേ ഈ വരകൾ തന്നിലേക്ക് അടുപ്പിക്കൂ. മുബാറക് ആത്മത, ആന്റോ ജോർജ്ജ്, എന്നിവരുടെ കലാവിഷ്കാരങ്ങൾക്കൊപ്പം ഗോപാലന്റെ വരകള്‍  ഓൺലൈനിലുണ്ട് (http://www.atmataartnature.org/mukkoottapperuvazhi).

Reference: 

1 Kannanunni.2020. https://www.facebook.com/kannan.unni.900/posts/3000889373302534

2 Klee, Paul. 1960. As mentioned in Madhu, T.V. 2020. ആദിയിലുണ്ടായത് വാക്കല്ല വരയാണ്.

https://galleryaocva.blogspot.com/p/blog-page_21.html?spref=fb&fbclid=IwAR1J5cxy8PqZkeV4_ytLmBZyFTZKUuO-Ye6CzOvSc2W0zXclG8ydohnqULk

3 Gopalan.2017. “അരങ്ങത്ത് ഒരു ആത്മഭാഷണം”. Madhyamam weekly magazine

4 Ibad

5 Gopalan. “ഒത്തുമാറൽ” Unpublished play.

Contact the author

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More