തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബമ്പര്‍ 12 കോടി രൂപയാണ്. ടിക്കറ്റ് വിലയാകട്ടെ 300 രൂപയും. ദുരിത കാലത്ത് ഏറ്റവും ആകര്‍ഷണീയമായ സമ്മാന പാക്കെജാണ് കേരള ഭാഗ്യക്കുറി ഒരുക്കിയിട്ടുള്ളത്.
ഒന്നാം സമ്മാനമായി 12 കോടി രൂപ നല്കുന്ന ഓണം ബമ്പർ ഭാഗ്യക്കുറി -2020 ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് തിരുവനന്തപുരത്ത് നാളെ (ആഗസ്റ്റ് 4) പ്രകാശനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ ടിക്കറ്റ് ഏറ്റുവാങ്ങുക.
നറുക്കെടുപ്പ് അടുത്ത മാസം (സെപ്റ്റംബർ) 20 നാണ് നടക്കുക. ഇത്തവണ ഒന്നാം സമ്മാനം പോലെ ആകര്‍ഷകമാണ് രണ്ടും മൂന്നും നാലും സമ്മാനങ്ങളും. രണ്ടാം സമ്മാനമായി ഒരു കോടിരൂപ വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഇതിനുപുറമെ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.