മലയാളി വംശാവലി: പുരാവസ്തു പഠനങ്ങളില്‍ തെളിയുന്നത് - ജസീറ .സി.എം

കേരളത്തിലെ മനുഷ്യാധിവാസത്തെ സംബന്ധിച്ച പൊതു ബോധം ആവിഷ്കരിച്ചിരിക്കുന്നത് പരശുരാമന്റെ ഐതീഹ്യത്തിലും അദ്ദേഹം സ്ഥാപിച്ച 64 ബ്രാഹ്മണ ഗ്രാമങ്ങളിലും ആണ്. ഈ കഥ മുന്നോട്ട് വച്ച  കേരളോല്പത്തി ഈ പ്രദേശത്തിന്റെ  ചരിത്രബോധം ആവിഷ്‌കരിക്കാന്‍ ഉപയോഗിക്കപ്പെട്ട രൂപവിശേഷമായും , വെറും കെട്ടുകഥകയായും , വ്യത്യസ്ത രീതികളിൽ   പിന്നീട്  വിലയിരുത്തപ്പെട്ടിട്ടുണ്ട്.

പരശുരാമ കഥയുടെ ചരിത്രപരത പല രീതികളിൽ അളക്കാനുള്ള  ശ്രമങ്ങൾ ഇതിന് മുൻപുതന്നെ നടന്നിട്ടുണ്ട്. പരശുരാമ കഥ ഒരു ചരിത്ര പഠിതാവിന് മുൻപിൽ പ്രധാനമായും മൂന്ന് ചോദ്യങ്ങൾ ഉയർത്തും. 1. കേരളോല്പത്തി  വിവരിക്കും പോലെ പരശുരാമൻ ബ്രാഹ്മണരെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ? 2. ഉണ്ടെങ്കിൽ ഏത് കാലഘട്ടത്തിൽ? 3. "പരശുരാമൻ വരുണനെ സേവിച്ചു തപസ്സ് ചെയ്തു വാരാന്നിധിയെ നീക്കം ചെയ്തു, ഭൂമി ദേവിയെ വന്ദിച്ചു, 160 കാതം ഭൂമിയെ ഉണ്ടാക്കി"യതാണോ ഈ മണ്ണ്? അതോ അതിന് മുമ്പ് ഈ നാടും ഇവിടെ ഒരു ജന വിഭാഗവും ജീവിച്ചിരുന്നോ? ഉണ്ടെങ്കിൽ ആരായിരിക്കാം അവർ? പുരാവസ്തു ശാസ്ത്ര പഠനങ്ങളുടെയും ഡി.എൻ. എ. പഠനങ്ങളുടെയും  തെളിച്ചത്തിൽ ഈ വിഷയം നോക്കിക്കാണാനും കേരള ജനതയുടെ വംശ പരമ്പരയുടെ പ്രത്യക്ഷ ലക്ഷണങ്ങൾ (അങ്ങിനെയൊന്നുണ്ടെങ്കിൽ) പിന്തുടരാനുമാണ് ഈ ലേഖനം ശ്രമിക്കുന്നത്. 

ചേര രാജാവായ രാജശേഖരന്റെ ഒന്പതാം നൂറ്റാണ്ടിലെ (കൃ.പി.) വാഴപ്പള്ളി താമ്രഫലകത്തിലെ ബ്രാഹ്മണ ഗ്രാമങ്ങളെ കുറിച്ചുള്ള പരാമർശമാണ് ലിഖിത രൂപത്തിൽ ലഭ്യമായ തെളിവുകളിൽ ഏറ്റവും പഴക്കം ചെന്നത്. കൃ.പി. ഏഴാം നൂറ്റാണ്ടോട് കൂടിയാണ് ബ്രാഹ്മണ സംസ്കാരം കേരളത്തിൽ വേരൂന്നിയത് എന്ന് കേശവൻ വെളുത്താട്ട് നിരീക്ഷിക്കുന്നുണ്ട് . കേരളത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്ന  ശവസംസ്കാര നിർമിതികൾ (മഹാശിലാ സ്മാരകങ്ങൾ) ക്രി.മു. 1000 വർഷം വരെ പഴക്കം കണക്കാക്കപ്പെട്ടിരിക്കുന്നു . ഇരുമ്പ് യുഗം മുതൽ എങ്കിലും കേരളത്തിൽ ജനവാസം നിലനിന്നിരുന്നു എന്നതിന് ഈ നിർമിതികൾ അടിവരയിടുന്നു.

സംഘ സാഹിത്യ കൃതികളും യാത്രാ വിവരണങ്ങളും പരിശോധിച്ചാൽ ആദ്യകാല ചരിത്ര യുഗത്തിലെ കേരളത്തിലെ ജനതയുടെ സാമൂഹ്യ  ക്രമത്തിലെ  ഘടനാ ബന്ധങ്ങൾ ഒരു പരിധി വരെ വെളിവാകും. മറവർ, കനവർ, കലവർ എന്നിങ്ങനെ വ്യത്യസ്ത ജന വിഭാഗങ്ങൾ ക്രി.മു. ഒന്നാം നൂറ്റാണ്ടിനും ക്രി.പി.  അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ  ഇവിടെ അധിവസിച്ചതിന് സംഘ സാഹിത്യ കൃതികൾ ദൃഷ്ടാന്തമാണ്. യവനരുടെ വരവിനെ കുറിച്ചുള്ള പ്ലിനിയുടെ ഒന്നാം നൂറ്റാണ്ടിലെയും    പ്ടോളമിയുടെ രണ്ടാം നൂറ്റാണ്ടിലെയും  എഴുത്തുകൾ, പ്യുറ്റിംഗേറിയൻ   ടേബിളിൽ അടയാളപ്പെടുത്തിയ ടെംപിൾ ഓഫ് അഗസ്റ്റസ് എന്നിവ ദൂരദേശ ജനതയുടെ കേരളാധിവാസത്തിന്റെ തെളിവുകൾ ആയി സ്വീകരിക്കാവുന്നതാണ്.

കേരളത്തിൽ അടുത്ത കാലത്ത് നടന്നിട്ടുള്ള പുരാവസ്തു ഉത്ഖനനങ്ങളിൽ  പുറത്തെടുത്ത മൺപാത്ര സാമ്പിളുകൾ മേൽ നിഗമനത്തിന്റെ പദാര്‍ത്ഥനിഷ്‌ഠമായ തെളിവുകൾ ആണ്. എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര താലൂക്കിലെ പട്ടണം എന്ന പ്രദേശത്ത് നടത്തിയ ഉത്‌ഖനങ്ങളിൽ നിന്നും ലഭിച്ച റൂലറ്റഡ്‌  വെയർ (ചിത്രം.1) എന്ന് പുരാവസ്തു ശാസ്ത്രത്തിൽ വിളിപ്പേരുള്ള മൺപാത്ര കഷണങ്ങൾ ഈ പ്രദേശത്തിലെ ആഭ്യന്തര കച്ചവടങ്ങളുടെയും ആംഫോറ, (ചിത്രം.2)  ടോർപിഡോ (ചിത്രം.3), സൗത്ത് അറേബ്യൻ ഒവോയ്ഡ് ജാറുകൾ, ടർകൊയിസ് ഗ്ലൈയ്സ്ഡ് വെയർ ((ചിത്രം.4) എന്നിവ ദൂരദേശ കപ്പൽ കച്ചവടങ്ങളുടെയും തെളിവുകൾ ആണ്.


ചിത്രം.1: പട്ടണത്ത്  നിന്നും ലഭിച്ച റൂലറ്റഡ്‌  വെയർ കഷണങ്ങൾ (കടപ്പാട്: കെ.സി.എച്ച്.ആർ)


ചിത്രം.2: പട്ടണത്ത്  നിന്നും ലഭിച്ച ആംഫോറ കഷണങ്ങൾ (കടപ്പാട്: കെ.സി.എച്ച്.ആർ)


ചിത്രം.3: പട്ടണത്ത്  നിന്നും ലഭിച്ച ടോർപിഡോ കഷണങ്ങൾ (കടപ്പാട്: കെ.സി.എച്ച്.ആർ)

 

ചിത്രം.4: പട്ടണത്ത്  നിന്നും ലഭിച്ച ടർകൊയിസ് ഗ്ലൈയ്സ്ഡ് വെയർ കഷണങ്ങൾ (കടപ്പാട്: കെ.സി.എച്ച്.ആർ)

പെട്രോഗ്രാഫിക് (കളിമണ്ണിൽ ഉൾച്ചേർന്നിട്ടുള്ള ധാതുസംയോജനത്തിന്റെ ശാസ്ത്രിയമായ അപഗ്രഥനം) അനാലിസിസിലൂടെ മൺപാത്രങ്ങൾ നിർമിക്കാനായി ഉപയോഗിച്ച കളിമണ്ണിന്റെ പ്രഭവ സ്ഥാനത്തെ കുറിച്ചുള്ള സൂചകങ്ങൾ ലഭ്യമാകും. ഇന്ത്യയിൽ പല സ്ഥലങ്ങളിൽ നിന്നും ലഭിച്ച റൂലറ്റഡ്‌ വെയറുകളുടെ പെട്രോഗ്രാഫിക് സംഗ്രഥനം കേരളത്തിന്റെ ഭൗമ രൂപവിജ്ഞാനീയവുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നവയല്ല. അതേസമയം ഇവയിൽ പലതും തമിഴ്നാട്ടിൽ ലഭ്യമായ കളിമണ്ണിന്റെ ഘടനയുമായി ഒത്തുചേരുന്നവയുമാണ്. പുരാവസ്തു പഠനത്തിന്റെ അക്ഷരമാലകൾ ആയി പരിഗണിക്കുന്ന മൺപാത്രങ്ങളുടെ പട്ടണത്തുനിന്നും ലഭിച്ച  സാമ്പിളുകൾ ക്രിസ്തുവിന് മുൻപ് തന്നെ മെഡിറ്ററേനിയൻ, വെസ്റ്റ് ഏഷ്യ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള ജനങ്ങളുടെ സാന്നിധ്യവും സമ്പർക്കവും കേരളക്കരയിൽ പ്രബലമായിരുന്നു എന്ന് കാണിക്കുന്നു. പട്ടണത്ത് നടത്തിയ ഉത്‌ഖനനങ്ങളിൽ പുറത്ത് കൊണ്ടുവന്ന മനുഷ്യ ശരീരാവശിഷ്ടങ്ങളുടെ ഡി. എൻ. എ. പഠനങ്ങൾ ലഭ്യമാണ്. അവ ആ മനുഷ്യരിൽ ഉൾച്ചേർന്ന സൗത്ത് ഏഷ്യൻ, വെസ്റ്റ് ഏഷ്യൻ യൂറോപ്യൻ  ജനതതികളുടെ സവിശേഷതകൾ ആണ് വെളിവാക്കുന്നത്.

വർത്തമാനകാല കേരളത്തിൽ ജനിച്ചു ജീവിക്കുന്ന ഒരു മനുഷ്യന്റെ  വംശവഴികളുടെ (ചിത്രം.5)  അപഗ്രഥനം ഈ ഇഴചേരലിന്റെ സാമാന്യതയായി ഉയർത്തികാട്ടാനാകും.  

 

ചിത്രം.5:   എറണകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു വളർന്ന ഹരി നാരായൺ എന്ന വ്യക്തിയുടെ വംശവഴി (കടപ്പാട്: ഹരി നാരായൺ)

മേൽ തെളിവുകളുടെ വസ്തുനിഷ്ടമായ വിശകലനം കേരളത്തിൽ ജാതി വ്യവസ്ഥ അടിസ്ഥാനമാക്കിയും അല്ലാതെയും നിലനില്ക്കുന്ന ജനസഞ്ചയങ്ങളുടെ വംശാവലിയിലുള്ള വിശ്വാസങ്ങളെ ഉല്പത്തി കഥകളോളം പിന്നിലേക്ക് വലിച്ചു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളെ തടയിടുന്നതും മനുഷ്യവംശത്തിന്റെ കലർപ്പിന്റെ ഉണ്മയെ ഉത്‌ഘോഷിക്കുന്നവയുമാണ്. 

references:-

1.Veluthat, Kesavan. 1978. Brahman Settlements of Kerala: Historical Studies. Calicut: Sandhya Publications.  

2.Logan, William. 1887. Malabar. Madras: Government Press.

3.1868. Keralolpatti. Mangalore: Basel Mission Press

4.Veluthat, Kesavan. Opp.Cit. p.4

5.Satyamurthy, T. 1992. Iron Age in Kerala: A Report on Mangadu Excavations. Thiruvanathapuram: Department of Archaeology.

6.Cherian, P. J. 2016. Pattanam Excavations Full Report 2007-15. Thiruvanathapuram: Kerala Council for Historical Research.

7. Das, Supriyo Kumar, Santanu Ghosh, Kaushik Gangopadhyay, Subhendu Ghosh, and Manoshi Hazra. 2017. “Provenance Study of Ancient Potteries from West Bengal and Tamil Nadu: Application of Major Element Oxides and Trace Element Geochemistry.” Man and Enviornment XLII (3): 25–34.

Jaseera C.M, 

Dept: of  Epigraphy and Archaeology,Tamil University, Thanjavur, Tamil Nadu.

Contact the author

Recent Posts

Dr. Azad 2 weeks ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More