സെർബിയൻ കവി യാസർ മെഹബൂബിന്റെ 'വികൽപ്പം' എന്ന കവിത - ഷാജു.വി.വി

അയാൾ വിജനമായ 

ആ പർവ്വതനിരകൾ

തന്റെതാണെന്ന് കരുതുന്നു.


അതിന്റെ പള്ളയിൽ മലർന്നു കിടന്ന്

താൽക്കാലികമായി പിണങ്ങിയ

അയാളുടെ കാമുകിയെന്ന ഹിതത്തോടെ

കാറ്റിൽ പറക്കുന്ന മേഘത്തിന്

ചുംബനങ്ങളയക്കുന്നു .


അകലെക്കാണാവുന്ന 

33 കാറ്റാടിയന്ത്രങ്ങൾ വിശ്രമമില്ലാതെ കറങ്ങിയുണ്ടാക്കുന്ന

വൈദ്യുതി കൊണ്ട്  

തിളങ്ങി നിൽക്കുന്ന

 കൂറ്റൻ മാളികയിലെ

മൂന്നു പെൺകുഞ്ഞുങ്ങളുടെ പിതാവായ പ്രഭു 

താനാണെന്നതിൽ

അയാൾക്ക് സന്ദേഹമില്ല.


കുഴിബോംബ് കൊണ്ടുപോയ

അയാളുടെ ഒരു കാൽ

കല്യാണം കൂടാൻ 

അയൽ ഗ്രാമത്തിലേക്ക് പോയ കൂട്ടുകാരന്

കടം കൊടുത്തതാണെന്ന് സങ്കൽപ്പിക്കാൻ

അയാൾക്ക് ഒട്ടും ഖേദമില്ല.


പൊടിക്കാറ്റടിച്ചു കൊണ്ടേയിരിക്കുന്ന

ആ മരുഭൂമിയിലെ 

മണലിൽ പണിത മധുശാലയിലെ കാറ്റത്ത് കിറുകിറാ

ഞരങ്ങുന്ന വാതിലുള്ള

മരയലമാരയിലെ മദ്യക്കുപ്പികളെല്ലാം

തന്റെതെന്ന് അയാൾ കരുതുന്നു.

ഒരു പെഗ് വിസ്കിയും

ട്യൂണയുടെ ആവി പറക്കുന്ന സൂപ്പുമായി

ജനലരികിലിരുന്ന് 

മരുപ്പരപ്പിന്റെ കാണാവുന്ന അറ്റത്തെ

ചെറുവീട്ടിലെ

 വിളർത്ത കണ്ണുകളുള്ള

പെൺകുട്ടിക്ക് 

പ്രേമലേഖനമെഴുതാത്തത്

മദ്യം മടുത്തതതു കൊണ്ടും

ട്യൂണ വയറ്റിൽ പിടിക്കാത്തതിനാലും

വിളർത്ത കണ്ണുകളുള്ള പെൺകുട്ടി

തലേന്നാൾ മരിച്ചു 

പോയതുകൊണ്ടുമാണെന്ന്

ആണയിട്ടു പറയാൻ മാത്രം

തെളിവുകളയാളുടെ പക്കലുണ്ട്.


കയ്യിലുള്ളതു തന്നാൽമതിയെന്ന്

മേൽക്കൂരയിൽ 

വവ്വാൽ വിശന്ന് തൂങ്ങിക്കിടക്കുന്ന 

ഇടിഞ്ഞു തുടങ്ങിയ 

ആ പുരാതന കെട്ടിടത്തിലെ ജനാലയ്ക്കൽ നിന്ന്

വിളിച്ചു യാചിക്കുന്ന

തൂങ്ങിയ മുലകൾ 

വെളിക്കിട്ടു നിൽക്കുന്ന

മധ്യ വയസ്കയോട്

കഴിഞ്ഞ തെരുവിൽ നിന്ന്

കാര്യം കഴിച്ചതേയുള്ളൂവെന്ന്

ക്ഷമാപണം ചെയ്ത്

 നടന്നു പോകുമ്പോൾ

താൻ പറഞ്ഞത് സത്യമാണെന്നല്ലാതെ

മറ്റൊന്നും അയാൾക്ക് തോന്നിയില്ല.


ശൈത്യം കൊണ്ട് പുതച്ച്

ചിതൽ ദ്രവിപ്പിച്ച് 

അടർന്നുവീണ

ജാലകങ്ങളുള്ള മഞ്ഞു മുറിയിൽ

ഏകാന്തനായി വിറച്ചു കിടക്കുന്നത്

മറ്റാരോ ആണെന്ന് വിചാരിച്ച്

നിയന്ത്രിതമായി 

സഹാനുഭൂതി ചൊരിയുന്ന

ആ കവിളൊട്ടിയ മനുഷ്യൻ!


ചെടിച്ചതുകൊണ്ട് അത്

വേണ്ടെന്നു വച്ച

സ്വർഗ്ഗത്തിലെ മാലാഖയാണ് 

താനെന്നു തന്നെയാണ്

അയാൾ

ഉറച്ചു വിശ്വസിക്കുന്നത്.

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 1 year ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 1 year ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 1 year ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 1 year ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 1 year ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More