ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അതിർത്തി ചൈനയുടെ തള്ളിക്കയറ്റത്തിന് മുന്നിൽ അടിയറവ് വച്ചെന്ന് അദ്ദേഹം തുറന്നടിച്ചു. ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായത്? അവർ എവിടെ കൊല്ലപ്പെട്ടു? എന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. പ്രധാനമന്ത്രി ചൈനക്ക് ക്ലീന്‍ചിറ്റ് നല്‍കിയോ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും ചോദിച്ചിരുന്നു.
ലഡാക്കിലെ ഗൽവാനിൽ ചൈനീസ് സൈന്യവുമായുണ്ടായ സംഘർഷത്തിൽ 20 സൈനികർ കൊല്ലപ്പെട്ടതിനു ശേഷം പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചിരുന്നു. ഇന്ത്യയുടെ ഒറ്റ സൈനിക പോസ്റ്റുപോലും അധീനതയിലാക്കാന്‍ ചൈനയ്ക്ക് സാധിച്ചിട്ടില്ലെന്നും ഒരു ഇഞ്ച് ഭൂമി ഭൂമിയും സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞതിനോടാണ് രാഹുലിന്റെ പ്രതികരണം.