മോഡി ഭരിക്കും! ക്ഷമയോടെ അമിത്ഷാ കാത്തിരിക്കും: ചില പ്രവചനങ്ങള്‍ - ഇ. രാജേഷ്

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം ബിജെപി സർക്കാർ (സാങ്കേതികമായി എൻഡിഎ സർക്കാർ) രണ്ടാമൂഴത്തിൽ ആദ്യവർഷം തികച്ചിരിക്കുന്നു. ഈ അവസരത്തില്‍ ചില നിഗമനങ്ങള്‍ ആലോചനകള്‍ക്കായി മുന്നോട്ടുവെക്കുകയാണ്. 

2024 തെരഞ്ഞെടുപ്പിനു ശേഷവും  മോഡി ഇന്ത്യാരാജ്യം ഭരിക്കും. ('രംഗബോധമില്ലാത്ത കോമാളി'യുടെ ഇടപെടൽ മനുഷ്യ പ്രവചനത്തിൽ നിൽക്കുന്നതല്ലല്ലോ). അമിത്ഷാ ക്ഷമയോടെ അതിലപ്പുറവും കാത്തിരിക്കും!

പ്രഥമദൃഷ്ട്ര്യാ ന്യായങ്ങൾ

1. ഒന്നാംവാർഷിക നാളിലെ ആകാശവാണി പ്രകാരം അമിത് ഷാ പറഞ്ഞത്.

ഒരു ജാർഗണുമില്ലാതെ ഷാ പറഞ്ഞു: മോഡിയാണ് രാജ്യത്തിന്റെ നേതാവ്. അത് 'മോഡി - ഷാ തർക്കം' മറയ്ക്കാനുള്ള മുൻകൂർ വെടിയാണെന്ന് നിഗമനം കൊള്ളുന്നവർ അല്പംകൂടി ക്ഷമിക്കണം.

2. വാർഷിക ദിനത്തിലോ തൊട്ടുമുമ്പുള്ള ദിവസങ്ങളിലേതിലോ നടന്ന കേന്ദ്രമന്ത്രിസഭായോഗത്തിന്റെ ടെലിവിഷൻ ദൃശ്യം.

ശരീര ഭാഷാപഠനം പിണറായിയുടെ ധാർഷ്ട്യം പഠിക്കാൻ മാത്രമുള്ളതല്ലെന്ന സ്വതന്ത്രബുദ്ധിയുണ്ടെങ്കിൽ ആർക്കും കണ്ട് മനസ്സിലാക്കാം, 'മോഡിയാണ് നേതാവെ'ന്നു പറയുന്ന ഷായുടെ നിസ്തുലമായ ക്ഷമ. താൻ സ്വയം സേവക സംഘത്തിലേക്ക് കൈപിടിച്ചെത്തിച്ച 'വർഗ്ഗീയവാദിക്കപ്പുറം വളരാത്ത ആത്മീയ സാധക'നെ 'മൂലധനമാണ് മോക്ഷ'മെന്ന ഷൈലോക്കിയൻ ബോധ്യം എത്രടം വരെയും കാക്കുമെന്നത്. ആത്മവിശ്വാസം തിടംവച്ച് സ്ഫുരിച്ചുനിൽക്കുന്ന, ഇടതു തുടയോളമുയരെ വലംകാൽ കയറ്റിവച്ചിരിക്കുന്ന ആ ദൃശ്യത്തിൽ അതെല്ലാമുണ്ട്.

3. വാർഷികദിനത്തിലെ മോഡി - രാജ്നാഥ് സിങ്ങ് ദൃശ്യം.

ഇതിനൊരു പശ്ചാത്തല ദൃശ്യവിവരണംകൂടി നൽകട്ടെ:

വാജ്പേയി ഒന്നാം ബി.ജെ.പി.സർക്കാരിന്റെ അമരത്തും അദ്വാനിയും രാജ്നാഥ് സിങ്ങുമെല്ലാം സംഘടനാ നേതൃത്വത്തിലുമായുള്ള കാലത്തെ പരിചിത മാധ്യമദൃശ്യങ്ങൾ ഓർക്കുക. അന്തരിച്ച സുഷമ സ്വരാജിനും അരുൺ ജെയ്റ്റ്ലിക്കുമൊപ്പം, വെങ്കയ്യ നായിഡുവും ചേർന്ന് ബി.ജെ.പി.യുടെ രണ്ടാംനിര നേതൃത്വം കരുത്തോടെ നിൽക്കുന്ന കാലത്തേത്. വക്താക്കളായി മൂവരും ഒരേ നിരയിലിരിക്കുന്ന വാർത്താസമ്മേളനവേദികളിൽ പിൻനിരയിൽ കസേരയില്ലാത്ത നിലയിൽ അന്ന് പുതുതായി ദേശീയ വൈസ് പ്രസിഡണ്ടായുയർത്തപ്പെട്ട മോഡിജി നിലകൊള്ളുന്ന ദൃശ്യങ്ങൾ. ഒരർത്ഥത്തിൽ, വാജ്പേയ് - അദ്വാനി - രാജ്നാഥ് നിരയ്ക്കും, സുഷമ - വെങ്കയ്യ - ജയ്റ്റ്ലി നിരയ്ക്കും താഴെ നിലകൊണ്ട മൂന്നാം നിര നേതാവ്! മീഡിയ മാനിപ്പുലേഷനുകൾ നടന്നിട്ടില്ലെങ്കിൽ കേരളത്തിൽ ഏഷ്യാനെറ്റിൽ ആ 'എക്സ്ക്ലൂസീവ്' ദൃശ്യങ്ങൾ തീർച്ചയായുമുണ്ടാവും.

അതിൽ ഒരു നിലക്ക് അത്ഭുതമൊന്നുമില്ല. മേൽക്കീഴ് നിലകൾ മാറിമറിഞ്ഞ് കീഴാളനിലക്കാർ നേതൃനിരയിലെത്തുന്നതിൽ രാഷ്ട്രീയത്തിൽ അസാധാരണതയില്ല. ഗുജറാത്ത് പോലുള്ള ചില അസാധാരണ ദൗത്യങ്ങൾ നിറവേറ്റിക്കൊടുത്ത നേതാവെന്ന നിലയ്ക്ക് അസ്വാഭാവികത ഒട്ടുമില്ല.

എന്നാൽ, ഉറച്ച പദങ്ങളോടെ നടന്നുനീങ്ങുന്ന 'പ്രധാനമന്ത്രി മോഡി'ക്ക് ഒപ്പം നീങ്ങുന്ന ഈ വാർഷികദിനത്തിലെ, കാൽവെപ്പുകൾകൊണ്ട് മോദിക്കുമപ്പുറമാണെന്ന് വ്യഗ്രതപ്പെടുന്ന, രാജ്നാഥ് സിങ്ങെന്ന ബ്രാഹ്മണനേതാവിന്റെ ദൃശ്യങ്ങൾക്ക് പക്ഷെ, അമിത് ഷായുടെ വിധേയപ്രഖ്യാപനവും മേൽക്കാൽവെപ്പും ചേർന്ന് ബ്ലെൻഡു ചെയ്തുതരുന്ന 'ക്രൂര മനോഹാരിത'യില്ല!

മോഡിയെന്ന സംക്രമബിന്ദു

വാജ്പേയിയിൽ ലിബറൽ ഭാവത്തിലും, അദ്വാനിതൊട്ട് രാജ്നാഥടക്കം പേരിൽ തീവ്രമായും നിലകൊണ്ട 'വർഗ്ഗീയ ഹിന്ദുത്വ'ത്തിന് എന്നുമൊരു പരിമിതിയുണ്ടായിരുന്നു - അവ അദ്വാനിയോളമേ മാക്സിമം വളരൂ. അതും, ജാതിക്കുശുമ്പുകളിൽ തലകുത്തിപ്പോകുന്ന വളർച്ച. ബിജെപിയിലെ ഷൈലോക്കിയൻ നേതൃനിരയ്ക്ക് അതും പോരാ, വർഗ്ഗീയതക്കുമപ്പുറം പോവലാണതിന്റെ 'ഹിന്ദുത്വ സ്വപ്നം'.

രാംമന്ദിർ മന്ത്രണങ്ങളിൽ തത്തിക്കളിച്ച ബിജെപിക്ക് നവലിബറൽ മുദ്രാവാക്യങ്ങളുടെ വക്താക്കളായി പ്രമോദ് മഹാജനെപ്പോലുള്ള ചുരുക്കം നേതാക്കളേ ഉണ്ടായിരുന്നുള്ളൂ ഒന്നും രണ്ടും വാജ്പേയി ഭരണങ്ങളിൽ ഉന്നതങ്ങളിൽ. വർഗ്ഗീയ മുദ്രാവാക്യങ്ങളിൽ കെട്ടിക്കിടക്കും മട്ടിലായിരുന്ന സംഘടനാ സംവിധാനത്തെ ഉടച്ചുവാർത്തത് അമിത് ഷായാണ്. നവലിബറൽ മുദ്രാവാക്യം 'പാപബോധം' കൂടാതെ മുഴക്കാൻ നേതൃനിരയെ മുഴുവൻ ഷാ പരിവർത്തിപ്പിച്ചു. നിതിൻ ഗഡ്കരി തൊട്ട് അരുൺ ജയ്റ്റ്ലിയടക്കമുള്ള വാജ്പേയിയുടെ പടയാളികളെ 'പരിഷ്കരി'ക്കുക മാത്രമല്ല ചെയ്തത്. മാറ്റത്തിനു വശംവദരാകാത്തവർ മൗനികളായി - അദ്വാനി മുതൽ സുഷമ മുതൽ പേർ. വിമതസ്വരക്കാർ ബിജെപി രാഷ്ട്രീയത്തിൽ അപ്രസക്തരായിത്തീർന്നു - ഗോവിന്ദാചാര്യയും ഉമാഭാരതിയും പോലുള്ള പ്രത്യയശാസ്ത്രകാരന്മാരും തീപ്പൊരികളും.

'പുത്തൻവീക്ഷണ'ത്തിന് ഇന്നു കാണുന്നത്ര സാധ്യത നൽകുന്നതായിരുന്നില്ല പത്തുവർഷം മുമ്പുവരേക്കും ബിജെപിയിലെ അന്തരീക്ഷം. മറ്റെല്ലാ രാഷ്ട്രീയകക്ഷികളെ പോലെയും അതിൽക്കൂടുതലും 'പരിവർത്തന' പാതയിലായിരുന്നു അതിനകം ബിജെപിയെങ്കിലും, ആ മാറ്റത്തിന് ശരവേഗം നൽകിയത് അമിത് ഷായുടെ നയതന്ത്രമാണ്. 'പഴമ'യും 'പുതുമ'യും തമ്മിലെ ഘർഷണം മിനുസപ്പെടുത്തുകയെന്ന റോൾ നരേന്ദ്രമോഡിക്കായിരുന്നു. ചില്ലറയായിരുന്നില്ല ആ റോളിന്റെ ഗരിമ. ജാതിവൈരവും സ്വാർത്ഥപദ്ധതികളും താൻപോരിമകളുമൊക്കെയായി ദുഷിച്ചുനിന്ന പാർട്ടിയിൽ ആധികാരികതകൊണ്ടും വ്യക്തിപ്രഭാവംകൊണ്ടും മോഡിയുടെ റോൾ വിലമതിക്കപ്പെട്ടു. ആർഎസ്എസ് നിയോഗിച്ചവർക്കുണ്ടാവാറുള്ള കുത്തൊന്നും മോഡിക്ക് ഏറ്റില്ല.

പിന്നെ എല്ലാം സുഗമമായിരുന്നു. കോർപ്പറേറ്റ് രാഷട്രീയത്തിന്റെയും വർഗ്ഗീയരാഷ്ട്രീയത്തിന്റെയും അസാധ്യ സമന്വയത്തിന് വഴി വെടിപ്പാക്കി അമിത്ഷാ - മോഡി ജോഡി. അതിലാണ് കോൺഗ്രസിന് അടിതെറ്റിയതും, കര കയറാനാകാതെ പൊട്ടക്കിണറ്റിൽ പെട്ട നിലയില്‍ കിടക്കുന്നതും. മറ്റൊരാൾക്കും ചെയ്യാൻ കെല്പുണ്ടാവില്ലെന്നുറപ്പുള്ള പരിവർത്തനങ്ങളായിരുന്നു അവ. അതിലെ സംക്രമബിന്ദു, മോഡി. കാർമ്മികൻ, ഷാ.

മുള്ളെടുക്കാൻ മോഡിയല്ലാതാര്?

'ഹിന്ദുത്വ' വർഗ്ഗീയപക്ഷമെന്ന നിലക്കു തന്നെ മിഥ്യാഭാവനകളുടെ കൂമ്പാരമാണ്. അതിനുള്ളിലെ, മോഡി വരെയുള്ള നായകരുടെ 'മിഥ്യാഭാവനകൾ' അതിൽത്തന്നെയുള്ള റൊക്കം കാശിന്റെ വൈതാളികർക്ക് മുന്നോട്ടുപോക്കിന് തടസ്സവുമാണ്. എന്നാൽ കോർപ്പറേറ്റ് രാഷ്ട്രീയത്തിന് എളുപ്പത്തിൽ ഒഴിപ്പിച്ചെടുക്കാൻ പറ്റുന്ന വിധത്തിലല്ല ഇന്ത്യയിൽ വർഗ്ഗീയ അജണ്ടകളെന്ന ദുർഭൂതങ്ങൾ. സംഘപരിവാരം കുടം തുറന്നു വിട്ട ഭൂതങ്ങൾ പെറ്റുപെരുകുന്നതിന് അടുത്തൊന്നും ശമനമുണ്ടാവുമെന്നും കരുതാനാവില്ല.

വംശീയ വെറികളും കോർപ്പറേറ്റ് പദ്ധതികളും തോളോടുതോൾ നിന്ന് റൊക്കം ലാഭം പരതുന്ന ആഗോള പശ്ചാത്തലത്തിൽ, ഇന്ത്യയിലും ആ ഭായ് - ഭായ് സഖ്യം തന്നെ തുടരുമെന്നതാണ് സംഭാവ്യത.  മുളളിനെ മുള്ളു കൊണ്ടെടുക്കാൻ തുടർന്നും അമിത് ഷായ്ക്ക് മോഡി തന്നെ വേണ്ടിവരും.

ആ പാലം കടത്തിക്കൊടുത്തു കഴിഞ്ഞാൽ, അഥവാ, വിശ്വസിച്ചേൽപ്പിക്കുന്ന ആ ദൗത്യത്തിൽ പരാജയപ്പെട്ടാൽ? അന്ന് മോഡിക്ക് വെറും ക്ഷേത്രവിഗ്രഹമായോ, ഹിമാലയ സാനുക്കളിലേക്കോ പടിയിറങ്ങേണ്ടി വരുമായിരിക്കും. അതുവരെ മോഡി അമിത് ഷായ്ക്ക് തന്റെയും രാഷ്ട്രത്തിന്റെയും നേതാവായിരിക്കും. അരോഗദൃഢഗാത്രനായ മോഡി സ്വമേധയാ ദൗത്യം വിട്ടെറിഞ്ഞ് വാനപ്രസ്ഥത്തിനിറങ്ങിയേക്കുമെന്ന പ്രചാരണം ഒരു സാധ്യതയേയല്ല. ഇത്രക്ക് ആത്മാരാധകനായി കാണപ്പെടുന്ന നിലക്ക് അസംഭാവ്യമാണത്!

കൈവിട്ട കളി കാണാനിരിക്കുന്നതേയുള്ളൂ

ഹിന്ദുത്വക്കുള്ളിൽത്തന്നെ ഹിന്ദു തീവ്രവർഗ്ഗീയപക്ഷവും യഥാർത്ഥ കരാളനഖങ്ങൾ പുറത്തെടുക്കാൻ ക്ഷമയോടെ കാത്തുനിൽക്കുന്ന തീവ്ര കോർപ്പറേറ്റ് പക്ഷവുമുണ്ടെന്ന് വിലയിരുത്തിയിട്ട് ഇന്നേക്കോ നാളേക്കോ വല്ല പ്രയോജനവുമുണ്ടായിട്ടല്ല. എന്തായാലും ഹിന്ദുത്വയെന്താണെന്നും വാസ്തവത്തിൽ അവർ നിറവേറ്റുന്ന ദൗത്യമെന്തെന്നുമുള്ള ഗവേഷണം ചുരുങ്ങിയത് മൂന്നു പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിട്ടുണ്ടല്ലോ. അപ്പോഴും ഇന്നവരുടെ 'ധ്വജാരോഹണ ഭരണവാർഷികം' ആചരിക്കപ്പെടുന്നതിന് സാക്ഷിനിൽക്കേണ്ടി വരുന്ന നിലക്ക്, ഗവേഷണം പാളിയിട്ടുണ്ടെന്ന് എന്തായാലും മനസ്സിലാക്കണം. ഉപകരിക്കപ്പെടാതെ പോയ ഗവേഷണം, ഏതെങ്കിലും മൂലകളിൽനിന്നായാലും പുനർ ഗവേഷണങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

ആ ഗവേഷണം ഈ കുറിപ്പിന്റെ പണിയല്ല. എന്നാൽ, ഒന്നു വ്യക്തമാണ്: ന്യൂനപക്ഷധ്വംസകരെന്ന പോപ്പുലറായ വിശേഷണം നമ്മൾ ചൂടിക്കുന്ന ഒന്നാം പക്ഷത്തിന്റെ കളിയേ ഇതുവരെ കണ്ടു കഴിഞ്ഞിട്ടുള്ളൂ. ദേശാന്തരവ്യത്യാസമില്ലാത്ത കളിക്കാരായ രണ്ടാം പക്ഷത്തിന്റെ കൈവിട്ട കളി എങ്ങനെയിരിക്കുമെന്നു തെളിയാൻ പോകുന്നേയുള്ളൂ.

വരാൻപോകുന്ന മൂലധനവാഴ്ചയുടെ അല്പാല്പം മറ നീക്കി അതിന്റെ സ്വരൂപം കാട്ടിത്തന്നുതുടങ്ങിയിരിക്കുന്നു, കോവിഡ് കാലത്ത്. അന്താരാഷ്ട്രതലത്തിലത് ഒരേ സമയം കോമാളിയും കോർപ്പറേറ്റ് അവതാര പുരുഷനുമായ ഡോണൾഡ് ട്രമ്പിലൂടെയാണെങ്കിൽ, ദേശീയ തലത്തിൽ അത് തീവണ്ടിപ്പാളങ്ങളിലും മറിഞ്ഞ ട്രക്കുകൾക്കടിയിലും മൺപറ്റിക്കിടക്കുന്ന ജീവാത്മാക്കളിലൂടെയാണ്.

Contact the author
Praveen PC
3 years ago

വാജ്പേയിയുടെ രണ്ടാം നിരക്കാർ ആരും അല്ല പ്രാധാനമന്ത്രി ആയത്, അത് തന്നെ ഇനിയും ആവർത്തിക്കാം. ആദിത്യനാഥ് ആയിരിക്കാം അടുത്തത്.

0 Replies

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More