അവനവന്റെ അരക്കില്ലങ്ങള്‍ - കെ ബി വേണു

K B Venu, K G George

ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍ ആരെന്നു ചോദിച്ചാല്‍ എനിക്കൊരൊറ്റ ഉത്തരമേയുള്ളൂ - കെ ജി ജോര്‍ജ്ജ്. മലയാളത്തോളം തെളിമയോടെ മറ്റൊരു ഭാഷയും മനസ്സിലാകാത്തതുകൊണ്ട് ലോകസിനിമാവേദിയില്‍ അദ്ദേഹത്തേക്കാള്‍ ഉന്നതശീര്‍ഷരായ സംവിധായകരെപ്പോലും ആ സ്ഥാനത്തു കാണാന്‍ വയ്യ. സിനിമയ്ക്കു മാത്രം പകരാനാകുന്ന അവാച്യമായ ഹ്ളാദവിഷാദങ്ങളിലേയ്ക്കും ദാര്‍ശനിക സമൃദ്ധിയിലേയ്ക്കും ക്രൂരമായ ആഘാതങ്ങളിലേയ്ക്കും വീണ്ടും വീണ്ടും കൂട്ടിക്കൊണ്ടു പോകുകയാണ് കെ ജി ജോര്‍ജ്ജിന്‍റെ ചലച്ചിത്രസൃഷ്ടികള്‍. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാന വര്‍ഷങ്ങളില്‍ത്തന്നെ സജീവമായ ചലച്ചിത്ര ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങിയ ജോര്‍ജ്ജിന്‍റെ കൃതികളെ ഒരു സമകാലിക സംവിധായകനെ പഠിക്കുന്ന ആവേശത്തോടെ പുതിയ തലമുറയിലെ സിനിമാകുതുകികളും സാങ്കേതിക വിദഗ്ദ്ധരും വിദ്യാര്‍ത്ഥികളും ഇപ്പോഴും അപഗ്രഥിച്ചുകൊണ്ടിരിക്കുന്നു. ചലച്ചിത്ര സാങ്കേതികയുടെ അടിസ്ഥാന അസംസ്കൃത പദാര്‍ത്ഥമായി കണക്കാക്കിയിരുന്ന സെല്ലുലോയ്ഡ് പോലും തിരസ്കരിക്കപ്പെട്ട ഈ ഡിജിറ്റല്‍ യുഗത്തില്‍ കാലത്തിനു തോല്‍പിക്കാനാകാത്ത സമകാലികതയോടെ നിലനില്‍ക്കുകയാണ് കെ ജി ജോര്‍ജ്ജ്. ഓരോ സിനിമയ്ക്കു വേണ്ടിയും പുതിയ ഭൂമികകളും പ്രമേയങ്ങളും തേടിപ്പോകുകയും ഒരിക്കലും സ്വയം ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ബ്ബന്ധബുദ്ധി പുലര്‍ത്തുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്‍റെ പല സൃഷ്ടികളും ക്ലാസിക് കൃതികളുടെ അനുപമ സൗന്ദര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു - കാലത്തില്‍ കടഞ്ഞെടുത്ത പ്രൗഢശില്പങ്ങള്‍ പോലെ.    

"നല്ല സിനിമകളും നല്ലതല്ലാത്ത സിനിമകളും ഞാന്‍ ചെയ്തിട്ടുണ്ട്" എന്നു തുറന്നു പറയാറുണ്ട് കെ ജി ജോര്‍ജ്ജ്. സ്വപ്നാടനം, ഉള്‍ക്കടല്‍, മേള, യവനിക, കോലങ്ങള്‍, ആദാമിന്‍റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍, യാത്രയുടെ അന്ത്യം എന്നീ സിനിമകളെ അദ്ദേഹത്തിന്‍റെ പ്രകൃഷ്ട കൃതികളായി കണക്കാക്കാം. ഏറ്റവും വാഴ്ത്തപ്പെട്ട സിനിമ യവനിക ആണെന്നതില്‍ തര്‍ക്കമില്ല. ഒരു ചലച്ചിത്രപാഠപുസ്തകമായി കണക്കാക്കപ്പെടുന്ന യവനികയുടെ അസാധാരണമായ ശില്പഭദ്രതയ്ക്കു മുന്നില്‍ താരതമ്യേന ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ് സി വി ബാലകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ജോര്‍ജ്ജ് സംവിധാനം ചെയ്ത മറ്റൊരാള്‍ (1988).

ദാമ്പത്യത്തെയും പൊതുവില്‍ സ്ത്രീ പുരുഷ ബന്ധങ്ങളെയും കുറിച്ച്  ആദ്യചിത്രമായ സ്വപ്നാടനത്തില്‍ ജോര്‍ജ്ജ് തുടങ്ങിവച്ച സൂക്ഷ്മമായ മനഃശാസ്ത്ര വിശകലനം ഏറ്റവും സത്യസന്ധമാകുന്നത് മറ്റൊരാളിലാണെന്നു തോന്നുന്നു. പുറമേ ശാന്തവും സന്തുഷ്ടവുമെന്നു തോന്നുന്ന ദാമ്പത്യബന്ധങ്ങളുടെ അകത്തളങ്ങളില്‍ പുകയുന്ന കനലുകളുടെ അസുഖകരമായ ചൂട് ഈ സിനിമയിലൂടെ കടന്നുപോകുമ്പോള്‍ കാണികള്‍ അനുഭവിക്കേണ്ടി വരും.

ഉന്നതപദവിയുള്ള സര്‍ക്കാരുദ്യോഗസ്ഥനാണ് മറ്റൊരാളിലെ കേന്ദ്രകഥാപാത്രമായ കൈമള്‍ (കരമന ജനാര്‍ദ്ദനന്‍ നായര്‍). ഭാര്യ സുശീലയ്ക്കും (സീമ) സ്കൂള്‍ വിദ്യാര്‍ത്ഥികളായ മകള്‍ക്കും മകനുമൊപ്പം തിരുവനന്തപുരത്തു താമസിക്കുന്ന അദ്ദേഹത്തിന്‍റെ കുടുംബജീവിതം ഒച്ചയില്ലാതെയൊഴുകുന്ന നദി പോലെ ശാന്തവും സംഭവരഹിതവുമാണ്. യുവസാഹിത്യകാരനായ ബാലനും (മമ്മൂട്ടി) ഭാര്യ വേണിയും (ഉര്‍വ്വശി) മാത്രമാണ് അദ്ദേഹത്തിന് അടുപ്പമുള്ള വ്യക്തികള്‍. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്ന സ്വഭാവമുള്ള അയല്‍ക്കാരന്‍ തോമസിനോടും (ജഗതി ശ്രീകുമാര്‍) ഭാര്യയോടും അദ്ദേഹം എപ്പോഴും ഒരകലം പാലിക്കുന്നു. ഉത്തമ ഗൃഹനാഥനെന്നും കര്‍ക്കശക്കാരനായ മേലുദ്യോഗസ്ഥനെന്നുമുള്ള ബഹുമതി നിലനിര്‍ത്തി വീടും ഓഫീസും മാത്രമായി ജീവിക്കുന്നയാളാണ് കൈമള്‍. നല്ലൊരു വായനക്കാരനായതു കൊണ്ടായിരിക്കണം എഴുത്തുകാരനായ ബാലന്‍ പ്രായത്തില്‍ കുറച്ചു താഴെയാണെങ്കിലും അദ്ദേഹത്തിന്‍റെ സുഹൃത്തായത്. ഈ കുറിപ്പെഴുതാന്‍ വേണ്ടി 'മറ്റൊരാള്‍' വീണ്ടും കണ്ടപ്പോള്‍ പുസ്തകവായനയുമായി ബന്ധപ്പെട്ട് കൈമളിന്‍റെ പാത്രസൃഷ്ടിയില്‍ സി വി ബാലകൃഷ്ണന്‍ കൊണ്ടുവന്നിട്ടുള്ള ഒരു നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടു. രണ്ടു പെട്ടി നിറയെ പുസ്തകങ്ങളുമായി കൈമളിന്‍റെ വീട്ടിലേയ്ക്കു വരുന്ന ബാലന്‍ അദ്ദേഹത്തോട് സല്‍മാന്‍ റുഷ്ദിയുടെ The Jaguar Smile: A Nicaraguan Journey  (1987) എന്ന പുസ്തകം തന്‍റെ കയ്യിലുണ്ടെന്നു പറയുന്നുണ്ട്. നികാരാഗ്വ സന്ദര്‍ശിച്ച ശേഷം റുഷ്ദി എഴുതിയ യാത്രാനുഭവങ്ങളാണ് ആ പുസ്തകത്തിന്‍റെ ഉള്ളടക്കം. റുഷ്ദിയുടെ ആദ്യ കഥേതര കൃതി. പിന്നീട് ബാലന്‍റെ വീട്ടിലെത്തി ആ പുസ്തകം വായിക്കാന്‍ കടമെടുക്കുമ്പോള്‍ കൈമള്‍ പറയുന്നു - "എനിക്കു ഫിക്ഷനേക്കാള്‍ ഇമ്മാതിരിയുള്ള പുസ്തകങ്ങളാണിഷ്ടം." മദ്ധ്യവയസ്സിനു ശേഷം കഥേതര സാഹിത്യം കൂടൂതല്‍ ഇഷ്ടപ്പെടുന്ന ഒരുപാടു പുസ്തകപ്രേമികളുണ്ട്. ഭാവനയുടെ ലോകത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കൂടുതല്‍ അടുത്തു നില്‍ക്കാനുള്ള പ്രവണതയായിരിക്കാം കാരണം. ഏതായാലും മദ്ധ്യവയസ്സു പിന്നിട്ട കൈമള്‍ ജീവിതത്തില്‍ തീരെ റൊമാന്‍റിക്കല്ല. ഇടയ്ക്കിടെ പണിമുടക്കുന്ന കൈമളിന്‍റെ പഴയ അംബാസിഡര്‍ കാര്‍ വീട്ടില്‍ത്തന്നെ പരമാവധി ചടഞ്ഞുകൂടാനിഷ്ടപ്പെടുന്ന അദ്ദേഹത്തിന്‍റെ ചലനരാഹിത്യത്തിന്‍റെ പ്രതീകം തന്നെയാണ്. കുടുംബത്തിന്‍റെ സര്‍വ്വാധിപത്യവും സാമ്പത്തിക പരമാധികാരവും കയ്യാളുന്ന ഭര്‍തൃ-പിതൃ സ്വരൂപമായ കൈമള്‍ സ്വാഭാവികമായും ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും തികഞ്ഞ അച്ചടക്കമാണ് പ്രതീക്ഷിക്കുന്നത്. ബാലന്‍റെ സുന്ദരിയായ ഭാര്യ വേണി അയാളുടെ സുഹൃത്ത് മഹേഷ് (മുരളി) പുതുതായി ആരംഭിച്ച പരസ്യക്കമ്പനിയില്‍ ജോലിക്കു പോകുന്നു എന്നറിയുമ്പോള്‍ തികഞ്ഞ യാഥാസ്ഥിതിക മനോഭാവത്തോടെ കൈമള്‍ അതിനെ മൃദുവായി ചോദ്യം ചെയ്യുന്നുമുണ്ട്.

ഭര്‍ത്താവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അദ്ദേഹത്തിന്‍റെ വിരസമായ ദിനചര്യകള്‍ ആവര്‍ത്തിക്കാന്‍ സഹായിക്കുക എന്ന ജോലി മാത്രം നിര്‍വ്വഹിച്ചു ജീവിക്കുന്ന സുശീല തന്‍റെ അസംതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിക്കുന്നത് ഒരു തുള്ളി ചോര പോലും ചിന്താത്ത അക്രമാസക്തിയോടെയാണ്. ആരോടും ഒരക്ഷരം പോലും പറയാതെ ഒരു ദിവസം വീട്ടില്‍ നിന്നിറങ്ങിപ്പോകുകയാണ് സുശീല. ഒരു ദിവസം കൈമള്‍ ഓഫീസില്‍ നിന്നു വരുമ്പോള്‍ ഭാര്യ  വീട്ടിലില്ല. സ്കൂള്‍ വിട്ടു വന്ന കുട്ടികള്‍ക്കുമറിയില്ല, അമ്മ എവിടെപ്പോയെന്ന്. സുന്ദരിയും സുശീലയുമായ വീട്ടമ്മ എന്ന ചമയം  അഴിച്ചു വച്ച് ഗിരി എന്നു പേരുള്ള ഒരു കാര്‍ മെക്കാനിക്കിന്‍റെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു അവര്‍. തികച്ചും അപ്രതീക്ഷിതമായുണ്ടാകുന്ന ഈ ആഘാതം കൈമളിനെ മാത്രമല്ല, കാണികളെയും പിടിച്ചുലയ്ക്കുന്നു. അതുവരെയുള്ള ആണ്‍കാഴ്ചകളില്‍ നിന്ന് സിനിമയുടെ ഫോക്കസ് മാറുന്ന നിമിഷമാണത്. കൈമളിന്‍റെ കാര്‍ സ്ഥിരമായി റിപ്പയര്‍ ചെയ്യാറുള്ള ഗിരിക്ക് സുശീലയേക്കാള്‍ പ്രായം കുറവാണ്. കൈമളുടെ പഴഞ്ചന്‍ അംബാസിഡര്‍ കാറിനു പകരം പുതിയൊരു വാഹനം അദ്ദേഹത്തിനു വില്‍ക്കാന്‍ ശ്രമിച്ചു കൊണ്ട് ഗിരി വീട്ടില്‍ വരുന്ന ഒരു സീന്‍ തുടക്കത്തിലുണ്ട്. പുതിയ വാഹനം നിരസിച്ച് ഗിരിയെ പറഞ്ഞയക്കുന്ന കൈമള്‍ പിന്നീട് അസുഖകരമായ ഒരുപാടു യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നു. പകലുകളില്‍ വീട്ടില്‍ ഒറ്റയ്ക്കാകുന്ന സുശീലയ്ക്ക് ഗിരിയുമായി നിരന്തര സമ്പര്‍ക്കമുണ്ടായിരുന്നു എന്നും അടുക്കളയില്‍ വരെ അയാള്‍ പ്രവേശിച്ചിരുന്നെന്നും അവിടെ വച്ച് അവര്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകപോലും ചെയ്തിട്ടുണ്ടാകാമെന്നും കൈമള്‍ മനസ്സിലാക്കുന്നു. ഭാര്യയുടെ ഇറങ്ങിപ്പോക്ക് സൃഷ്ടിച്ച ശൂന്യതയും അപമാനവും സഹിച്ചുകൊണ്ടുതന്നെ ജീവിതം മുന്നോട്ടു കൊണ്ടു പോകാനാണ് കൈമള്‍ തീരുമാനിക്കുന്നത്. കാരണം, മറ്റെന്തിനേക്കാള്‍ അദ്ദേഹം വിലമതിക്കുന്നത് തന്‍റെ മാന്യതയെയാണ്.


സുശീലയെ പിന്തിരിപ്പിച്ചു മടക്കിക്കൊണ്ടു വരാന്‍ വേണ്ടി രാത്രിയില്‍ നഗരത്തിലെ അല്പം കുപ്രസിദ്ധമായ തെരുവിലുള്ള ഗിരിയുടെ വാസസ്ഥലത്തെത്തുന്ന ബാലന്‍ പറയുന്നു - "ഇപ്പോഴും വൈകിയിട്ടില്ല."

"അതു ബാലന് തോന്നുന്നതാ. ഇപ്പോത്തന്നെ വൈകി. ബാലന്‍ പൊയ്ക്കോളൂ," എന്നാണ് സുശീലയുടെ അചഞ്ചലമായ മറുപടി. ഇറങ്ങിപ്പോക്കിനു മുമ്പു വരെ ഒരിക്കലും ഒച്ചയുയര്‍ത്തിപ്പോലും സംസാരിച്ചിട്ടില്ലാത്ത സുശീലയുടെ വികാരവിക്ഷോഭം വെളിപ്പെടുന്ന ആദ്യ സന്ദര്‍ഭം. ഉത്തമകുടുംബിനിയായി അഭിനയിക്കാന്‍ വിധിക്കപ്പെട്ട സുശീല നടത്തിയ, ഒരേ സമയം നിശ്ശബ്ദവും അക്രമാസക്തവുമായ സ്വാതന്ത്ര്യപ്രഖ്യാപനത്തോടുള്ള ആദ്യത്തെ പുരുഷപക്ഷ പ്രതികരണം ബാലന്‍റെയും വേണിയുടെയും സുഹൃത്ത് മഹേഷിന്‍റേതാണ് - "I think she was frustrated sexually. She needed a strong man.That's very clear."

സുശീലയുമൊത്തുള്ള ജീവിതത്തെക്കുറിച്ച് പിന്നീട് ബാലനോട് ഗിരി പറയുന്നു -  "നേരു പറഞ്ഞാല്‍ എനിക്കു മടുത്തു. മുമ്പത്തേപ്പോലൊക്കെത്തന്നെ കഴിഞ്ഞാ മതിയായിരുന്നു. ഇതിപ്പോ ഒരു സ്വൈര്യക്കേടായി. ഈ കുടുംബജീവിതം എന്നൊക്കെപ്പറയുന്നത് എന്നെക്കൊണ്ടൊന്നും പറ്റില്ല. വീട്ടില്‍ നിന്നു പത്താമത്തെ വയസ്സില്‍ ഇറങ്ങിപ്പോന്നവനാ ഞാന്‍. പിന്നീടങ്ങോട്ടു മടങ്ങിപ്പോയിട്ടുമില്ല. സ്നേഹിക്കാനൊന്നും എനിക്കറിയില്ല.."

മക്കളെ അടുക്കിപ്പിടിച്ചു കൊണ്ടുള്ള കൈമളുടെ ജീവിതം ഒട്ടൊരു ക്രൂരമായ ആനന്ദത്തോടെ നോക്കിനിന്നു പരിഹസിക്കുന്ന അയല്‍ക്കാര്‍.. കൃത്രിമമായ ദുഃഖപ്രകടനത്തോടെ ആശ്വസിപ്പിക്കാനെത്തുന്ന തോമസും ഭാര്യയും.. എല്ലാവരും പഴിക്കുന്നത് സുശീലയെ. ഒപ്പം കൈമളിന്‍റെ കഴിവുകേടിനെയും. ബാലന്‍റെ ഭാര്യ വേണിയാണ് ഏറ്റവും യാഥാര്‍ത്ഥ്യബോധത്തോടെ പ്രതികരിക്കുന്നത്. "മാന്യത പോകുന്നതാണ് സാറിന്‍റെ പ്രശ്നം. മാന്യതയ്ക്ക് അടങ്ങിയൊതുങ്ങിക്കഴിയുന്ന ഒരു ഭാര്യയും വേണമല്ലോ. എല്ലാം ഇട്ടേച്ചു പോയ സുശീലച്ചേച്ചിയുടെ ഭാഗമൊന്ന് ആലോചിച്ചു നോക്കണം. എങ്ങനെയൊള്ള ജീവിതമാ കിട്ടുകാന്ന് ആര്‍ക്കറിയാം. എല്ലാരും കുറ്റപ്പെടുത്തുകയല്ലേയുള്ളൂ. എല്ലാരുടെ കണ്ണിലും തെറ്റുകാരി. പിഴച്ചവള്‍.. "

വേണിയുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ല. സുശീലയെ ഗിരിക്ക് വേഗം മടുത്തു. വീട്ടുവേലയില്‍ സഹായിക്കാനെന്ന മട്ടില്‍ അയാള്‍ മറ്റൊരു ചെറുപ്പക്കാരിയെ കൂട്ടിക്കൊണ്ടു വരികയും സുശീലയുടെ സാന്നിദ്ധ്യം പോലും വകവയ്ക്കാതെ അവളുമായി ശാരീരിക വേഴ്ച നടത്തുകയും ചെയ്യുന്നു. സുശീലയുടെ സ്വാതന്ത്ര്യമോഹത്തിന്‍റെ ചീട്ടുകൊട്ടാരം തകര്‍ന്നു വീഴുന്നു.

യഥാതഥത്വത്തിന്‍റെ കാര്‍ക്കശ്യത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത സിനിമയാണ് മറ്റൊരാള്‍. വര്‍ഷങ്ങളായി ഉള്ളില്‍ പുകയുന്ന അസംതൃപ്തിയുടെ ലാവ നിറഞ്ഞ അഗ്നിപര്‍വ്വതങ്ങളാണ് പല ദാമ്പത്യങ്ങളുമെന്ന് മുഖത്തടിച്ച പോലെ തുറന്നു പറയുന്ന സിനിമ. (ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരും ഈ കുറിപ്പു വായിക്കുമെന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങളിലേയ്ക്കു കടക്കുന്നില്ല.

കെട്ടിക്കിടക്കുന്ന തടാകം പോലെ ഓളങ്ങളില്ലാത്ത കുടുംബജീവിതമാണ് ആദര്‍ശാത്മകമെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്ന കൈമളിനുള്ളിലെ വേദനിക്കുന്ന മനുഷ്യനെ ആവിഷ്കരിക്കുന്ന സന്ദര്‍ഭങ്ങളും സിനിമയിലുണ്ട്. കടപ്പുറത്ത് ബാലനുമൊത്തിരിക്കുമ്പോള്‍ കൈമള്‍ പറയുന്നു.. "മനുഷ്യന്‍റെ ഏറ്റവും വലിയ പ്രശ്നം വിശപ്പല്ല, ഏകാന്തതയാണ്. ഏകാകിയായിരിക്കുമ്പോഴേ അതു മനസ്സിലാകൂ.. " ഒരു സന്ദര്‍ഭത്തില്‍ ഭാര്യയെ കൊല്ലണമെന്ന ദൃഢനിശ്ചയത്തോടെ മൂര്‍ച്ചയുള്ള കത്തിയുമായി ഇറങ്ങിത്തിരിക്കുന്ന കൈമള്‍ പിന്നീട് അതീവദുഃഖത്തോടെ പറയുന്നു: "ഇതായല്ലോ ബാലാ, അവളുടെ ഗതി. അവളൊരു പാവമായിരുന്നു. വെറും പാവം. ഒന്നുമറിഞ്ഞു കൂടായിരുന്നു. അവളെ കൊല്ലുന്നത് ഒരാട്ടിന്‍കുട്ടിയെ കൊല്ലുന്നതു പോലെയാണ്. കൊല്ലേണ്ടത് അവനെയാണ്.. "

സി വി ബാലകൃഷ്ണനും കെ ജി ജോര്‍ജ്ജും ചേര്‍ന്നെഴുതിയ തിരക്കഥയിലെ ഒരു മുഹൂര്‍ത്തം പോലും അനാവശ്യമായി അനുഭവപ്പെടുന്നില്ല. തികച്ചും അനായാസമായി, കൃത്രിമനാടകീയതയുടെ ഒരു നിമിഷം പോലും സൃഷ്ടിക്കാതെ പ്രമേയത്തിന്‍റെ കാതലിലേയ്ക്കു പ്രവേശിക്കുകയും പ്രേക്ഷകനെ കൂടെക്കൊണ്ടു പോകുകയും ചെയ്യുന്നു, ഈ സിനിമ. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിന്‍റെ വീര്‍പ്പുമുട്ടലില്‍ നിന്ന് സുശീല ഇറങ്ങിപ്പോക്കു നടത്തിയ ദിവസം കിടപ്പുമുറിയില്‍ വച്ച് ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം പരസ്പരം വിശ്വസിപ്പിക്കാനെന്ന പോലെ തമ്മില്‍പ്പുണര്‍ന്നു ചേര്‍ന്നു കിടക്കുന്ന ബാലന്‍റെയും വേണിയുടെയും ദൃശ്യത്തിന് വാചാലമായ ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. കാരണം, അവരുടെ ദാമ്പത്യം തുടങ്ങിയിട്ടേയുള്ളൂ.

ദാമ്പത്യജീവിതത്തെ കൈവിട്ടുപോകാതെ വാരിപ്പുണരുമ്പോഴും, സുശീല വീട്ടിലേയ്ക്കു മടങ്ങി വന്നതു കൊണ്ടു പ്രയോജനമുണ്ടാകില്ലെന്ന് വേണിയിലെ പ്രായോഗികബുദ്ധിയുള്ള സ്ത്രീ നിരീക്ഷിക്കുന്നുണ്ട് - "വീടു നിറയെ വിങ്ങലായിരിക്കും. ഒരു ഭാഗത്തു കുറ്റബോധം. മറുഭാഗത്തു കുറ്റപ്പെടുത്തല്‍. ഒന്നും പറയുമായിരിക്കില്ല. പക്ഷേ, അതങ്ങനെ തന്നെയുണ്ടാകും, എപ്പോഴും."

ആര്‍ത്തലയ്ക്കുന്ന കടലിനെ നോക്കിക്കൊണ്ട് സ്ട്രിന്‍ഡ്ബെര്‍ഡിന്‍റെ നാടകത്തിലെ ഒരു സംഭാഷണം കൈമള്‍ ഓര്‍ത്തെടുക്കുന്നുണ്ട് - "ഞാനൊരിക്കല്‍ ഒരു കൊച്ചു കുട്ടിയോടു ചോദിച്ചു, കടലിന് ഇത്രയും ഉപ്പുരസം എന്തു കൊണ്ടാണെന്ന്. അവന്‍ പറഞ്ഞു. സമുദ്രസഞ്ചാരികള്‍ മിക്കവാറും എപ്പോഴും കരയുന്നതു കൊണ്ടാണെന്ന്.." മനുഷ്യന്‍ സ്വയമറിയാതെ സൃഷ്ടിക്കുന്ന വൈയക്തിക ദുരന്തത്തിന്‍റെ പ്രതീകങ്ങളാണ് കൈമളും സുശീലയും.

അവനവന്‍ തീര്‍ക്കുന്ന അരക്കില്ലങ്ങളായി മാറുന്ന ബന്ധങ്ങളെക്കുറിച്ച് ക്രാന്തദര്‍ശിത്വത്തോടെ കെ ജി ജോര്‍ജ്ജ് സംസാരിച്ച സിനിമയാണ് മറ്റൊരാള്‍. മുപ്പത്തിരണ്ടു വര്‍ഷം മുമ്പ് കാലം തെറ്റിപ്പിറന്ന മറ്റൊരു മലയാള സിനിമ.

എഴുപത്തിയഞ്ചാം വയസ്സിലേയ്ക്കു കടന്ന പ്രിയപ്പെട്ട ജോര്‍ജ്ജ് സാറിന് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു...

Contact the author

K B Venu Karakkatt

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More