കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഇന്ന് അഞ്ചിടങ്ങളിലാണ് രാഹുല്‍ പ്രചാരണം നടത്തുക. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടുക. പുല്‍പ്പളളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും മൂന്ന് റോഡ് ഷോകളിലും രാഹുല്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചരയോടെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മെഗാറാലിയിലും അദ്ദേഹം പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കും. ഏപ്രില്‍ ആദ്യവാരം പത്രിക സമര്‍പ്പണത്തിനായി രാഹുല്‍ വയനാട്ടില്‍ എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലുണ്ട്. ഞായറാഴ്ച്ച ഒന്‍പതുമണിയോടെ കൊച്ചിയിലെത്തിയ മോദി തിരുവനന്തപുരം, തൃശൂര്‍, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കും. പിന്നീട് തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. നേരത്തെ മാര്‍ച്ച് 19-ന് പാലക്കാട്ടും പത്തനംതിട്ടയിലും പ്രചാരണത്തിനായി എത്തിയിരുന്നു.