ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങളില്‍ മൗനം പാലിച്ച പ്രധാനമന്ത്രിയാണ് ഇപ്പോള്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്ന് എം കെ സ്റ്റാലിന് പറഞ്ഞു. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെവിട്ടപ്പോഴും മണിപ്പൂരില്‍ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളായപ്പോഴും ബിജെപി എംപി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ പ്രതിഷേധിച്ചപ്പോഴും മോദി മൗനവ്രതത്തിലായിരുന്നെന്ന് എംകെ സ്റ്റാലിന് കുറ്റപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'അടുത്തിടെയായി സ്ത്രീസുരക്ഷയെക്കുറിച്ചും ശാക്തീകരണത്തെക്കുറിച്ചും മോദി ധാരാളമായി സംസാരിക്കുന്നുണ്ട്. എന്നാല്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിക്കുന്ന സമയത്തും ബിജെപി നേതാവ് ബ്രിജ് ഭൂഷനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ലൈംകികാരോപണം ഉന്നയിച്ച സമയത്തും മൗനം പാലിച്ചയാളാണ് മോദി. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയപ്പോള്‍, അവര്‍ കൂട്ടബലാത്സംഗത്തിനിരകളായപ്പോള്, ജമ്മു കശ്മീരില്‍ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളെ പിന്തുണച്ചുളള റാലിയില്‍ 2 ബിജെപി മന്ത്രിമാര്‍ പങ്കെടുത്തപ്പോള്‍, ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് ലൈംഗികാതിക്രമ കേസില്‍ പ്രതികളായപ്പോള്‍, ഉന്നാവോ, ഹഥ്രസ് പെണ്‍കുട്ടികളുടെ കുടുംബങ്ങളോട് അനീതിയുണ്ടായപ്പോള്‍ ഒക്കെ മോദി മൗനത്തിലായിരുന്നു.'-എം കെ സ്റ്റാലിന് പറഞ്ഞു. മധുര ലോക്സഭാ സ്ഥാനാര്‍ത്ഥി സു. വെങ്കിടേശന്, ശിവഗംഗ സ്ഥാനാര്‍ത്ഥി കാര്‍ത്തി പി ചിദംബരം എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.