ഡല്‍ഹി: ബീഫ് കഴിക്കാറില്ലെന്ന പരാമര്‍ശത്തില്‍ വെട്ടിലായി നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണാ റണാവത്ത്. താന്‍ ബീഫോ മറ്റേതെങ്കിലും റെഡ് മീറ്റുകളോ കഴിക്കാറില്ലെന്നും ദശാബ്ദങ്ങളായി ആയുര്‍വ്വേദ ജീവിത രീതി പിന്തുടരുന്നയാളാണെന്നും കഴിഞ്ഞ ദിവസം കങ്കണ പറഞ്ഞിരുന്നു. ഇതോടെ ബീഫ് കഴിക്കുന്നത് തെറ്റല്ലെന്ന് പറയുന്ന കങ്കണയുടെ പഴയ ട്വീറ്റുകളും മാംസാഹാരം കഴിക്കുന്ന അവരുടെ ചിത്രങ്ങളും കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ.
കങ്കണ ബീഫിനെക്കുറിച്ച് പങ്കുവെച്ച പോസ്റ്റുകളുടെ ചിത്രങ്ങള്‍ സഹിതമാണ് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ട്വീറ്റ്. താന്‍ ബീഫ് ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സസ്യാഹാരിയായി മാറിയതെന്നും കങ്കണ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് സുബൈര്‍ വ്യക്തമാക്കുന്നു. രാജസ്ഥാനിലെ മട്ടന്‍ വിഭവമായ ലാല്‍ മാന്‍സ് ഇഷ്ടമാണെന്നും അവര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. ലാല്‍ മാന്‍സ് എന്ന ബീഫ് കറി ഏത് പൗരാണിക വേദത്തിലാണ് ഉള്‍പ്പെട്ടിട്ടുളളതെന്ന് മുഹമ്മദ് സുബൈര്‍ കങ്കണയോട് ചോദിച്ചു. ബീഫുമായി ബന്ധപ്പെട്ട് കങ്കണ നല്കിയ അഭിമുഖങ്ങളുടെയും മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെയും കുറിപ്പുകളുടെയും സ്ക്രീന്‍ഷോട്ടുകളും സുബൈര്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഞാന്‍ വീടുവിട്ടിറങ്ങിയപ്പോള്‍ അമ്മ ആവശ്യപ്പെട്ട ഏക കാര്യം ബീഫ് കഴിക്കരുത് എന്നാണ്. 'നമ്മള് ഹിന്ദുക്കളാണ്. അതുകൊണ്ട് ബീഫ് കഴിക്കരുത് എന്ന് അമ്മ പറഞ്ഞു. എനിക്കത് കഴിക്കാന്‍ ആവേശമായി. ബീഫില്‍ എന്തോ കാര്യമായി ഉണ്ടെന്ന് എനിക്ക് തോന്നി. എന്നോട് കഴിക്കരുതെന്ന് പറഞ്ഞു. അതുകൊണ്ട് ഞാന്‍ കഴിച്ചു. എനിക്കത് ഒരുപാടിഷ്ടമായി. ഞാനിപ്പോള്‍ നിരന്തരം ബീഫ് കഴിക്കാറുണ്ട്'-എന്നാണ് കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
കങ്കണ ബീഫ് കഴിക്കുമെന്നറിയാതെയാണ് ബിജെപി അവരെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. താന്‍ അഭിമാനിയായ ഹിന്ദുവാണെന്നും ബീഫ് കഴിക്കാറേയില്ലെന്നുമാണ് കങ്കണ നല്കിയ മറുപടി. ഇതോടെയാണ് അവര്‍ ബീഫ് കഴിക്കുന്നതിന്റെ ചിത്രങ്ങളുള്‍പ്പെടെ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്.