കെജ്‌റിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ആം ആദ്മി പാർട്ടി ; അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധം

ഡല്‍ഹി: അറസ്റ്റ് ചെയ്താലും ജയിലിലടച്ചാലും അരവിന്ദ് കെജ്‌റിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്ന് ആം ആദ്മി പാര്‍ട്ടി. രാജ്യസ്‌നേഹിയായ കെജ്‌റിവാള്‍ ഭയപ്പെടില്ലെന്നും അദ്ദേഹം ജയിലില്‍ ഇരുന്ന് ഡല്‍ഹി ഭരിക്കുമെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. 'അരവിന്ദ് കെജ്‌റിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തുടരും. അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഗൂഢാലോചനയാണ് അറസ്റ്റ്. രണ്ടുവര്‍ഷം മുന്‍പ് കേസിന്റെ അന്വേഷണം ആരംഭിച്ചതു മുതല്‍ ആംആദ്മി നേതാക്കളുടെയും മന്ത്രിമാരുടെയും വസതികളിലും ഓഫീസുകളിലുമായി ആയിരത്തിലധികം റെയ്ഡുകള്‍ നടത്തിയിട്ടും ഒരു രൂപ പോലും കണ്ടെടുക്കാന്‍ ഇഡിക്കോ സി ബി ഐയ്‌ക്കോ സാധിച്ചിട്ടില്ല'- അതിഷി പറഞ്ഞു.

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ നേതാക്കളും രംഗത്തെത്തി. പേടിച്ചരണ്ട സ്വേഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. 'പാര്‍ട്ടികളെ തകര്‍ക്കുക, കമ്പനികളില്‍ നിന്ന് പണം തട്ടുക, മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുക തുടങ്ങി ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നതും പതിവാക്കിയിരിക്കുകയാണ്. ഇതിന് തക്കതായ മറുപടി ഇന്ത്യ നല്‍കും'- രാഹുല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വതന്ത്ര്യ ഇന്ത്യയില്‍ ഇത്രയും നാണംകെട്ട സംഭവങ്ങള്‍ കണ്ടിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ബിജെപിയുടെ പരാജയഭീതി വ്യക്തമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ജനരോഷം നേരിടാന്‍ ഒരുങ്ങിക്കോളൂ എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ബിജെപിയോട് പറഞ്ഞത്. മോദിയും ബിജെപിയും പരാജയഭീതിയില്‍ പ്രതിപക്ഷവേട്ട നടത്തുകയാണെന്നും ഇഡി നടപടി ഇന്ത്യാ സഖ്യത്തിന്റെ നിശ്ചയദാര്‍ഢ്യം വര്‍ധിപ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുളള ത്വരയുടെ ഭാഗമാണ് നടപടിയെന്നും ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിലൂടെ തെളിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ബിജെപിയുടേത് തോല്‍വി ഭയന്നുളള നീക്കമാണ് എന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. 

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഇഡി അരവിന്ദ് കെജ്‌റിവാളിനെ അറസ്റ്റ് ചെയ്തത്. രണ്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. മുഖ്യമന്ത്രിയുടെ അറസ്റ്റിനു പിന്നാലെ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം, കെജ്‌റിവാളിന്റെ അറസ്റ്റിനെതിരെ ആംആദ്മി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Contact the author

National Desk

Recent Posts

Web Desk 27 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More