ഡല്‍ഹി: കേരളാ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. കേരളത്തെ സൊമാലിയയുമായി ഉപമിച്ചയാളാണ് നരേന്ദ്രമോദിയെന്നും പ്രസ്താവന തിരുത്തി സംസ്ഥാനത്തെ ജനങ്ങളോട് മാപ്പുപറയാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ജയ്റാം രമേശ് പറഞ്ഞു. എക്സിലൂടെയായിരുന്നു ജയ്റാം രമേശിന്റെ പ്രതികരണം. പ്രധാനമന്ത്രി തുടര്‍ച്ചയായി കേരളവും തമിഴ്നാടും സന്ദര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'തുടര്‍ച്ചയായി കേരളവും തമിഴ്നാടും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ബാധ്യസ്ഥനാണ്. അദ്ദേഹം സൊമാലിയയുമായി താരതമ്യം ചെയ്ത സംസ്ഥാനമാണ് കേരളം. വികസന സൂചികകളില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ മികച്ചതാണ് കേരളത്തിന്റെ പ്രകടനം. തെറ്റിദ്ധാരണാജനകമായ അഭിപ്രായപ്രകടനം നടത്തിയതിന് പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയാന്‍ തയ്യാറാകുമോ?'-ജയ്റാം രമേശ് ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നരേന്ദ്രമോദി എത്ര തവണ കേരളം സന്ദര്‍ശിക്കുന്നുവോ കോണ്‍ഗ്രസിന് അത്രയും സീറ്റ് കൂടുതല്‍ കിട്ടുമെന്നും അദ്ദേഹം കേരളാ സന്ദര്‍ശനം തുടരണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. 2016-ല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് കേരളത്തിലെത്തിയപ്പോഴായിരുന്നു മോദി സംസ്ഥാനത്തെ സൊമാലിയയുമായി താരതമ്യം ചെയ്തത്. ശിശുമരണ നിരക്കില്‍ സൊമാലിയയാണ് ലോകത്ത് ഒന്നാമത്. സൊമാലിയയോട് മത്സരിക്കുന്ന കണക്കുകളാണ് കേരളത്തില്‍ നിന്നും പുറത്തുവരുന്നത് എന്നാണ് അന്ന് മോദി പറഞ്ഞത്.