ഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീംകോടതി ആം ആദ്മി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. ബാലറ്റ് അസാധുവാക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയ കോടതി, പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മഹിസിനെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. 'ബാലറ്റ് വികലമായിരുന്നില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബാലറ്റ് കുത്തിവരച്ച് വികൃതമാക്കിയ വരണാധികാരിയുടേത് കുറ്റകരമായ പെരുമാറ്റമാണ്. ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ അനുവദിക്കില്ല. കര്‍ശന നടപടി സ്വീകരിക്കും'- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.
ചണ്ഡീഗഡ് നഗരസഭയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യത്തിന് 20 അംഗങ്ങളുണ്ട്. ബിജെപിക്ക് 16 പേരുടെ പിന്തുണയാണുളളത്. എന്നാല്‍ 8 കൗണ്‍സിലര്‍മാരുടെ വോട്ട് അസാധുവാക്കിയാണ് ബിജെപി മേയര്‍ സ്ഥാനം ജനുവരി 30-ന് പിടിച്ചെടുത്തത്. അതിനുപിന്നാലെ ബിജെപി നോമിനേറ്റഡ് കൗണ്‍സിലറായ അനില്‍ ബാലറ്റ് പേപ്പറുകള്‍ കുത്തിവരച്ച് വികൃതമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ അനില്‍ താന്‍ പേപ്പറുകളില്‍ ഗുണന ചിഹ്നമിട്ടു എന്ന് സമ്മതിച്ചു. അസാധുവായ ബാലറ്റുകള്‍ തിരിച്ചറിയാനായിരുന്നു അതെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ അത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബുദ്ധിമുട്ടേറിയ കാലത്ത് ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീംകോടതിക്ക് നന്ദിയെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്റിവാള്‍ പറഞ്ഞു. ബിജെപി നടത്തിയത് വൃത്തികെട്ട അട്ടിമറിയാണെന്നും സുപ്രീംകോടതി ജനാധിപത്യത്തെ സംരക്ഷിച്ചുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഗൂഢാലോചനകള്‍ക്കു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.