ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപവത്കരിച്ച ഇന്ത്യാ സഖ്യത്തിന് വീണ്ടും തിരിച്ചടി. പഞ്ചാബിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. 10-15 ദിവസങ്ങള്‍ക്കുളളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും പഞ്ചാബിലും ചണ്ഡീഗഡിലും ഇന്ത്യാ മുന്നണി സഖ്യമുണ്ടാകില്ലെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. പഞ്ചാബിലെ ഖന്നയില്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രണ്ടുമാസത്തിനുളളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കും. പഞ്ചാബില്‍ 13 സീറ്റുകളും ചണ്ഡീഗഡില്‍ ഒരു സീറ്റുമാണ് ഉളളത്. അടുത്ത 10-15 ദിവസങ്ങള്‍ക്കുളളില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഈ 14 സീറ്റുകളിലും എഎപിയുടെ സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം. നിങ്ങള്‍ ഞങ്ങളുടെ കൈകള്‍ എത്രത്തോളം ശക്തമാക്കുന്നുവോ അത്രത്തോളം കൂടുതല്‍ ഞങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കഴിയും. രണ്ടുവര്‍ഷം മുന്‍പ് പഞ്ചാബിലെ 117-ല്‍ 92 സീറ്റുകള്‍ നല്‍കി നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിച്ചു. ഇപ്പോള്‍ വീണ്ടും നിങ്ങളുടെ അനുഗ്രഹം ചോദിക്കുകയാണ്'- അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുളള തീരുമാനം എഎപിയും വ്യക്തമാക്കിയത്.