ലക്നൗ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മ്മിച്ച രാമക്ഷേത്രത്തിന് സമീപം ഔട്ട്ലെറ്റ് തുടങ്ങാന്‍ കെഎഫ്സിക്ക് (കെന്റുക്കി ഫ്രൈഡ് ചിക്കന്‍) അനുമതി നല്‍കാമെന്ന് ജില്ലാ അധികൃതര്‍. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം വില്ക്കാന് പറ്റുമെങ്കില്‍ കെഎഫ്സിയ്ക്ക് അയോധ്യയില്‍ കട തുറക്കാമെന്ന് അയോധ്യാ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു. രാമക്ഷേത്രത്തിന് പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ പഞ്ച് കോശി മാര്‍ഗ് എന്ന പാതയില്‍ മദ്യവും മാംസവും നിരോധിച്ചിട്ടുണ്ട്.
'അയോധ്യ-ലക്നൗ ഹൈവേയില്‍ കെഎഫ്സി അവരുടെ യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. അവിടെ മാംസാഹാരങ്ങള്‍ വില്ക്കാന് ഞങ്ങള്‍ അനുവദിക്കില്ല. സസ്യ ഭക്ഷണങ്ങള്‍ മാത്രം വില്‍ക്കാമെന്ന് അവര്‍ സമ്മതിക്കുകയാണെങ്കില്‍ ഞങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യും. വലിയ ഭക്ഷ്യവിതരണ കമ്പനികളില്‍ നിന്ന് ഞങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുന്നുണ്ട്. അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഒരേയൊരു നിബന്ധന മാത്രമേയുളളു. അവര്‍ പഞ്ച് കോശിക്കുളളില് മാംസം വില്‍ക്കരുത്'- അയോധ്യയിലെ സര്‍ക്കാര്‍ പ്രതിനിധിയായ വിശാല്‍ സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അയോധ്യാ രാമക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെയായി ഡോമിനോസ് അടുത്തിടെ ഒരു ഔട്ട്ലെറ്റ് തുറന്നിരുന്നു. രാമക്ഷേത്രത്തെ രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഏപ്രില്‍ പതിനേഴോടെ സന്ദര്‍ശകരുടെ എണ്ണം 10-12 ലക്ഷം കവിയുമെന്നാണ് കണക്കുകൂട്ടല്‍. 2020 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്കാണ് യുപി സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.