കൊല്‍ക്കത്ത: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍ഡിഎയ്‌ക്കൊപ്പം പോയാലും ഇന്ത്യാ സഖ്യത്തെ അത് ബാധിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിതീഷ് കുമാറിന്റെ വിശ്വാസ്യതയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം മുന്നണി വിട്ടാല്‍ തേജസ്വി യാദവിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. രാജ്ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
'നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് പോയാല്‍ ഇന്ത്യാ മുന്നണിയുടെ വലിയൊരു തലവേദനയാണ് ഒഴിവാകുക. ബിഹാര്‍ മഹാസഖ്യത്തില്‍ നിന്ന് നിതീഷ് കുമാര്‍ ഇറങ്ങി പോയാല്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമല്ല നഷ്ടം. ബിഹാറിലെ ജനങ്ങളുടെ കണ്ണില്‍ നിതീഷ് കുമാറിന്റെ വിശ്വാസ്യത നഷ്ടമായി. നിതീഷ് പോയാല്‍ തേജസ്വി യാദവിന് സുഗമമായി ബിഹാറില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും'- മമതാ ബാനര്‍ജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം. നിതീഷ് കുമാര്‍ ഞായറാഴ്ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയുടെ രണ്ട് നേതാക്കള്‍ ഉപമുഖ്യമന്ത്രിമാരാകും. നിലവിലെ മഹാസഖ്യ സര്‍ക്കാര്‍ നിതീഷ് പിരിച്ചുവിടും എന്നൊക്കെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി നിതീഷ് കുമാര്‍ കഴിഞ്ഞയാഴ്ച്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിനുപിന്നാലെയാണ് അദ്ദേഹം സഖ്യം വിടുകയാണെന്ന അഭ്യൂഹം ശക്തമായത്.