ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ ഇന്ത്യാ മുന്നണിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്നണിയുടെ അധ്യക്ഷനാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ആള് വരട്ടെയെന്ന നിലപാടിലായിരുന്നു നിതീഷ് കുമാര്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് നേതാക്കള്‍ നിര്‍ണ്ണായക യോഗം ചേര്‍ന്നത്.
യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും എസ്പി നേതാവ് അഖിലേഷ് യാദവും പങ്കെടുത്തില്ല. ഓണ്‍ലൈന്‍ യോഗം പെട്ടെന്ന് വിളിച്ചുചേര്‍ത്തതാണെന്നും മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികള്‍ ഉളളതിനാലാണ് വിട്ടുനിന്നതെന്നും ഇരുനേതാക്കളും അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസിന് യുപിയില്‍ 9 സീറ്റ് വരെ നല്‍കാമെന്ന് എസ്പി യോഗത്തില്‍ അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാളെ മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഭാരത് ജോഡോ യാത്ര 136 ദിവസമെടുത്ത് 12 സംസ്ഥാനങ്ങളിലൂടെ നാലായിരത്തിലധികം കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുന്നതായിരുന്നു. എന്നാല്‍ ഭാരത് ജോഡോ ന്യായ് യാത്ര 66 ദിവസംകൊണ്ട് 6713 കിലോമീറ്റര്‍ ബസിലും കാല്‍നടയായും സഞ്ചരിക്കുന്നതാണ്.