ബംഗളുരു: മുന്‍ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഉടന്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് ഹിജാബ് നിരോധനമില്ലെന്നും സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ധരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൈസൂരുവില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇവിടെ ഹിജാബിന് നിരോധനമുണ്ടാവില്ല. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നതെല്ലാം നിങ്ങളുടെ ഇഷ്ടമാണ്. ഞാന്‍ എന്തിന് നിങ്ങളെ തടയണം? കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഇഷ്ടമുളളത് കഴിക്കാനും ഇഷ്ടമുളള വസ്ത്രം ധരിക്കാനുമുളള സ്വാതന്ത്ര്യമുണ്ട്. ഞാന്‍ മുണ്ട് ഉടുക്കുന്നു. നിങ്ങള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നു. അതിലെന്താണ് തെറ്റ്.'- സിദ്ധരാമയ്യ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2022-ലാണ് ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി നിരോധനം ശരിവെച്ചു. കേസ് സുപ്രീംകോടതിയിലെത്തിയെങ്കിലും ഭിന്നവിധിയാണുണ്ടായത്.