സുല്‍ത്താന്‍ ബത്തേരി: മുന്നണി മാറ്റ സാധ്യത തളളി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിഞ്ച് വഴിമാറാന്‍ ലീഗിന് കഴിയില്ലെന്നും മുസ്ലീം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ലീഗ് ജില്ലാ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഒരിഞ്ചുപോലും ലീഗ് മാറിനടക്കില്ല. ബാങ്കിന്റെ വാതിലില്‍ക്കൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല. മാറുന്നുണ്ടെങ്കില്‍ അത് തുറന്നുപറയും. യുഡിഎഫില്‍ ഉറച്ചുനില്ക്കാന് ലീഗിന് ഒരായിരം കാരണങ്ങളുണ്ട്. എന്നാല്‍ മുന്നണി മാറാന്‍ ഒരു കാരണവുമില്ല. വേറെ ആരെങ്കിലും അതിനായി വെളളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താന്‍ പോകുന്നില്ല'- സാദിഖലി തങ്ങള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ഹമീദ് കേരളാ ബാങ്ക് ഡയറക്ടര്‍ പദവി സ്വീകരിച്ചതും കാസര്‍ഗോഡ് നടന്ന നവകേരള സദസിന്റെ യോഗത്തില്‍ ലീഗ് നേതാവ് എന്‍ എ അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതും മുന്നണി മാറ്റ അഭ്യൂഹം ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന.