കോഴിക്കോട്: അനുമതിയുണ്ടെങ്കിലും ഇല്ലെങ്കിലും കോഴിക്കോട്ട് ഫലസ്തീന്‍ അനുകൂല റാലി നടത്തുമെന്ന് എം കെ രാഘവന്‍ എംപി. കോഴിക്കോട് കടപ്പുറത്തു തന്നെയാകും പരിപാടി നടത്തുകയെന്നും ശശി തരൂരുള്‍പ്പെടെയുളള നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'വേദി ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ ജില്ലാ ഭരണകൂടം അനുകൂല നിലപാടാണ് സ്വീകരിച്ചത്. പണം അടയ്ക്കാന്‍ ചെന്നപ്പോഴാണ് കടപ്പുറത്ത് വേദി അനുവദിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ഇത് തീര്‍ത്തും രാഷ്ട്രീയപരമാണ്. ഫലസ്തീന്‍ അനുകൂല പരിപാടി നടത്തുന്നില്ലെന്ന് വിമര്‍ശിക്കുന്ന സിപിഎം, അതിന് വേദി അനുവദിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നിഷേധിക്കുന്നു. ഇത് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്'- എം കെ രാഘവന്‍ എംപി പറഞ്ഞു.
കോണ്‍ഗ്രസ് നവംബര്‍ 23-ന് കോഴിക്കോട് കടപ്പുറത്ത് നടത്താനിരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കഴിഞ്ഞ ദിവസമാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നിഷേധിച്ചത്. നവംബര്‍ 25-നാണ് നവകേരള സദസ് നടത്താനിരിക്കുന്നത്. അമ്പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താനായിരുന്നു കെപിസിസി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് ജില്ലാ ഭരണകൂടം കോണ്‍ഗ്രസിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവകേരള സദസ് നിശ്ചയിച്ച വേദിയില്‍ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്നും കോണ്‍ഗ്രസിന് കോഴിക്കോട് ബീച്ചില്‍ മറ്റൊരു ഭാഗത്തായി ഫലസ്തീന്‍ റാലി നടത്തുന്നതിന് തടസമൊന്നുമില്ലെന്നും കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. 'ഫലസ്തീന്‍ റാലിക്ക് പറഞ്ഞ സ്ഥലത്ത് അനുമതി നിഷേധിച്ചത് നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ്. സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് റാലി നടത്തരുതെന്ന് മാത്രമാണ് പറഞ്ഞത്. കോണ്‍ഗ്രസിന് ബീച്ചില്‍ മറ്റൊരിടത്ത് റാലി നടത്തുന്നതിന് തടസമില്ല'- കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.